ആലപ്പുഴ: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലാകെ 3786 പേര് നിരീക്ഷണത്തിലാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പുതുതായി 1314 പേരെ നിരീക്ഷണത്തിലുള്‍പ്പെടുത്തി. വണ്ടാനം ടിഡി മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലായി എട്ടു പേരുണ്ട്. പരിശോധനയ്ക്കയച്ച 132 സാമ്പിളുകളില്‍ പരിശോധനാഫലം ലഭിച്ച 121 എണ്ണം നെഗറ്റീവ് ആണ്. മൂന്നു സാമ്പിള്‍ ഇന്നലെ പരിശോധനയ്ക്ക് അയച്ചു. ജില്ലയിലാകെ 1025 കൈകഴുകല്‍ കേന്ദ്രങ്ങളുണ്ട്.വിവിധ സ്ഥലങ്ങളിലായി 226 ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും പെട്രോള്‍ പമ്പ് മാനേജര്‍മാര്‍ക്കും പരിശീലനം നല്കി. വിവിധ തലങ്ങളില്‍ വ്യത്യസ്ത മാര്‍ഗങ്ങളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
ജില്ലയിലുടനീളം ഹെല്പ് ഡെസ്ക്കുകള്‍
കൊറോണ വ്യാപനത്തിനെതിരെ പൊതുജനങ്ങളെ സഹായിക്കാന്‍ ജില്ലയിലെ റെയില്‍െവ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഹെല്പ് ഡെസ്ക്കുകള്‍ ആരംഭിച്ചു. ആലപ്പുഴ, ചേര്‍ത്തല, കായംകുളം, ചെങ്ങന്നൂര്‍, മാവേലിക്കര തുടങ്ങിയ റെയില്‍വെ സ്റ്റേഷനുകളിലും ആലപ്പുഴ, ചേര്‍ത്തല, കായംകുളം, ചെങ്ങന്നൂര്‍, മാവേലിക്കര, എടത്വ തുടങ്ങി ബസ് സ്റ്റാന്‍ഡുകളിലുമാണ് ഹെല്പ് ഡെസ്ക് സൗകര്യം ആരംഭിച്ചത്.
രോഗലക്ഷണമുള്ളവരെ സ്ക്രീന്‍ ചെയ്യാനും യാത്രികരുടെ ശരീരോഷ്മാവ് പരിശോധിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹെല്പ് ഡെസ്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. വിദേശത്തുനിന്ന് വരുന്നവരെയും ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവരെയും പ്രത്യേകം നിരീക്ഷിക്കുന്നു.
ജൂനിയര്‍ ഹെല്‍ത്ത് നഴ്സ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, ആര്‍ബിഎസ്കെ നേഴ്സ്, ആശ പ്രവര്‍ത്തകര്‍ എന്നിങ്ങനെ നാലുപേരടങ്ങുന്ന സംഘങ്ങള്‍ മൂന്നു ഷിഫ്റ്റ് ആയിട്ടാണ് ഹെല്പ് ഡെസ്ക് കൈകാര്യം ചെയ്യുന്നത്. ബോധവല്‍ക്കരണ നോട്ടീസും ലഘു ലേഖകളും വിതരണം നടത്തുന്നു.
യാത്രക്കാരില്‍ രോഗലക്ഷണങ്ങള്‍ കാണുന്നവരെ ഉടന്‍ തന്നെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള ക്രമീകരങ്ങളും ഡെസ്ക്കില്‍ ഏര്‍പ്പെടുത്തും. ചെറിയ രീതിയില്‍ രോഗ ലക്ഷണങ്ങള്‍ കാണിക്കുന്ന യാത്രികരുടെ വിവരങ്ങളും മേല്‍വിലാസവും ശേഖരിച്ചു വീടിന് ഏറ്റവും അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ വിവരങ്ങള്‍ നല്‍കുകയും രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ വീട്ടില്‍ ഐസൊലേഷന്‍ ഇരിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. നല്ലൊരു കൂട്ടം യാത്രക്കാര്‍ സംശയ നിവാരണത്തിനായും ഹെല്പ് ഡെസ്ക് ഉപയോഗിക്കുന്നുണ്ട്.
സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കുട്ടികള്‍ക്ക് നിയന്ത്രണം
കോവിഡ് 19 ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നഗരസഭാധ്യക്ഷന്‍ അവലോകനയോഗം വിളിച്ചു ചേര്‍ത്തു. നഗരത്തിലെ വീടുകളില്‍ നിരീക്ഷണത്തിലുള്ള മുഴുവന്‍ ആളുകള്‍ക്കും എല്ലാ അടിയന്തര സഹായങ്ങളും നല്കുവാന് മൂന്നുപേരടങ്ങുന്ന പത്ത് ടീമിനെ ഓരോ വാര്‍ഡുകളിലും രൂപീകരിച്ചു.
നഗരസഭാ പരിധിയിലുള്ള എടിഎം കൗണ്ടറുകളുടെ മുമ്പില്‍ കൈ കഴുകുന്നതിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. എല്ലാ പാരാമെഡിക്കല്‍ സ്ഥാപനങ്ങളും ആശുപത്രികളും പകര്‍ച്ചവ്യാധി നിയന്ത്രണ പ്രോട്ടോക്കോള്‍ പാലിക്കുവാന്‍ ഉത്തരവ് നല്കി.
അവധി ദിവസങ്ങളിലുള്‍പ്പടെ ഹെല്‍ത്ത് വിഭാഗം കണ്ട്രോള് റൂം ഹെല്പ്
ഡെസ്ക് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സജീവമായി ഉണ്ടാകും. മാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും പത്ത് വയസിന് താഴെയുള്ള കുട്ടികളെ നിര്‍ബന്ധമായും കൊണ്ടു വരാന്‍ പാടില്ല. ഇവിടങ്ങളില്‍ കൂടുതല്‍ ആളുകള്‍ എത്തുന്നത് നിയന്ത്രണ വിധേയമാക്കുന്നതിന് നിര്‍ദ്ദേശം നല്കി. ആവശ്യമായ അണുനാശിനികള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. അറുപത്തഞ്ച് വയസില്‍ കൂടുതലുള്ളവരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ തീരുമാനിച്ചു.
സാധനങ്ങള്‍ പൂഴ്ത്തിവച്ചാല്‍ കര്‍ശന നടപടി
ആലപ്പുഴ: നിത്യോപയോഗസാധനങ്ങള്‍ പൂഴ്ത്തി വയ്ക്കരുതെന്നും, കരിഞ്ചന്ത, പൂഴ്ത്തി വയ്ക്കല്‍ എന്നിവയ്ക്കെതിരെ ആവശ്യസാധന നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഭക്ഷണസാധനങ്ങള്‍ക്ക് യാതൊരു ദൗര്‍ലഭ്യവും ഉണ്ടാകാതിരിക്കുന്നതിനായി ജില്ലയിലെ വ്യാപാരി വ്യവസായി സംഘടനകളുടെയും ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന് ഭാരവാഹികളുടെയും യോഗം വിളിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ സപ്ലൈ ഓഫീസര്‍.
ജില്ലയിലെ എല്ലാ വ്യാപാരികളും മുന്‍കരുതല്‍ എടുക്കണമെന്നും എല്ലാവരും സ്റ്റോക്ക് ബോര്‍ഡ്, വിലവിവരപ്പട്ടിക എല്ലാ ദിവസവും പ്രദര്‍ശിപ്പിക്കണമെന്നും സ്റ്റോക്കിന്റെ നിലവാരം എല്ലാ ദിവസവും ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസില്‍ നല്‍കണമെന്നും സപ്ലൈ ഓഫീസര്‍ പറഞ്ഞു.
സംസ്ഥാനത്തെ കുപ്പിവെള്ളത്തിന്റെ വില ലിറ്ററിന് 13 രൂപ നിരക്കില്‍ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിട്ടുള്ളതാണെന്നും ജില്ലയിലെ എല്ലാ വ്യാപാരികളും കുപ്പിവെള്ളത്തിന് 13 രൂപ മാത്രമേ ഈടാക്കാവൂ എന്നുംസപ്ലൈ ഓഫീസര്‍ വ്യക്തമാക്കി. ഇതില്‍ കൂടുതല്‍ ഈടാക്കുന്നവര്‍ക്കെതിരെ ക്രമിനില്‍ നടപടി നിയമ സംഹിതം പ്രകാരം കേസ് ചാര്‍ജ് ചെയ്യുമെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: