നാഗ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യുവിന് പിന്തുണ അറിയിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം. കൊറോണ വ്യാപനത്തിനെ നേരിടാനായി സാമൂഹിക അവബോധം സൃഷ്ടിക്കാന്‍ സര്‍ക്കാരുകള്‍ക്കൊപ്പം അണി നിരക്കണമെന്നും സംഘം സ്വയംസേവകര്‍ക്ക് നിര്‍ദേശം നല്കി.
കൊറോണ വൈറസ് വ്യാപനം മൂലം ഉടലെടുത്തിരിക്കുന്ന അടിയന്തിര സാഹചര്യത്തെ നേരിടാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പ്രയത്നങ്ങള്‍ക്കൊപ്പം അണി നിരക്കണമെന്ന് സര് കാര്യവാഹ് ഭയ്യാജി ജോഷി പ്രവര്‍ത്തകര്‍ക്ക് അറിയിപ്പു നല്കി. എല്ലാ സ്വയംസേവകരും സംയമനം- ദൃഢ നിശ്ചയം എന്നീ മന്ത്രങ്ങള്‍ പിന്തുടരണം. സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നടപടികള്‍ പിന്തുണച്ച് മാര്‍ച്ച് 22 ന് സംഘടിപ്പിക്കുന്ന ജനതാ കര്‍ഫ്യു വിജയമാക്കി തീര്‍ക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിലെ സാഹചര്യത്തെ സഹിഷ്ണുതയോടെ അഭിമുഖീകരിക്കാന്‍ കുടുംബങ്ങളെ സജ്ജരാക്കണം. സാമൂഹിക അവബോധം സൃഷ്ടിക്കുക വഴി കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ എല്ലാവരും നിര്‍ണായക ഭാഗവാക്കാകണമെന്നും ഭയ്യാജി ട്വിറ്റര്‍ സന്ദേശത്തിലൂടെ നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: