തിരോഭൂതേ സ്വാത്മന്യമലതരതേജോവതി പുമാന്‍
അനാത്മാനം മോഹാദഹമിതി ശരീരം കലയതി
തതഃ കാമക്രോധപ്രഭൃതിഭിരമും ബന്ധനഗുണൈഃ
പരം വിക്ഷേപാഖ്യാ രജസ ഉരുശക്തിര്‍വ്യഥയതി
വളരെ നന്നായ് വിളങ്ങുന്ന ശുദ്ധ തേജസ്സായ ആത്മാവ് മറയ്‌ക്കപ്പെടുമ്പോള്‍ മനുഷ്യന്‍ ആത്മാവല്ലാത്ത ശരീരത്തെ ‘ഞാന്‍’ എന്ന് തെറ്റിദ്ധരിക്കുന്നു. പിന്നീട് രജോഗുണത്തിന്റെ കരുത്തുറ്റ ശക്തിയായ വിക്ഷേപത്തിനാല്‍ കാമം, ക്രോധം തുടങ്ങിയവ കൊണ്ട് ബന്ധനമുണ്ടാക്കി ജീവനെ ഒട്ടേറെ കഷ്ടപ്പെടുത്തുന്നു. ഈ ശ്ലോകത്തിന്റെ ആദ്യ പകുതിയില്‍ ആവരണ ശക്തി മൂലം സംഭവിക്കുന്നതിനേയും രണ്ടാം പകുതിയില്‍ വിക്ഷേപ മൂലം പ്രകടമായി ഉണ്ടാകുന്ന അനര്‍ത്ഥങ്ങളേയും പറയുന്നു.
ആത്മജ്യോതിസിന്റെ സാന്നിദ്ധ്യം അനുഭവിക്കാന്‍ കഴിയാത്തപ്പോഴാണ് അനാത്മാക്കളെ ആത്മാവായി കരുതുന്നത്.അജ്ഞാനമറ മൂലം ആത്മാവിന്റെ പരിശുദ്ധ പ്രകാശം മറഞ്ഞു പോകുന്നു. ബുദ്ധിയിലുണ്ടാകുന്ന ഈ മറവ് വകതിരിവിനെ നഷ്ടപ്പെടുത്തും. അത് മനസ്സിലെ രജോഗുണത്തേയും തന്മൂലം വിക്ഷേപമുണ്ടാകുന്നതിനും കാരണമാകും.
തമസ്സാകുന്ന കാര്‍മേഘം വിവേക ശക്തിയെ മറയ്‌ക്കുന്നതിനാല്‍ സ്വസ്വരൂപത്തെ അറിയാതിരിക്കുന്നു. ശരീരമാണ് ഞാന്‍ എന്ന തെറ്റിദ്ധാരണയില്‍ മനുഷ്യന് കഴിയേണ്ടി വരും. ശരീരമെന്നാല്‍ ഇവിടെ സ്ഥൂലവും സൂക്ഷ്മവും കാരണവുമായ മൂന്നെണ്ണവും ഉള്‍പ്പെടും. വിക്ഷേപം മൂലം കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നിങ്ങനെയുള്ള അപകടകരങ്ങളായ മനോവൃത്തികള്‍ ഉണ്ടാകും. ഇത് ജീവനെ ബന്ധിക്കാനും സംസാരദുരിതങ്ങളില്‍ പെടുത്തി ദ്രോഹിക്കുകയും ചെയ്യും.
മനസ്സിന്റെ ഈ ആറു വൃത്തികളെയുമാണ് ഗുണങ്ങള്‍ എന്ന് പറഞ്ഞിരിക്കുന്നത്. ഗുണം എന്നാല്‍ ‘കയര്‍’ എന്നാണ് അര്‍ത്ഥം.നമ്മെ ഓരോരുത്തരേയും പിടിച്ച് കെട്ടിയിടുന്നത്.ഇവ ഓരോന്നും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവയാണ്. ഒന്ന് വന്നാല്‍ മറ്റുള്ളവയും കൂടെ വരും. ആറു ശത്രുക്കള്‍ എന്ന അര്‍ത്ഥത്തില്‍ ഷഡ് വൈരികള്‍ എന്നാണ് ഇവയെ വിളിക്കുക.
ഇവയുടെ കൂടെ അസൂയ, അഹങ്കാരം, ഈര്‍ഷ്യ മുതലായവയെ ചേര്‍ക്കാം.ഇവയെല്ലാം നരകത്തിലേക്കുള്ള വാതിലുകളാണ്.നമ്മുടെ ഓരോരുത്തരുടേയും ശത്രു പുറത്തല്ല, അകത്ത് തന്നെയാണ്. നാം ശത്രുക്കളുടെ പിടിയിലകപ്പെട്ടാല്‍ പിന്നെ പിടിച്ചുകെട്ടി പീഡനമേല്‍പ്പിക്കും.പുറത്തെ ശത്രുക്കളേക്കാള്‍ അപകടകാരികളാണ് ഉള്ളിലെ ഈ ശത്രുകള്‍.
ഇവ മനസ്സിന്റെ രജോഗുണത്തെ ശക്തമാക്കും. രജസ്സിന്റെ വലിയ ശക്തിയായ വിക്ഷേപം മൂലം മനസ്സ് കലങ്ങി മറയും. അപ്പോള്‍ അസ്വസ്ഥതയേറും. രാഗദ്വേഷങ്ങള്‍ നിറഞ്ഞ് ജീവന്‍ ദുരിതത്തിലാകും.ആത്മതത്ത്വത്തെ ബുദ്ധിയില്‍ നിന്ന് മറയ്‌ക്കുന്ന തമസ്സിനേയും തുടര്‍ന്ന് മറ്റുള്ളവയില്‍ ആത്മാവെന്ന് തോന്നിപ്പിക്കുന്ന രജസ്സിന്റെ വിക്ഷേപത്തേയും വളരെ കരുതിയിരിക്കണം.
നമ്മുടെ അന്തഃകരണം തെളിഞ്ഞ വെളളം പോലെയിരുന്നാലേ ആത്മ സൂര്യന്‍ അതില്‍ പ്രകാശിക്കൂ ആത്മപ്രകാശത്തെ അനുഭവിക്കാനാവൂ. ബുദ്ധിമറച്ച് ഇരുന്നാലോ മനം കലങ്ങിയിരുന്നാലോ പിന്നെ കലക്ക വെള്ളം പോലെയോ അഴുക്കു വെള്ളം പോലെയാകും ഉളളം.മനസ്സിന്റെ മായാവിദ്യയില്‍ കുടുങ്ങിപ്പോയാല്‍ ഈ ലോകം വാസ്തവമെന്ന് കരുതി ഓരോ വിഷയ വിഷങ്ങള്‍ക്കും പിറകെ പ്പോയി അലഞ്ഞ് നടക്കേണ്ടി വരും.ശത്രുക്കളുടെ പിടിയില്‍ പെടും. അതിനാല്‍ ആത്മവസ്തുവിനെ തിരിച്ചറിയുക മാത്രമാണ് പോംവഴി. എങ്കില്‍ മാത്രമേ ശരിയായ ആനന്ദം നേടാന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: