ജനീവ: കൊറോണ വൈറസ് ബാധയില്‍ ആഗോള തലത്തില്‍ മരണസംഖ്യ പതിനായിരമായി. 2,25,238 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കൊറോണ പ്രഭവ കേന്ദ്രമായ ചൈനയില്‍ വിദേശത്ത് നിന്നെത്തിയ 34 പേര്‍ക്ക് മാത്രമാണ് ഇന്നലെ വൈറസ് ബാധ കണ്ടെത്തിയത്. ചൈനയില്‍ ആഭ്യന്തരമായി പുതിയ കൊറോണ ബാധിതര്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് പ്രതീക്ഷ നല്‍കുന്നു.
എന്നാല്‍, മഹാമാരിയുടെ വ്യാപനം പതിനെട്ട് മാസം വരെ നീണ്ടുനിന്നാല്‍ പ്രതിരോധിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി അമേരിക്ക വ്യക്തമാക്കി. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം ഇതിനോടകം പതിനായിരത്തിനടുത്തെത്തി. മൂവായിരം പേര്‍ക്കാണ് അമേരിക്കയില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്, 155 പേര്‍ മരിച്ചു.
ഇറാനില്‍ 18,407 പേര്‍ക്കാണ് രോഗബാധ. 1284 പേര്‍ മരിച്ചു. ഇറാനില്‍ ഓരോ പത്തു മിനിറ്റിലും ഒരാള്‍ വീതം കൊറോണ മൂലം മരിക്കുകയും അമ്പത് പേര്‍ക്ക് വൈറസ് ബാധയുണ്ടാകുകയും ചെയ്യുന്നതായി ഇറാന്‍ ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.
സ്‌പെയ്‌നില്‍ വൈറസ് ബാധിതര്‍ 17,147 ആയി. 767 പേര്‍ മരിച്ചു. ഫ്രാന്‍സില്‍ 9134 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 155 പേര്‍ മരിച്ചു. ഒരാഴ്ചയായി രോഗികളുടെ എണ്ണം കുറഞ്ഞിരുന്ന ദക്ഷിണ കൊറിയയില്‍ വീണ്ടും രോഗബാധ ഉയര്‍ന്നു. 152 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ദ. കൊറിയയില്‍ രോഗം സ്ഥിരീകരിച്ചത്.
സിങ്കപ്പൂരില്‍ 47 പേര്‍ക്ക് പുതുതായി രോഗബാധയുണ്ട്. രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. റഷ്യയിലും മെക്‌സിക്കോയിലും ആദ്യ കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹോങ്കോങ്ങില്‍ ഒരിടവേളയ്‌ക്ക് ശേഷം സ്ഥിതി വീണ്ടും വഷളായി. പതിനാറ് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 208 ആയി.
ബ്രെക്‌സിറ്റിലെ യുറോപ്യന്‍ യൂണിയന്റെ മുഖ്യ മധ്യസ്ഥന്‍ മൈക്കിള്‍ ബാര്‍ണിയര്‍ക്കും രോഗം സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: