ന്യൂദല്‍ഹി : നാടകീയമായ നിയമ യുദ്ധങ്ങള്‍ക്കൊടുവിലാണ് നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റിയത്. ഏഴ് വര്‍ഷം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ പ്രതികള്‍ക്ക് ഒരു പഴുത് പോലും ഇല്ലാതെയാണ് ശി7 നടപ്പിലാക്കിയിരിക്കുന്നത്.
മുകേഷ് കുമാര്‍ സിങ് (32), അക്ഷയ് താക്കൂര്‍ (31), വിനയ് ശര്‍മ (26), പവന് ഗുപ്ത (25) എന്നീ പ്രതികളുടെ വധശിക്ഷയാണ് ഇന്ന് പുലര്‍ച്ചെ കൃത്യം അഞ്ചരയ്ക്ക് നടപ്പാക്കിയത്. ശിക്ഷ നടപ്പിലാക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരെ മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഇവര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. ജസ്റ്റിസ് ഭാനുമതി, ജസ്റ്റിസ് ബൊപ്പണ്ണ, ജസ്റ്റിസ് അശോക് ഭൂഷണ് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
പവന് ഗുപ്തയ്ക്ക് വേണ്ടി ഹാജരായ അഡ്വ. എ.പി. സിങ് ഇയാള്‍ പ്രായപൂര്‍ത്തിയായ വ്യക്തിയല്ലെന്നും, പവനെ പ്രായപൂര്‍ത്തിയായെന്ന് പറഞ്ഞ് കേസില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നാണ് ആദ്യം വാദം ഉന്നയിച്ചത്. കൂടാതെ ഈ കേസിന്റെ യഥാര്‍ത്ഥ പേര് നിര്‍ഭയ കേസ് എന്നല്ലെന്നും അത് വസന്ത് വിഹാര്‍ എസ്ഐ ഉള്‍പ്പെടുത്തിയതാണെന്നും എ.പി.സിങ് ആരോപിച്ചു.
എന്നാല്‍ ഇക്കാര്യങ്ങളെല്ലാം മുമ്പ് അറിയിച്ച് കോടതി തള്ളിക്കളഞ്ഞവയല്ലേ. രാഷ്ട്രപതി ദയാഹര്‍ജി തള്ളിക്കളഞ്ഞതില്‍ എന്തെങ്കിലും എതിര്‍പ്പുണ്ടോയെന്ന് മാത്രം പറഞ്ഞാല്‍ മതിയെന്നും ജസ്റ്റിസ് ഭാനുമതി അറിയിച്ചു.
അതേസമയം രാജ്യം മുഴുവന്‍ അവരെ കുറ്റവാളികള്‍ എന്ന് വിളിക്കുന്നു. ഇത്രയും വലിയ ശിക്ഷ അവര്‍ അനുഭവിച്ചു കഴിഞ്ഞു. തൂക്കിലേറ്റുന്നത് എന്തിനാണെന്നും അഭിഭാഷകന് അറിയിച്ചു. എന്നാല്‍ രാഷ്ട്രപതി എടുക്കുന്ന തീരുമാനത്തില്‍ ഇടപെടാന്‍ സുപ്രീംകോടതിക്ക് പരിമിതമായ അധികാരം മാത്രമേയുള്ളുവെന്നും അഭിഭാഷകന്റെ വാദഗതികള്‍ തള്ളിക്കൊണ്ട് അറിയിക്കുകയായിരുന്നു. കൂടാതെ ഇതൊരു അസാധാരണ വാദം എന്ന് ഉത്തരവില്‍ കോടതി രേഖപ്പെടുത്തി.
സുപ്രീംകോടതിയില്‍ കുറ്റവാളികള്‍ക്കായി സമര്‍പ്പിക്കപ്പെട്ട ഈ അവസാന ഹര്‍ജിയും തള്ളിയതോടെ പുലര്‍ച്ചെ നാലേമുക്കാലോടെ വധശിക്ഷയ്ക്ക് മുന്നോടിയായി തീഹാര്‍ ജയിലില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ആരാച്ചാര്‍ പവനും ഈ യോഗത്തില്‍ പങ്കെടുത്തു. പ്രതികളെ വീണ്ടും ബന്ധുക്കളെ കാണിക്കണമെന്ന വാദവും തള്ളി.
ജയില്‍ നിയമങ്ങള്‍ പ്രകാരം ഇത് അനുവദിക്കാനാവില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. കുറ്റവാളികളുടെ ശാരീരിക ക്ഷമത തൃപ്തികരമെന്നും തിഹാര്‍ ജയിലധികൃതര്‍ അറിയിച്ചു. പ്രാര്‍ത്ഥിക്കാനായി 10 മിനിറ്റ് നല്‍കുന്നതടക്കം എല്ലാ നടപടിക്രമങ്ങള്‍ക്കും ഒടുവിലാണ് നാല് പേരെയും ഒരുമിച്ച് തൂക്കിലേറ്റിയത്.
2012 ഡിസംബര്‍ 16ന് ദില്ലിയിലാണ് രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തിയ ക്രൂരബലാത്സംഗം നടന്നത്. രാത്രി 12 മണിക്കാണ് മുനിര്‍കാ ബസ് സ്റ്റാന്‍ഡില്‍ നിന്ന് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്ന നിര്‍ഭയ പെണ്‍കുട്ടി സുഹൃത്തിനൊപ്പം ബസില്‍ കയറിയത്. പിന്നീട് ആ ബസില്‍ നടന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യങ്ങളായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കുശേഷമാണ് ഇന്ത്യയുടെ മകള്‍ക്ക് നീതി ലഭിക്കാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: