തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന്റെ മുഖമാസികയായ വിദ്യാരംഗത്തിലെ മാര്‍ച്ച് മാസത്തെ ലക്കത്തില്‍ വര്‍ഗീയ വിദ്വേഷം ലക്ഷ്യമിട്ടുള്ള ലേഖനം. ദല്‍ഹി കലാപത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കലാപവുമായി ബന്ധപ്പെട്ട് വര്‍ഗീയ വിദ്വേഷം പരത്തുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശമുള്ളപ്പോഴാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന് ബാബു ചീഫ് എഡിറ്ററും കെഎസ്ടിഎ നേതാവ് കെ.സി. അലി ഇക്ബാല്‍ എഡിറ്ററുമായ സമിതി ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സാഹിത്യകാരനായ എം. മുകുന്ദനാണ് ‘രാജ്യത്തിന്റെ ഭാവി കുട്ടികളുടെ കൈകളില്‍’ എന്ന ലേഖനത്തിന്റെ രചയിതാവ്. മുകുന്ദേട്ടന്റെ കുട്ടികള്‍ എന്നാണ് ലേഖനത്തിന് പ്രത്യേക പേര് നല്‍കിയിരിക്കുന്നത്. ദല്‍ഹി കലാപത്തിന്റേത് എന്ന് തോന്നിക്കുന്ന ചിത്രത്തോടൊപ്പം പാവങ്ങളായ മുസ്ലിങ്ങള്‍ താമസിക്കുന്ന ഗോകുല്‍പുരി, മോജ്പൂര്‍, ബാബര്‍പുര്‍, ഷഹീന്‍ബാഗ് എന്നിവിടങ്ങളിലൊക്കെ പുറത്തു നിന്നുള്ള ‘ഭൂരിപക്ഷ സമുദായക്കാര്‍ ചെറിയ സമുദായക്കാരെ ആക്രമിച്ചതായി ലേഖനത്തില്‍ പറയുന്നു.
ലഹളക്കാരുടെ കൈകളില്‍ ഇരുമ്പുവടികളും തോക്കുകളും ഉണ്ടായിരുന്നതായും നാല്‍പ്പതിലേറെ പാവങ്ങള്‍ കൊല ചെയ്യപ്പെട്ടതായും പാവങ്ങളുടെ ഉപജീവനമാര്‍ഗമായ കൊച്ചു കടകള്‍ക്കും സൈക്കിള്‍ റിക്ഷകള്‍ക്കും അവരുടെ വീടുകള്‍ക്കുമെല്ലാം തീയിട്ടതായും ലേഖനത്തില്‍ പറയുന്നു. എന്നാല്‍ കലാപത്തില്‍ മറ്റുള്ളവര്‍ക്കുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചോ അതിക്രൂരമായി കൊലചെയ്യപ്പെട്ട ഐബി ജീവനക്കാരനെക്കുറിച്ചോ വെടിയേറ്റു മരിച്ച പോലീസുകാരനെക്കുറിച്ചോ ലേഖനത്തില്‍ പരാമര്‍ശമില്ല.
ദല്‍ഹി കലാപത്തെക്കുറിച്ച് പോലീസും അന്വേഷണ ഏജന്‍സികളും പുറത്തുവിടുന്ന വിവരങ്ങള്‍ മറച്ചുവച്ചാണ് ലേഖനം അവസാനിപ്പിക്കുന്നത്. സംസ്ഥാനത്തെ എല്ലാ അധ്യാപകര്‍ക്കും വിദ്യാരംഗം മാസിക നല്‍കുന്നുണ്ട്. കൂടാതെ സ്കൂള്‍ ലൈബ്രറികളിലും മാസിക സൂക്ഷിക്കും. മാസിക വായിക്കുന്ന വിദ്യാര്‍ഥികളുടെ മനസ്സിലെല്ലാം ലേഖനം വര്‍ഗീയ വിദ്വേഷമുണ്ടാക്കും.
വിദ്യാരംഗത്തില്‍ വിവാദ ലേഖനങ്ങള്‍ ഇതിനു മുമ്പും വന്നിട്ടുണ്ട്. 2019 ആഗസ്ത് ലക്കത്തില്‍ മര്യാദാ പുരുഷോത്തമനായ ശ്രീരാമനെ ആക്ഷേപിച്ചു കൊണ്ട് അന്നത്തെ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ ലേഖനമെഴുതിയത് ഏറെ വിവാദമുയര്‍ത്തിയിരുന്നു. സിപിഎമ്മിന്റെ പാര്‍ട്ടി മാസികയായി വിദ്യാരംഗം മാറിയെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി എടുക്കണം: രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ്
തിരുവനന്തപുരം: വിദ്യാരംഗം മാസികയിലൂടെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും തെറ്റായ സന്ദേശങ്ങള്‍ നല്‍കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ദേശീയ സെക്രട്ടറി പി.എസ്. ഗോപകുമാര്‍ ആവശ്യപ്പെട്ടു. ചെറിയ സമുദായത്തിനുണ്ടായ കഷ്ടനഷ്ടങ്ങളില്‍ വല്ലാതെ വേദനിക്കുന്ന ലേഖകന്‍ മറ്റുള്ളവര്‍ക്കുണ്ടായ നാശനഷ്ടങ്ങളെ ബോധപൂര്‍വം മറക്കുന്നു. സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും തെറ്റിദ്ധരിപ്പിക്കാന്‍ ഇത്തരമൊരു ലേഖനം വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തില്‍ കടന്നു കൂടിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. സംഭവത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ കേന്ദ്ര മാനവശേഷി വകുപ്പിന് പരാതി നല്‍കുമെന്നും പി.എസ്. ഗോപകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: