തിരുവനന്തപുരം: പന്ത്രണ്ടു പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം നാല്‍പ്പതായി മൂന്നാറില്‍ നിന്നും നെടുമ്പാശ്ശേരി വഴി രാജ്യം വിടാന്‍ ശ്രമിച്ച ബ്രിട്ടീഷ് പൗരന്മാരുടെ സംഘത്തില്‍പ്പെട്ട അഞ്ച് പേര്‍ക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനിലാക്കി. പാലക്കാട് സ്വദേശി നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങിയ ശേഷം രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്നു. ഇവര്‍ നേരത്തെ ഐസൊലേഷനില്‍ ആയതിനാല്‍ കൂടുതല്‍ ആശങ്കയ്ക്ക് വകയില്ല.
കാസര്‍കോട് വൈറസ് ബാധിച്ചവരില്‍ ഒരാള്‍ കരിപ്പൂരാണ് വിമാനം ഇറങ്ങിയത്. അന്ന് അവിടെ താമസിച്ചു. അവിടെ നിന്ന് കോഴിക്കോട് എത്തി. തുടര്‍ന്ന് മാവേലി എക്സ്പ്രസില്‍ ഇയാള്‍ കാസര്‍കോട്ടേക്ക് പോയി. പിന്നീട് എംഎല്‍എമാര്‍ ഉള്‍പ്പെട്ട പൊതു പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തു. ഒരു എംഎല്‍എയെ ഹസ്തദാനം നടത്തിയും മറ്റൊരു എംഎല്‍എയെ കെട്ടിപ്പിടിച്ചും ഇയാള്‍ സൗഹൃദം പങ്കുവച്ചു. കൂടാതെ നാട്ടില്‍ നടന്ന വിവാഹങ്ങളിലും ഫുഡ്ബോള്‍ മത്സരങ്ങളിലും ക്ലബ്ബുകളുടെ പരിപാടികളിലും മറ്റു നിരവധി സ്വകാര്യ ചടങ്ങുകളിലും ഇയാള്‍ പങ്കെടുത്തു. പലസ്ഥലങ്ങളിലും കറങ്ങി നടന്നു. ഇതിനെ തുടര്‍ന്നാണ് എംഎല്‍എമാരടക്കം നിരവധി പേരെ നിരീക്ഷണത്തിലാക്കേണ്ടി വന്നത്. കാസര്‍കോട്ടേത് വിചിത്ര സാഹചര്യം എന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.
സംസ്ഥാനത്ത് ആകെ 44,390 പേര് നിരീക്ഷണത്തിലാണ്. ഇതില്‍ 44,195 പേര് വീടുകളിലും 225 പേര് വിവിധ ആശുപത്രികളിലുമാണ്. 13,632 പേര് ഇന്നലെ മാത്രം നിരീക്ഷണത്തിലായി. ഇന്നലെ 56 പേരെ ആശുപത്രി നിരീക്ഷണത്തിലേക്ക് മാറ്റി. രോഗബാധയില്ലെന്ന് തെളിഞ്ഞ 5570 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. 3436 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 2393 പേര്‍ക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: