ന്യൂദല്‍ഹി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ജയില്‍ സങ്കേതമായ തിഹാറില്‍ ആദ്യമായാണ് നാല് പേരെ ഒരുമിച്ച് തൂക്കിലേറ്റുന്നത്. ഏഴ് വര്‍ഷം മുന്‍പ്,പാര്‍ലമെന്റ് ഭീകരാക്രമണ കേസിലെ പ്രതി അഫ്സല് ഗുരുവിനെയാണ് അവസാനമായി തൂക്കിലേറ്റിയത്.
മീററ്റ് സ്വദേശിയായ ആരാച്ചാര്‍ പവന് ജല്ലാര്ദ് കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് ജയിലില്‍ റിപ്പോര്‍ട്ട് ചെയ്തു. കയറിന്റെ ബലവും തൂക്കുമരവും ജയില്‍ സൂപ്രണ്ട് പരിശോധിച്ചു. ഡമ്മിയുപയോഗിച്ച് നിരവധി തവണ പരീക്ഷണം നടത്തി. ഡമ്മി അല്ലെങ്കില്‍ പ്രതിയുടെ ഭാരത്തേക്കാള്‍ ഒന്നര മടങ്ങ് ഭാരമുള്ള മണല്‍ നിറച്ച ബാഗുകളാണ് തൂക്കുന്നത്.
2018ലെ ദല്‍ഹി ജയില്‍ ചട്ടപ്രകാരമാണ് വധശിക്ഷ നടപ്പാക്കിയത്. മെഡിക്കല്‍ ഓഫീസര്‍, ജയില്‍ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍, ജില്ലാ മജിസ്ട്രേറ്റ്, അഡീഷ്ണല്‍ ജില്ലാ മജിസ്ട്രേറ്റ് എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു.
പത്തു കോണ്‍സ്റ്റബിള്‍മാര്‍, വാര്ഡന്മാര്, രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, ഹെഡ് വാര്ഡന്മാര് എന്നിവരും സന്നിഹിതരാകും. പ്രതികളുടെ ബന്ധുക്കളെ ശിക്ഷ നടപ്പാക്കുന്നത് കാണാന്‍ അനുവദിക്കില്ലെന്നാണ് ചട്ടം. ജയിലില്‍ കഴിയുന്ന മറ്റുള്ളവരെ മൃതദേഹം മാറ്റുന്നത് വരെ പുറത്തിറക്കില്ല. എത്ര നീളമുള്ള കയര്‍ വേണമെന്നത് സംബന്ധിച്ച് തൂക്കിലേറ്റുന്നതിന് നാല് ദിവസം മുന്‍പ് മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കണം. ഓരോ പ്രതിക്കും വേണ്ടി രണ്ട് ജോടി കയര്‍ അധികം കരുതും. ഇവയുള്‍പ്പെടെ പരിശോധനകള്‍ക്ക് ശേഷം സീല്‍ ചെയ്ത് ഡപ്യൂട്ടി സൂപ്രണ്ടിന്റെ കസ്റ്റഡിയില്‍ സ്റ്റീല്‍ ബോക്സില്‍ സൂക്ഷിക്കും.
പ്രതി ആവശ്യപ്പെടുകയാണെങ്കില് അവരുടെ വിശ്വാസമനുസരിച്ച് പുരോഹിതരെ അനുവദിക്കും. തൂക്കിലേറ്റുന്നതിനു മുമ്പ് സൂപ്രണ്ട്, ജില്ലാ മജിസ്ട്രേറ്റ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ്, മെഡിക്കല്‍ ഓഫീസര്‍ എന്നിവരുള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രതികളെ സന്ദര്‍ശിക്കും.
പ്രതികളുടെ അവസാനത്തെ ആഗ്രഹം ഉള്‍പ്പെടെയുള്ള രേഖകള്‍ ഒപ്പിട്ട് വാങ്ങും. തൂക്കുമരത്തില്‍ കയറും മുന്പ്മുഖം മറയ്ക്കും. വാര്ഡന്മാര് പ്രതികളെ പിടിക്കും. സൂപ്രണ്ടിന്റെ സിഗ്നല്‍ അനുസരിച്ച് അവര്‍ പിടിവിടും. ആരാച്ചാര്‍ പൂട്ട് വലിക്കും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: