സോള്‍: ലോകമാകെ കൊറോണ ഭീതിയില്‍ കഴിയവെ മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. രാവിലെ 6.45നും 6.50നും രണ്ടു മിസൈലുകളാണ് ഉത്തരകൊറിയ പരീക്ഷിച്ചത്. രണ്ടും ഹ്രസ്വദൂര മിസൈലുകളായിരുന്നു. ഉത്തരകൊറിയയുടെ നീക്കങ്ങളെ ദക്ഷിണ കൊറിയയും അമേരിക്കയും സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. കൊറോണ വൈറസിനെ നേരിടാന്‍ ലോകം ഒറ്റക്കെട്ടായി നില്‍ക്കുന്ന ഈ സമയം മിസൈല്‍ പരീക്ഷണത്തിന് തെരഞ്ഞെടുത്തത് നിര്‍ഭാഗ്യകരമെന്ന് ദക്ഷിണ കൊറിയ പ്രതികരിച്ചു.
ഉത്തര കൊറിയയുടെ മിസൈലുകള്‍ തങ്ങളുടെ അതിര്‍ത്തിക്ക് പുറത്ത് കടലില്‍ പതിച്ചതായി ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ഏപ്രിലില്‍ ജനപ്രതിനിധി സഭയായ സുപ്രീം പീപ്പിള്‍സ് അസംബ്ലി ചേരാനിരിക്കെ കൊറോണ മഹാമാരിക്കിടയിലും ആത്മവിശ്വാസം തെളിയിക്കാനുള്ള നടപടിയായിട്ടാണ് മിസൈല്‍ പരീക്ഷണത്തെ നിരീക്ഷകര്‍ വിലയിരുത്തുന്നത്.ഇതു തന്നെയാണ് തങ്ങളുടെ ലക്ഷ്യമെന്നും കിം ജോങ് ഉന്നിനോട് അടുത്ത വൃത്തങ്ങള്‍ അന്താരാഷ്‌ട്ര മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ മാസം ആദ്യവും ഉത്തരകൊറിയ രണ്ടുതവണ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: