ജനീവ: കൊറോണ വൈറസ് 182 രാജ്യങ്ങളില്‍ പിടിമുറുക്കി. 2,51,972 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 10405 പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ ബാധിച്ച് മരിച്ചത്. 89,054 പേര്‍ക്ക് രോഗം പൂര്‍ണമായി ഭേദമായി. 7444 പേര് ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിലാണ്.
ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയ ചൈനയെ പോലും മറികടന്ന് ഇറ്റലിയില്‍ മരണസംഖ്യ ദിനംപ്രതി കുതിച്ചുയരുകയാണ്. 80,967 പേര്‍ക്ക് വൈറസ് ബാധിച്ച ചൈനയില്‍ 3248 പേര് മരിച്ചു. 41035 പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ച ഇറ്റലിയിലാകട്ടെ 3405 പേര് ദിവസങ്ങള്‍ക്കിടെ മരിച്ചു. 2498 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. രോഗം ബാധിച്ചവരില്‍ മരിക്കുന്നവരുടെ എണ്ണം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇറ്റലിയില്‍ വളരെ കൂടുതലാണ്.
ചൈനയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും ആഭ്യന്തര കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. എന്നാല്‍, വിദേശങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ 39 പേര്‍ക്ക് ചൈനയില്‍ ഇന്നലെ കൊറോണ ബാധ കണ്ടെത്തി. ഞായറാഴ്ച മുതല്‍ യൂറോപ്പില്‍ നിന്നെത്തുന്ന മുഴുവന്‍ പേരെയും പരിശോധിച്ച ശേഷം മാത്രമേ രാജ്യത്തേക്ക് പ്രവേശിപ്പിക്കൂ എന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കി. ഇന്നലെ 87 പേര്‍ക്കാണ് പുതുതായി ദ. കൊറിയയില്‍ രോഗം കണ്ടെത്തിയത്.
രോഗബാധ ആദ്യം ശക്തിപ്രാപിച്ച രാജ്യങ്ങളിലൊന്നായ ദ. കൊറിയയില്‍ ആകെ 8652 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 94 പേര് മരിച്ചു. മറ്റ് രാജ്യങ്ങളിലെ മരണ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണ്.സ്പെയ്നില്‍ 19,980 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1002 പേര് മരിച്ചു. ഇറാനില്‍ 19,644 പേര്‍ക്ക് രോഗം ബാധിക്കുകയും 1433 പേര് മരിക്കുകയും ചെയ്തു.
അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണം 14,366 കടക്കുകയും മരണ നിരക്ക് 218ലെത്തുകയും ചെയ്തു. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നാലു കോടി ജനങ്ങളോട് വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ഗവര്‍ണര്‍ നിര്‍ദേശം നല്കി. അര്‍ജന്റീനയും നാലര കോടി ജനങ്ങളോട് വീടുകളില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടു. ഇന്തോനേഷ്യയില്‍ മരണം 25 ആയി. ദക്ഷിണപൂര്‍വ ഏഷ്യയില്‍ കൊറോണ ബാധിച്ച് ഏറ്റവും കൂടുതല്‍ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇന്തോനേഷ്യയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: