തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റി. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, സര്‍വകലാശാല അടക്കം പരീക്ഷകളാണ് ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരും മാറ്റിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. എസ്എസ്എല്‍സിക്ക് ഒരു പരീക്ഷയു ഹയര്‍ സെക്കന്‍ഡറിക്ക് രണ്ടു പരീക്ഷയുമാണ് ബാക്കി ഉണ്ടായിരുന്നത്. എട്ട്, ഒന്‍പത് ക്ലാസുകളിലെ പരീക്ഷകളും മാറ്റി.
നേരത്തേ, കൊറോണയുടെ പശ്ചാത്തലത്തില്‍ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് അടിയന്തര തീരുമാനം. ഈമാസം 31നുശേഷം നടത്താന്‍ കഴിയുംവിധം പുനഃക്രമീകരിക്കാനാണു നിര്‍ദ്ദേശം. യുജിസി, എഐസിടിഇ, ജെഇഇ മെയിന്‍ തുടങ്ങിയ പരീക്ഷകളും മാറ്റി.
അതേസമയം, നിലവില്‍ കേരളത്തില്‍ എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ മാറ്റമില്ലാതെ തുടരുമെന്നാണു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിരുന്നത്. എന്നാല്‍, കോവിഡ് 19 സാമൂഹ്യവ്യാപനത്തിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം.
കൊറോണ രോഗ ഭീതി വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തില്‍ സര്‍വകലാശാല പരീക്ഷകളടക്കം എല്ലാ പരീക്ഷകളും മാറ്റിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് സര്‍ക്കാരിനോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. വളരെ ആശങ്കയോടെയാണ് കുട്ടികള്‍ പരീക്ഷയ്ക്ക് പോകുന്നത്. രോഗഭീതിയുള്ളതിനാല്‍ ശരിക്ക് പഠിക്കാനോ പരീക്ഷ എഴുതാനൊ കുട്ടികള്‍ക്ക് സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നത് ക്രൂരതയാണ്. സര്‍വകലാശാലാ പരീക്ഷകളെഴുതുന്ന കുട്ടികളാണ് കൂടുതല്‍ ദുരിതത്തിലാകുന്നത്.
ഹോസ്റ്റലില്‍ താമസിച്ചു പഠിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷക്കാലത്ത് താമസിക്കാന്‍ സ്ഥലം കിട്ടുന്നില്ല. ഹോസ്റ്റലുകള്‍ അടച്ചു. കൊറോണ ഭീതിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആരും താമസിക്കാന്‍ ഇടം നല്‍കുന്നില്ല. ഈ സാഹചര്യത്തില്‍ പരീക്ഷകള്‍ കൂടി മാറ്റി വെക്കുന്നതാണ് നല്ലത്. അടിയന്തിരമായി മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യത്തില്‍ ഇടപെടണമെന്നായിരുന്നു സുരേന്ദ്രന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: