കൊല്ലം: എം.സി റോഡിൽ കൊട്ടാരക്കര ലോവർ കരിക്കത്ത് കാർ ബൈക്കിലിടിച്ച് ഐടിഐ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കാർ യാത്രികരായ മൂന്നു പേരെ അറസ്റ്റ് ചെയ്തു. ഇവർ മദ്യലഹരിയിലായിരുന്നുവെന്ന് പരിശോധനയിൽ വ്യക്തമായി. വാളകം അമ്പലക്കര സ്വദേശികളായ അജോ അലക്സാണ്ടർ(29), പ്രിൻസ് ഫിലിപ്പ് (22), ക്രിസ്റ്റി ജോർജ്ജ് എബ്രഹാം (24) എന്നിവരെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്.
നരഹത്യ, അശ്രദ്ധമായ ഡ്രൈവിംഗ്, മദ്യ ലഹരിയിൽ ഡ്രൈവിംഗ് തുടങ്ങി വിവിധ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. മൂന്നുപേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. വാഹനാപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും കോടതിയിൽ സമർപ്പിക്കും. വ്യാഴാഴ്ച വൈകിട്ട് 5.15ന് ലോവർ കരിക്കത്ത് ഹുണ്ടായ് ഷോറൂമിന് സമീപത്തായിരുന്നു അമിത വേഗതയിലെത്തിയ കാർ ബൈക്കിലിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികനായ ശൂരനാട് അനിൽ ഭവനത്തിൽ അനിൽകുമാറിന്റെയും മിനിയുടെയും മകൻ മിഥുൻകുമാർ (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പട്ടാഴി കന്നിമേൽതേരി അമ്പിത്തറ വടക്കേക്കര പുത്തൻവീട്ടിൽ സുബിൻ ബാബുവിന് (21) സാരമായി പരിക്കേറ്റു.
നിയന്ത്രണം വിട്ട് റോഡിന്റെ വലത് വശത്തേക്ക് പാഞ്ഞു കയറിയ കാർ എതിർ ദിശയിൽ നിന്നുവന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ദൂരേയ്‌ക്ക് തെറിച്ച ബൈക്ക് ഓടയിലാണ് വീണത്. അപകടത്തിന് ശേഷം നിർത്താതെ പോയ കാർ സമീപത്തെ പെട്രോൾ പമ്പിന് സമീപം എൻജിൻ ഓഫായി നിൽക്കുകയായിരുന്നു. ഇവിടെ നിന്നാണ് പോലീസ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തത്. കാർ ഓടിച്ചയാളുടെ ലൈസൻസും റദ്ദ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: