ആലപ്പുഴ: ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ച് വിവാഹം ആര്‍ഭാടമായി നടത്തിയവര്‍ക്കെതിരെ കേസെടുത്തു. തുടര്‍ന്ന് ആലപ്പുഴയില്‍ കല്ല്യാണം, യോഗങ്ങള്‍, പരിശീലനം, സെമിനാര്‍, പ്രാര്‍ത്ഥന തുടങ്ങിയവയ്‌ക്ക് 10 പേരില്‍ കൂടുതല്‍ ചേരുന്നത് നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. കൊവിഡ് 19 രോഗ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണിത്. സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
മാര്‍ച്ച് 15 ന് ആലപ്പുഴ പവര്‍ ടൗണ്‍ ഹാളില്‍ ആറാട്ടുവഴി തുണ്ടുപറമ്പില്‍ ഷമീര്‍ അഹമ്മദ് എന്നയാളുടെ മകളുടെ വിവാഹമാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് വിപുലമായ രീതിയില്‍ നടത്തിയത്. ഇദ്ദേഹത്തിന് തഹസില്‍ദാര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിവാഹത്തില്‍ 60 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കില്ലെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പ് ലംഘിക്കുകയും ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ പോലും സ്വീകരിക്കാതെ ആയിരത്തിലധികം ആളുകള്‍ വിവാഹത്തിന് പങ്കെടുക്കുകയായിരുന്നു. തുടര്‍ന്ന് ഷമീര്‍ അഹമ്മദിനെതിരെ തഹസില്‍ദാരുടെ നിര്‍ദ്ദേശപ്രകാരം ആലപ്പുഴ നോര്‍ത്ത് പോലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
















