Categories: India

‘മോദി സര്‍ക്കാര്‍ പിതൃതുല്യര്‍’ ; ഇറ്റലിയില്‍ നിന്നു വന്ന പെണ്‍കുട്ടിയുടെ അച്ഛന്റെ പോസ്റ്റ്

ഇറ്റലിയിലെ ഇന്ത്യന്‍ എംബസി ജീവനക്കാര്‍ക്കും എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ല.

Published by

ന്യൂദല്‍ഹി: കൊറോണ ഭീതിജനകമായി പടരുന്ന ഇറ്റലിയില്‍ നിന്ന് മകളെ ഇന്ത്യയില്‍ മടക്കിയെത്തിച്ച കേന്ദ്ര സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് അച്ഛന്‍. ‘മോദി സര്‍ക്കാര്‍ എനിക്കും എന്റെ മകള്‍ക്കും പിതൃതുല്യരാണ്.’ ഫേസ്ബുക്കിലെ വികാരഭരിതമായ പോസ്റ്റില്‍ മുംബൈ സ്വദേശി സുജയ് കദം കുറിച്ചു. ഇറ്റലിയിലെ മിലാനില്‍ കുടുങ്ങിയ,സുജയിന്റെ മകളടക്കം നിരവധി ഇന്ത്യക്കാരെ കഴിഞ്ഞ ദിവസങ്ങളിലായി കേന്ദ്രം മടക്കിയെത്തിച്ചിരുന്നു.  സുജയിന്റെ പോസ്റ്റ്:

‘ഫെബ്രുവരി നാലിനാണ് മകള്‍ ബിരുദാനന്തര ബിരുദ പഠനത്തിന് മിലാനില്‍ പോയത്. 28ന് നാലു മാസത്തെ വാടകയടക്കം നല്‍കി താമസ സൗകര്യവും ശരിയാക്കി. പക്ഷേ കൊറോണ കാരണം മാര്‍ച്ച് പത്തിന് എല്ലാ സ്ഥാപനങ്ങളും അടച്ചു. സ്ഥിതിഗതികള്‍ വഷളായതോടെ മടങ്ങിവരാന്‍ മകളോട് അഭ്യര്‍ഥിച്ചു. പക്ഷേ വിമാനവും നിലച്ചിരുന്നു. തുടര്‍ന്ന് മകള്‍  കുടുങ്ങിയ വിവരം  മാര്‍ച്ച് 12ന് ഇറ്റലിയിലെ ഇന്ത്യന്‍ എംബസിയില്‍  അറിയിച്ചു. മാര്‍ച്ച് 13ന് രാത്രിയില്‍ എംബസിയില്‍ നിന്ന് തന്നെ വിളിച്ചു. മാര്‍ച്ച് 14ന് മകളെ മടക്കി അയയ്‌ക്കുമെന്ന് അറിയിച്ചു. വര്‍ഷങ്ങളായി മോദി സര്‍ക്കാരിനെ താന്‍ നിരന്തരം വിമര്‍ശിച്ചിരുന്നയാളാണ്. പക്ഷേ, ഇപ്പോള്‍ മോദി സര്‍ക്കാര്‍ എനിക്കും മകള്‍ക്കും  പിതൃതുല്യരാണ്. ഭക്ഷണവും മരുന്നുമടക്കം അവള്‍ക്ക് നല്‍കി, രക്ഷിതാക്കളുടെ കരുതലോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്.’

ഇറ്റലിയിലെ ഇന്ത്യന്‍ എംബസി ജീവനക്കാര്‍ക്കും എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ല. അവരുടെ കുട്ടികളെ ഇന്ത്യന്‍ എംബസി നല്ല നിലയ്‌ക്കാണ് പരിപാലിക്കുന്നത്, അദ്ദേഹം തുടര്‍ന്നു.

മാര്‍ച്ച് 15ന് മടങ്ങിയെത്തിയ പെണ്‍കുട്ടി ഇപ്പോള്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ ക്യാമ്പില്‍ നിരീക്ഷണത്തിലാണ്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക