തിരുവനന്തപുരം: കൊറോണ ഭീതിവിട്ടൊഴിയാത്തതിനാല് ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും അടച്ചിടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. ഒരു സുരക്ഷിതവുമില്ലാതെ പ്രവര്‍ത്തിക്കുന്ന ബാറുകളും ബിവറേജസുകളും രോഗ വ്യാപനം ഉണ്ടാക്കും. അതിനാല്‍ സര്‍ക്കാര്‍ ഇത് സംബന്ധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. എന്നാല്‍ ബാറുകളും ബിവറേജസുകളും അടച്ചിടേണ്ടെന്ന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തു.
ധന നഷ്ടത്തോടൊപ്പം വ്യാജമദ്യവും വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാലാണ് മദ്യഷോപ്പുകള്‍ അടച്ചിടേണ്ടെന്ന തീരുമാനം എടുത്തതെന്ന് സര്‍ക്കാര്‍ വീണ്ടും വ്യക്തമാക്കി. ബാറുകളില്‍ ടേബിളുകള്‍ അകത്തിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ കഴിഞ്ഞ ദിവസം ബിവറേജസ് കോര്പ്പറേഷന് എംഡി യുടെ സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന സുരക്ഷാ സംവിധാനങ്ങള്‍ ഒരിടത്തും നടപ്പിലാക്കിയില്ല.
ബിവറേജസുകളില്‍ സെക്യൂരിറ്റിയെ നിയമിക്കുമെന്നും മദ്യം വാങ്ങിയ്ക്കാന്‍ വരുന്നവരോട് അകലം പാലിക്കാന്‍ ആവശ്യപ്പെടുമെന്നും പറഞ്ഞിരുന്നു. രോഗഭീതി നിലനിന്നിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: