ന്യൂദല്‍ഹി: വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ പുലര്‍ച്ചെവരെ പ്രതികളുടെ അഭിഭാഷകര്‍ കോടതികളില്‍ പൊരുതുമ്പോള്‍ ശിക്ഷ നീട്ടിവയ്ക്കുമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു പ്രതികള്‍. നിരവധി തവണ വധശിക്ഷ നീട്ടിവച്ചത് തന്നെയായിരുന്നു പ്രതീക്ഷയുടെ കാരണം. എന്നാല്‍, അപ്പീലുകളെല്ലാം തള്ളിയെന്ന വിവരം പുലര്‍ച്ചെ നാല് മണിക്ക് തീഹാര്‍ ജയിലധികൃതര്‍ പ്രതികളെ അറിയിച്ചു. രാത്രി മുഴുവന്‍ ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു നാലുപേരും. ശിക്ഷ നടപ്പാക്കാന്‍ പോവുകയാണെന്ന് പറഞ്ഞതോടെ പ്രതികളെല്ലാവരും നിര്‍ജീവാവസ്ഥയിലായി. പിന്നീട് ജയിലധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പതിയെ അനുസരിച്ചു തുടങ്ങി. കുടുംബാംഗങ്ങളെ കാണാന്‍ അവസരം നല്‍കണമെന്ന ആവശ്യം ചട്ടം അനുവദിക്കാത്തതിനാല്‍ ജയില്‍ അധികൃതര്‍ നിഷേധിച്ചു.
കുളിച്ചുവരാനുള്ള നിര്‍ദ്ദേശം നാലുപേരും നിരസിച്ചു. ഇഷ്ടപ്പെട്ട ഭക്ഷണം നല്‍കാമെന്ന നിര്‍ദ്ദേശം പ്രതികളില്‍ രണ്ടുപേര്‍ മാത്രമാണ് സ്വീകരിച്ചത്. വധശിക്ഷയ്ക്ക് മുമ്പ് പ്രാര്‍ത്ഥിക്കാനുള്ള അവസരവും പ്രതികള്‍ ഉപേക്ഷിച്ചു. നാലരയോടെ തന്നെ ജയില്‍ ഡോക്ടര്‍ പ്രതികളെ പരിശോധിച്ച് ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് റിപ്പോര്‍ട്ട് നല്കി. മജിസ്ട്രേറ്റ് വധശിക്ഷയുടെ പ്രസക്തഭാഗങ്ങള്‍ വായിച്ചുകേള്‍പ്പിച്ചു. വെള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിച്ച് ജയില്‍ അധികൃതര്‍ക്കൊപ്പം കഴുമരത്തിനടുത്തേക്ക്എത്തിയ പ്രതികളുടെ മുഖം ആരാച്ചാര്‍ കറുത്ത തുണി കൊണ്ട് മറച്ചു.
കൈകള്‍ കയറുകള്‍ കൊണ്ട് ബന്ധിച്ച് നാലുപേരെയും നിരത്തി നിര്‍ത്തിയ ശേഷം കഴുത്തില്‍ കൊലക്കയര്‍ മുറുക്കി. കോടതി മരണ വാറണ്ട് പുറപ്പെടുവിച്ച അഞ്ചരയ്ക്ക് തന്നെ ലിവര്‍ വലിച്ച് നാലുപേരുടേയും വധശിക്ഷ തിഹാര്‍ ജയിലില്‍ നടപ്പാക്കി. അര മണിക്കൂറോളം കയറുകളില്‍ മൃതദേഹങ്ങള്‍ കിടന്നു. തുടര്‍ന്ന് ഡോക്ടറെത്തി നാഡീമിടിപ്പ് പരിശോധിച്ച് മരണങ്ങള് സ്ഥിരീകരിച്ചു. ശിക്ഷ നടപ്പാക്കിയ വിവരം തിഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചതോടെ ജയിലിന് പുറത്ത് ആഹ്ലാദാരവങ്ങള്‍ മുഴങ്ങി. നാലുപേരുടേയും മൃതദേഹങ്ങള്‍ ദീനദയാല്‍ ഉപാധ്യായ ആശുപത്രിയിലെത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷമാവും സംസ്കരിക്കുക. വധശിക്ഷ നടപ്പാക്കിയതായി മരണവാറണ്ട് പുറപ്പെടുവിച്ച പട്യാല ഹൗസ് കോടതിയില്‍ തിഹാര്‍ ജയില്‍ അധികൃതര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ വധശിക്ഷ സംബന്ധിച്ച നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി.
പ്രതികളിലൊരാള്‍ അവയവദാനത്തിന് സന്നദ്ധനായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. പ്രതികളിലൊരാളായ വിനയ് ശര്‍മ്മ തന്റെ പെയിന്റിങ്ങുകള്‍ ദാനം ചെയ്യാനും ആഗ്രഹം പ്രകടിപ്പിച്ചു. ജയിലില്‍ ജോലി ചെയ്തു സമ്പാദിച്ച തുകകള്‍ ബന്ധുക്കള്‍ക്ക് കൈമാറും. അക്ഷയ്കുമാറിന് 69,000 രൂപയും പവന് ഗുപ്തയ്ക്ക് 39,000 രൂപയും ജയിലില്‍വച്ച് ജോലി ചെയ്തതിന്റെ പ്രതിഫലമായി ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: