കോഴിക്കോട്: പ്രധാനമന്ത്രിയെയും മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസും എംപിയുമായ രഞ്ജന്‍ ഗൊഗോയിയെയും അധിക്ഷേപിച്ച് ന്യായാധിപന്മാര്‍. നാദാപുരം മുന്‍സിഫ് സുനിത മുഹമ്മദും തൊടുപുഴ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ്. സുദീപുമാണ് ഇരുവരെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
മറ്റു പലരുടെയും പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയാണ് സുനിത മുഹമ്മദ് ചെയ്തിരിക്കുന്നതെങ്കില്‍ സുദീപ് നേരിട്ട് തന്നെയാണ് പോസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍ കൃഷ്ണനും ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ്ബാബുവും ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കി. മാര്‍ച്ച് 17നും 18നുമാണ് ഇവരുവരും ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തത്.
സാമാന്യനിലവാരത്തിന് പോലും നിരക്കാത്ത തരത്തിലാണ് ന്യായാധിപന്മാരായ ഇരുവരും പ്രതികരിച്ചിരിക്കുന്നതെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു. ന്യായാധിപന്മാര്‍ പാലിക്കേണ്ട എല്ലാ മര്യാദകളും ഇരുവരും ലംഘിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുനിത മുഹമ്മദും എസ്. സുദീപും
നടത്തിയ പ്രവൃത്തിയെ ആശങ്കയോടെയാണ് കാണുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബു പറഞ്ഞു. ന്യായാധിപരെന്ന നിലയില്‍ നിഷ്പക്ഷമായും സത്യസന്ധമായും പ്രവര്‍ത്തിക്കാന്‍ ചുമതലപ്പെട്ടവര്‍ രാഷ്‌ട്രത്തിന്റെ പ്രധാനമന്ത്രിയെ താഴ്‌ത്തിക്കെട്ടുന്ന നിലയിലും രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയില്‍ പൊതുസമൂഹത്തെ അവിശ്വാസത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുമാണ് ഇരുവരുടെയും പ്രവൃത്തിയെന്നും പ്രകാശ് ബാബു നല്‍കിയ പരാതിയില്‍ പറയുന്നു.
















