തിരുവനന്തപുരം: സംസ്ഥാനം കൊറോണയ്ക്കെതിരെ പോരാടുമ്പോള്‍ കരുതലോടെയാണ് കേരളത്തിലെ ഐടി രംഗം പ്രതിരോധം തീര്‍ത്തിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ഐടി പാര്‍ക്കുകളും കമ്പനികളും കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ സുരക്ഷാ വലയം കര്‍ശനമാക്കി. മിക്ക ഐടി കമ്പനികളിലും ശരീര താപനില പരിശോധിക്കാനായി തെര്‍മല്‍ സ്കാനര്‍ സ്ഥാപിച്ചു. ഇതോടൊപ്പം വിദൂരത്തു നിന്ന് എത്തുന്നവര്‍ക്ക് കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം എന്ന പദ്ധതിയും ആവിഷ്കരിച്ചു. ഓണ്‍ലൈനായി വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാനുള്ള അനുമതി വമ്പന്‍ കമ്പനികള്‍ നടപ്പാക്കിക്കഴിഞ്ഞു.
ടെക്നോ പാര്‍ക്ക്, ഇന്‍ഫോസിസ് എന്നീ ഐടി സെന്ററുകളില്‍ തിരക്ക് കുറവാണ്. ഇവിടെയും വര്‍ക്ക് ഫ്രം ഹോം പദ്ധതി നടപ്പാക്കിയിട്ടുണ്ട്. നിലവില്‍ ഐടി സെന്ററുകളില്‍ പ്രവേശിക്കുന്നതിന് മുമ്പ് കവാടത്തില്‍ തന്നെ അണുവിമുക്തമാക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഓരോ കമ്പനിക്ക് മുന്നിലും മാസ്കുകളും ഹാന്‍ഡ് റബ്ബുകളും ഒരുക്കിയിട്ടുണ്ട്. ഐടി പാര്‍ക്കുകള്‍ക്ക് ഉള്ളിലെ ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളും പൂട്ടി.
കമ്പനികളില്‍ ജീവനക്കാരുടെ സീറ്റുകള്‍ നിശ്ചിത അകലം പാലിച്ചാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. ദിവസവും മീറ്റിങ്ങുകള്‍ അനിവാര്യമായതുകൊണ്ട് വെര്‍ച്വല്‍ കോണ്‍ഫറന്‍സിങ് സംവിധാനം വഴിയാണ് ജീവനക്കാര്‍ യോഗം ചേരുന്നത്. സും, സിസ്കോ വെബേഴ്സ് തുടങ്ങിയ ടെലികോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെയാണ് യോഗം. ഒരേ കമ്പനിയിലെ ഒരേ മുറിയിലെ ജീവനക്കാര്‍ തമ്മില്‍ ആശയ വിനിമയം നടത്തുന്നത് ക്ലിക്ക്, സ്കൈപ്പ്, സോഹോ തുടങ്ങിയ ആപ്പുകള്‍ ഉപയോഗിച്ചാണ്.
കൊറോണയുടെ തീവ്രത വര്‍ധിച്ചാല്‍ അടിയന്തര നടപടിക്ക് മുന്‍കരുതലുകള്‍ ടെക്നോ പാര്‍ക്ക് ഉള്‍പ്പെടെയുള്ള ഐടി സെന്ററുകള്‍ സ്വീകരിച്ചു കഴിഞ്ഞു. ബാങ്കിങ് പോലെ സുപ്രധാന മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ഐടി സെന്ററുകളിലെ സ്ഥാപനങ്ങളില്‍ നിന്നാണ്. പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സാധിക്കാത്ത ഇത്തരം സ്ഥാപനങ്ങള്‍ക്കായി ടെക്നോപാര്‍ക്കില്‍ പല സ്ഥലങ്ങളും ഒഴിപ്പിച്ച് ഇട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: