കോഴിക്കോട്: കൊറോണ ബാധിച്ച കാസര്‍ഗോഡ് സ്വദേശിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനാവാതെ ജില്ലാ ഭരണകൂടം പ്രതിസന്ധിയില്‍. വിമാനത്തില്‍ വന്നിറങ്ങിയ ശേഷം എവിടെയൊക്കെ പോയി ആരെയൊക്കെ കണ്ടു എന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് ഇയാള്‍ മറുപടി പറയാന്‍ തയാറായിട്ടില്ല. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇയാള്‍ മലപ്പുറത്തുനിന്നും കോഴിക്കോട്ടും കാസര്‍കോട്ടേക്കുള്ള വഴിയിലും നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്.
എരിയാല്‍ സ്വദേശിയായ 47കാരന്‍ ദുബായില്‍ നിന്ന് കഴിഞ്ഞ 11ന് കരിപ്പൂരില്‍ വിമാനമിറങ്ങിയ ശേഷം ഒരു ദിവസം കോഴിക്കോട്ട് തങ്ങിയിരുന്നു. കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ മുറിയിടുത്ത ഇയാള്‍ നഗരത്തിലെ ഒരു ജ്വല്ലറിയിലെത്തി. സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട് ചിലര്‍ ഇയാളെ വന്ന് കാണുകയും ചെയ്തു. പിറ്റേന്ന് രാവിലെയാണ് ഇയാള്‍ മാവേലി എക്‌സ്പ്രസില്‍ കാസര്‍കോട്ടേക്ക് പോയത്. വിവരങ്ങള്‍ക്ക് മറച്ചുവെയ്‌ക്കുന്നതിനാല്‍ ഇയാള്‍ക്ക് സ്വര്‍ണ്ണക്കടത്ത് മാഫിയയുമായി ബന്ധമുണ്ടോയെന്ന് ജില്ലാ ഭരണകൂടം പരിശോധിക്കുന്നുണ്ട്.
വിവരങ്ങള്‍ മറച്ചു വെച്ചതിനാലും നിയന്ത്രണങ്ങള്‍ പാലിക്കാത്തതിന് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കാസര്‍കോട്കാരനായ ഇയാള്‍ കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളിലേക്ക് നടത്തിയ യാത്രയാണ് ദുരൂഹമായിരിക്കുന്നത്.
കോവിഡ് ബാധിതനായ ഇയാളുടെ യാത്രകളില്‍ ദുരൂഹതയുണ്ടെന്ന ജില്ലാ കലക്ടര്‍ ഡി.സജിത് ബാബുവും വ്യക്തമാക്കി. യാത്രയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഇയാള്‍ മറച്ചുവച്ചു. യാത്രകളുടെ കൃത്യമായ വിവരങ്ങള്‍ ഇയാള്‍ പറയാത്തതാണ് റൂട്ട് മാപ്പ് തയാറാക്കുന്നത് വൈകാന്‍ കാരണമെന്നും കലക്ടര്‍ പറഞ്ഞു. മംഗലാപുരത്ത് രക്തസാംപിള്‍ പരിശോധിച്ചതും ഇയാള്‍ വെളിപ്പെടുത്തിയില്ലെന്നും കളക്ടര്‍ പറയുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ ഇയാളെ ചോദ്യം ചെയ്യുന്നതിന് പരിമിതികളുണ്ടെന്ന് കളക്ടര്‍ അറിയിച്ചു. കരിപ്പൂര്‍ വഴി ഇയാള്‍ നിരന്തരം വന്നു പോകുന്നതുവഴിയുളള പരിചയം മുതലെടുത്താണ് ഇയാള്‍ വിമാനത്താവളത്തിലെ പരിശോധനയില്‍ നിന്ന് രക്ഷപ്പെട്ടതെന്നും സൂചനയുണ്ട്. ഇയാളുടെ പേരില്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് നിലവില്‍ കേരളത്തിലോ വിദേശത്തോ കേസുകളുണ്ടോ എന്നതടക്കമുളള കാര്യങ്ങള്‍ അന്വേഷിക്കുകയാണ് പോലീസ്.
വിവാഹം ഉള്‍പ്പെടെയുള്ള പൊതുപരിപാടികളിലും ഇയാള്‍ പങ്കെടുത്തിട്ടുണ്ട്. വിദേശത്തുനിന്ന് എത്തിയവര്‍ 14 ദിവസം നിര്‍ബന്ധമായും സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദ്ദേശം ലഘിച്ചാണ് ഇയാള്‍ യാത്ര ചെയ്തതും മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതും.
ദുബായില്‍ നിന്നെത്തി 5 ദിവസത്തിനുശേഷമാണ് ഇയാളില്‍ രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെയാണ് ഇത്രയും ദിവസത്തിനുള്ളില്‍ ഇദ്ദേഹം ഏതൊക്കെ സ്ഥലത്ത് സഞ്ചരിച്ചുവെന്നതിനെക്കുറിച്ച് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും അന്വേഷണം തുടങ്ങിയത്.എന്നാല്‍ പല വിവരങ്ങളും പുറത്തുപറയാന്‍ ഇയാള്‍ തയാറാകാത്തതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: