തിരുവനന്തപുരം: കൊറോണ ബാധയില്‍ പരിശോധനയ്‌ക്കായി സംസ്ഥാനത്തെ വൈറോളജി ലാബുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. കേരളത്തില്‍ ഇപ്പോള്‍ ഏഴ് ലാബുകളിലാണ് പരിശോധനാ സംവിധാനങ്ങളുള്ളത്. എന്‍ഐവി ആലപ്പുഴയിലായിരുന്നു ആരംഭഘട്ടത്തില്‍ പരിശോധനകള്‍ നടത്തിയിരുന്നത്.
മാര്‍ച്ച് 10ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും 11ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും (വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലബോറട്ടി) ആരംഭിച്ചു. 16ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലും ഒന്നാംഘട്ട പരിശോധനയ്‌ക്കുള്ള വിആര്‍ഡിഎല്‍ ആരംഭിച്ചു. ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട്, പബ്ലിക് ഹെല്‍ത്ത് ലാബ്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി എന്നിവയ്‌ക്കും കഴിഞ്ഞ ദിവസം ഐസിഎംആര്‍ അനുമതി നല്‍കിയിരുന്നു.
രോഗം സ്ഥിരീകരിച്ച് 48 മണിക്കൂറിന് ശേഷം ആ രോഗിയുടെ സാമ്പിള്‍ വീണ്ടും പരിശോധിക്കുന്നു. അങ്ങനെ രണ്ട് പ്രാവശ്യം പരിശോധനാ ഫലം നെഗറ്റീവ് കിട്ടിയാല്‍ മാത്രമേ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യൂ. ഒരു കോടി രൂപയാളം ചെലവഴിച്ചാണ് ഓരോ വൈറോളജി ലാബും സജ്ജമാക്കിയത്.
രണ്ടായിരത്തഞ്ഞൂറോളം സാമ്പിള്‍ പരിശോധനകളാണ് കേരളത്തിലെ വൈറോളജി ലാബുകളില്‍ നടത്തിയത്. ആദ്യത്തെ മൂന്ന് പോസിറ്റീവ് കേസുകളൊഴികെ 24 പോസിറ്റീവ് കേസുകളും സ്ഥിരീകരിച്ചത് ഇവിടെ തന്നെയാണ്.
ചില ടെസ്റ്റുകള്‍ വീണ്ടും സ്ഥിരീകരിക്കാനായി എന്‍ഐവി പൂനെയിലേക്ക് അയച്ചിരുന്നു. 3,000 രൂപ ചെലവ് വരുന്ന പരിശോധന തികച്ചും സൗജന്യം.
















