കുവൈത്ത് സിറ്റി: കര്‍ശന ജാഗ്രത നിര്‍ദ്ദേശം തുടരുന്ന സാഹചര്യത്തില്‍ കുവൈത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. പന്ത്രണ്ട് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തിൽ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 142 ആയി. അതേ സമയം മൂന്ന് പേർ കൂടി രോഗമുക്തരായി ആശുപത്രി വിട്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
127 പേരാണ് നിലവിൽ ചികത്സയിൽ ഉള്ളത്. നാല് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേ സമയം കോവിഡ് 19 പ്രതിരോധ നടപടികളുമായി സഹകരിക്കാത്ത വിദേശികളെ നാടുകടത്തുമെന്ന് സർക്കാർ അറിയിച്ചു. സർക്കാരിന്റെ നിർദേശങ്ങൾ ഗൗരവത്തോടെ കണക്കിലെടുത്തു കൊറോണ പ്രതിരോധ നടപടികൾ ഫലപ്രദമാകുന്നതിന് സഹകരിക്കണമെന്നും അധികൃതര്‍ സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു.
അതീവ ജാഗ്രതയോടെ കൊറോണ രോഗം പടരുന്നത് നേരിടുന്നതിന് സർക്കാരിന്റെ അടിയന്തിര യോഗത്തിൽ പാർട്ട് ടൈം വ്യവസ്ഥയിൽ വീട്ടു ജോലിക്കാരെ നിയമിക്കുന്നതിന് വിലക്ക് ഏർപ്പെടുത്താന്‍ തീരുമാനിച്ചു. കുവൈത്ത് ആഭ്യന്തര മന്ത്രാലയം കുടിയേറ്റ വിഭാഗം മേധാവി മേജർ ജനറൽ തലാൽ മറാഫിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നിയമലംഘനം കണ്ടെത്തിയാൽ രാജ്യ സുരക്ഷക്ക് മുൻഗണന നൽകി സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കേണ്ടത് ഓരോ സ്വദേശിയുടെയും വിദേശിയുടെയും കടമയാണെന്നും തലാൽ മറാഫി അറിയിച്ചു.
അതേസമയം രാജ്യത്ത് നിലവിൽ തുടരുന്ന ഒരു ലക്ഷത്തിലേറെ വരുന്ന അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി എത്രയും വേഗം നാട് കടത്തുന്നതിനാണ് തീരുമാനം. വരും ദിവസങ്ങളില്‍ പഴുതുകൾ അടച്ചുള്ള മിന്നൽ പരിശോധന ആരംഭിക്കുന്നതിനാണ് അധികൃതർ ആലോചിക്കുന്നത്. ഭക്ഷ്യസാധനങ്ങൾ ലഭിക്കുന്ന കടകൾ ഒഴികെ മറ്റെല്ലാ വാണിജ്യ വ്യാപാര സ്ഥാപനങ്ങളും കുവൈത്തിൽ അടഞ്ഞ് കിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: