റോം: ചൈനയ്ക്കു പുറത്ത് കൊറോണ വൈറസ് ബാധ ഏറ്റവും ജീവനെടുക്കുന്ന രാജ്യമായി ഇറ്റലി. ഇന്നലെ മാത്രം ഇറ്റലിയില്‍ മരിച്ചത് 345 പേര്. ഇതോടെ കൊറോണ ബാധിച്ച് രാജ്യത്ത് 2503 പേര് മരിച്ചു. ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ലോകത്ത് ഏറ്റവും അധികം മരണം റിപ്പോര്‍ട്ടു ചെയ്യുന്ന രാജ്യമായി ഇറ്റലി മാറുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
ഇറ്റലിയില്‍ മുപ്പതിനായിരത്തിലേറെ (31,506) ജനങ്ങള്‍ കൊറോണ ബാധിതരാണ്. ഇതില്‍ 16,062 പേരെ ആക്റ്റീവ് കേസ് വിഭാഗത്തിലാണ് ഉള്പ്പെടുത്തയിട്ടുള്ളത്. 2941 പേര് വൈറസ് ബാധയില്‍ നിന്ന് മുക്തരായി. ലോംബാര്‍ഡി എന്ന പ്രദേശത്താണ് വൈറസ് ഏറ്റവുമധികം നാശം വിതച്ചത്. ഇവിടെ മാത്രം 1640 പേര് മരിച്ചു. വിവിധ ആശുപത്രികളിലായി 879 പേര് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഞാന്‍ ഇറ്റലിയില്‍ ഡോക്ടറാണ്. ഇതുപോലൊന്ന് എന്റെ ജീവിതത്തില്‍ അനുഭവിച്ചിട്ടില്ലെന്നു തുടങ്ങുന്ന മാര്‍കോ പാവെസി എന്ന ഡോക്ടറുടെ കുറിപ്പ് കഴിഞ്ഞ ദിവസം ലോക ശ്രദ്ധ നേടിയിരുന്നു. വൈറസ് ബാധ സ്ഥിരീകരിച്ചു തുടങ്ങിയ ദിവസങ്ങളില്‍ രോഗികളെ എത്തിച്ച മിലാനെസ് ക്ലിനിക്കിലെ അനസ്തേഷ്യ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഡോക്ടറാണ് മാര്‍കോ പാവെസി. ഗുരുതരമായ അവസ്ഥയിലൂടെയാണ് ഇറ്റലി കടന്നുപോകുന്നത്. അധികം വൈകാതെ രാജ്യത്തിന്റെ പൊതുജനാരോഗ്യ മേഖല തകര്‍ച്ചയെ നേരിടും, ഡോ. മാര്‍കോ പാവെസി എഴുതുന്നു.
അതേസമയം, വൈറസ് ബാധ നേരിടുന്നതിന്റെ ഭാഗമായി ഓസ്ട്രേലിയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മനുഷ്യ ജൈവ സുരക്ഷാ അടിയന്തരാവസ്ഥയാണ് (ഹ്യൂമന്‍ ബയോ സെക്യൂരിറ്റി എമര്‍ജന്‍സി) പ്രഖ്യാപിച്ചതെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ പറഞ്ഞു. പൗരന്മാരുടെ വിദേശ യാത്രകളും വിലക്കി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ സര്‍ക്കാരിന് നഗരങ്ങള്‍ അടയ്ക്കാം, കര്‍ഫ്യൂ പ്രഖ്യാപിക്കാം, ജനങ്ങളെ ബലമായി ക്വാറന്റൈന് ചെയ്യാനും അധികാരമുണ്ട്.
നൂറിലേറെപ്പേരുടെ യോഗങ്ങളും വിലക്കി. 425 പേര്‍ക്ക് രോഗം ബാധിച്ച ഇവിടെ ആറു പേരാണ് മരണമടഞ്ഞത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഓസ്ട്രേലിയ എയര്‍ലൈനുകള്‍ക്ക് 430 ദശലക്ഷം ഡോളര്‍ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: