ന്യൂദല്‍ഹി: മിസ്റ്റര്‍ കൂള്‍ മഹേന്ദ്ര സിങ് ധോണി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ സാധ്യത കുറവാണെന്ന് മുന്‍ ഓപ്പണര്‍ വീരേന്ദ്ര സെവാഗ്. ധോണിയുടെ അസാന്നിധ്യം പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സെലക്ടര്‍മാര്‍ കണ്ടെത്തിക്കഴിഞ്ഞതായും ധോണി ടീമിലേക്കു മടങ്ങിയെത്തുമെന്നു കരുതുന്നില്ലെന്നുമാണ് സെവാഗ് പറഞ്ഞത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ നീണ്ടുപോകുകയും ധോണിയുടെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് ഒരിക്കല്‍ക്കൂടി ചര്‍ച്ചയാകുകയും ചെയ്യുന്നതിനിടെയാണ് സേവാഗിന്റെ പ്രതികരണം.
‘ഋഷഭ് പന്തും കെ.എല്‍. രാഹുലും മികച്ച ഫോമില്‍ കളിക്കുമ്പോള്‍ ധോണിയെ എവിടെ ഉള്‍ക്കൊള്ളിക്കാനാണ്’ എന്നാണ് സെവാഗ് ചോദിക്കുന്നത്. കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് രാഹുല്‍ ഇപ്പോള്‍. അതിനാല്‍ ധോണി വീണ്ടും ടീം ഇന്ത്യ ജേഴ്സി അണിയുമെന്ന് കരുതുന്നില്ല, സെവാഗ് വ്യക്തമാക്കി.
ന്യൂസിലന്‍ഡ് പര്യടനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി നിറംമങ്ങിയത് വലിയ കാര്യമല്ലെന്നും സേവാഗ് ചൂണ്ടിക്കാട്ടി. ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളുടെയെല്ലാം കരിയറില്‍ ഇത്തരം തിരിച്ചിറക്കങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സച്ചിന് ടെണ്ടുല്‍ക്കര്‍, സ്റ്റീവ് വോ, ജാക്വസ് കാലിസ്, റിക്കി പോണ്ടിങ് തുടങ്ങിയവരുടെ ഉദാഹരണങ്ങളും സേവാഗ് എടുത്തുകാട്ടി.
അതേസമയം ഇത്തവണത്തെ ട്വന്റി20 ലോകകപ്പില്‍ കിരീടസാധ്യത പ്രവചിക്കാന്‍ ബുദ്ധിമുട്ടാണെന്നും സേവാഗ് അഭിപ്രായപ്പെട്ടു. ട്വന്റി20 ക്രിക്കറ്റില്‍ പൊതുവെ പ്രവചനങ്ങള്‍ അസാധ്യമാണ്. ഒരു ടീമിനും കിരീട സാധ്യത പ്രത്യേകം എടുത്തുപറയാനാകില്ല. മികച്ച ഫോമിലുള്ള ഒറ്റ കളിക്കാരന് വിചാരിച്ചാല്‍ മാത്രം കളിയുടെ ഫലം തന്നെ മാറ്റിമറിക്കാനാകുമെന്നും സേവാഗ് ചൂണ്ടിക്കാട്ടി. ഹാര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് ഇന്ത്യന്‍ ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും സേവാഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: