ന്യൂദല്‍ഹി: ഞായറാഴ്ച ജനത കര്‍ഫ്യൂ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വ്യാപനം തടയാനുള്ള നടപടിയുടെ ഭാഗമായാണ് നടപടി. എല്ലാ സംസ്ഥാനങ്ങളും സംഘടനകളും സഹകരിക്കണം. രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പത് വരെ ആണ് കര്‍ഫ്യൂ.
ഇത് സംബന്ധിച്ചുള്ള വിവരം നാളെ മുതല്‍ രണ്ട് ദിവസത്തെയ്ക്ക് ഫോണ്‍ വഴി അറിയിക്കും. ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് കര്‍ഫ്യൂ നടപ്പിലാക്കണം. രാജ്യം കരുതലോടെ ഇരിക്കണം. ലോകമഹാ യുദ്ധത്തേക്കാള്‍ വലിയ പ്രതിസന്ധി ആണെന്ന് മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
കഴിഞ്ഞ 2 മാസമായി, ദശലക്ഷക്കണക്കിന് ആളുകള്‍ ആശുപത്രികളിലും വിമാനത്താവളങ്ങളിലും രാത്രിയും പകലും ജോലിചെയ്യുന്നു, നിസ്വാര്‍ത്ഥമായി മറ്റുള്ളവരെ സേവിക്കുന്നു. മാര്‍ച്ച് 22 ന് അഞ്ച് മണിയ്ക്ക് ജനങ്ങള്‍ വീടുകള്‍ക്കു മുന്നിലും ജനാലകള്‍ സമീപവും ബാല്‍ക്കണികളിലും നിന്ന് അഞ്ചു മിനിറ്റോളം കൈയ്യടിച്ചും മണി മുഴക്കിയും അവരെ അഭിവാദ്യം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും വേണമെന്നും പ്രധാനമന്ത്രി ആവശ്യപെട്ടു.
അത്യാവശ്യമല്ലത്ത ശസ്ത്രക്രിയകള്‍ ഒരു മാസത്തേക്ക് മാറ്റിവയ്ക്കുക. ആരോഗ്യ സേവന മേഘലയില്‍ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് പതിവ് പരിശോധനകള്‍ ഒഴിവാക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. 65 വയസ്സിനു മേലെയുള്ള പൗരന്മാരും 10 വയസ്സിനു താഴെയുള്ള കുട്ടികളും കുറച്ച് ആഴ്ചകളിലേക്ക് പുറത്തിറങ്ങരുത്തെന്നും മോദി പറഞ്ഞു.
കോവിഡ് ഇന്ത്യയെ ബാധിക്കില്ല എന്നത് തെറ്റിദ്ധാരണ ആണെന്നും സ്ഥിതി ഗുരുതരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അവശ്യ സാധനങ്ങള്‍ വാങ്ങി കൂട്ടാന്‍ ആരും മെനക്കെടരുത്. അത്തരം ഒരു പ്രതിസന്ധിയും മുന്നിലില്ല. ജാഗ്രത മുന്‍നിര്‍ത്തി ആണ് എല്ലാ തീരുമാനവും. സാധാരണ ജീവിതം തന്നെ ആണ് മുന്നോട്ട് പോകുക എന്നും മോദി പറഞ്ഞു.
ജനതാ കര്‍ഫ്യു സമയത്ത് ആരും വീടിനു പുറത്തിറങ്ങരുത്. രാജ്യത്തെ 130 കോടി ജനങ്ങളോട് എനിക്ക് വലിയൊരു അഭ്യര്‍ത്ഥനയുണ്ട്, ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊവിഡ് എന്ന് വിശദമാക്കിയ പ്രധാനമന്ത്രി എല്ലാ ജനങ്ങളും ഇതിനെ അതീവ ഗൗരവമായി തന്നെ എടുക്കണമെന്നും ആവശ്യപ്പെട്ടു.
കൊറോണയില്‍ നിന്ന് രക്ഷപ്പെടാന്‍ നിങ്ങളുടെ കുറച്ചുദിവസങ്ങള്‍ രാജ്യത്തിന് നല്‍കണം’ എന്ന് കൂടി പറഞ്ഞ ശേഷമാണ് പ്രധാനമന്ത്രി നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് ഓരോരുത്തരും വിട്ട് നില്‍ക്കണം വരുന്ന കുറച്ച് ആഴ്ചകള്‍ എല്ലാവരും അവരവരുടെ വീടുകളില്‍ തന്നെ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ അതേ പടി പിന്തുടരണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമങ്ങള്‍ ഇവരൊഴികെ ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ധനമന്ത്രിയുടെ കീഴില്‍ കോവിഡ് -19 ഇക്കണോമിക് റെസ്പോണ്‍സ് ടാസ്ക് ഫോഴ്സ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ടാസ്ക് ഫോഴ്സ് എല്ലാ സാമ്പത്തിക പങ്കാളികളുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും അവരുടെ പ്രതികരണങ്ങള്‍ എടുക്കുകയും അതനുസരിച്ച് തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: