കൊച്ചി: മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. പത്തു കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണിത്. സംഭവത്തില്‍ പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് എന്‍ഫോഴ്സ്മെന്റ് ഹൈക്കോടതിയെ അറിയിച്ചു.
പാലാരിവട്ടം പാലം അഴിമതി കേസില്‍ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് നേരത്തെ പ്രതി ചേര്‍ത്തിരുന്നു. ഈ കേസില്‍ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞ് കഴിഞ്ഞ നോട്ട് നിരോധന സമയത്ത് പത്തു കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് എന്‍ഫോഴ്സ്മെന്റിന് ലഭിച്ച പരാതി. മുസ്ലിംലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴി കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട് ചന്ദ്രികയുടെ കോഴിക്കോട് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു.
മേല്‍പ്പാലം അഴിമതിക്കേസില്‍ പ്രതിചേര്‍ത്ത് പതിനൊന്നു ദിവസം കഴിഞ്ഞിട്ടും തുടര്‍ നടപടിയില്ലാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. എന്തുകൊണ്ടാണ് നടപടിയില്ലാത്തതെന്ന് കോടതി ആരാഞ്ഞു. മുഖ്യമന്ത്രിക്കൊപ്പമുള്ള ഇബ്രാഹിം കുഞ്ഞിന്റെ ചിത്രം ഇബ്രാഹിംകുഞ്ഞും ആള്‍ക്കാരും വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹര്‍ജിക്കാരന്‍, തെളിവായി ചിത്രവും ഹാജരാക്കി. ഇത് ശരിയല്ലെന്നും സര്‍ക്കാര്‍ പ്രതിക്കൊപ്പമാണെന്ന ധാരണ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉണ്ടാകുമെന്നും കോടതി പരാമര്‍ശിച്ചു. കേസില്‍ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യുന്നില്ലെന്നും അറസ്റ്റ് ചെയ്യാന്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കണമെന്നുമാവശ്യപ്പെട്ടുള്ള ഉപഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിച്ചത്.
കേസിലെ പ്രതികളായ ടി.ഒ. സുരജ് അടക്കമുള്ളവരെ അറസ്റ്റ് ചെയതിട്ടും ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പുറത്ത് വിഹരിക്കുന്ന പ്രതി, സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ എന്‍ഫോഴ്സ്മെന്റിനോടും പാലാരിവട്ടം പാലം അഴിമതി കേസില്‍ വിജിലന്‍സിനോടും അടുത്ത മാസം ഏഴാം തീയതിക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു.
















