നമ്മുടെ രാഷ്‌ട്രത്തിന്റെ ഭരണ്രകമം വ്യക്തമായ നിയമത്തിന്റെയും അധികാരത്തിന്റെയും ബലത്തിലാണ് മുന്നോട്ടു പോകുന്നത്. അതിന്റെ അടിസ്ഥാനം ഭരണഘടനയാണ്. ഭരണഘടനയുടെ കസ്‌റ്റോഡിയനാണ് രാഷ്‌ട്രപതി. രാഷ്‌ട്രപതിയില്‍ നിക്ഷിപ്തമായ അവകാശങ്ങളും അധികാരങ്ങളുമുണ്ട്. അതിലൊന്നാണ് പാര്‍ലമെന്റിലേക്ക് നിശ്ചിത അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുക എന്നത്. രാജ്യസഭയിലേയ്‌ക്ക്, വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച 12 പേരെയും ലോക്‌സഭയിലേക്ക് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളേയും നിശ്ചയിക്കുന്നത് രാഷ്‌ട്രപതിയുടെ വിവേചനാധികാരമാണ്. അതിനെ ചോദ്യം ചെയ്യുന്നത് ഭരണഘടനയേയും രാഷ്‌ട്രപതിയേയും നിന്ദിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതിന് തുല്യമാണ്. നിയമജ്ഞന്‍ എന്ന നിലയില്‍ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയില്‍ അംഗമാക്കിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് വിജ്ഞാപനം വന്നത്. അതിനെതിരെ കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കളും ചില പെന്‍ഷന്‍ പറ്റിയ നിയമജ്ഞരും അതിരൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ്. നിയമവാഴ്ച തകരുന്നു, ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവം ഇല്ലാതാകുന്നു എന്നൊക്കെയുള്ള വിലാപമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
വ്യക്തമായ രാഷ്‌ട്രീയവും മതപരമായ നിലപാടുമുള്ള നിരവധി അഭിഭാഷകര്‍ ജസ്റ്റിസുമാരായി നിയമനം നേടിയിട്ടുണ്ട്. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്ന വി.ആര്‍. കൃഷ്ണയ്യര്‍ സുപ്രീം കോടതിയിലെ ജസ്റ്റിസായിട്ടുള്ള കാര്യം വിസ്മരിക്കാനാവില്ലല്ലോ. അങ്ങനെ പലരും. മുസ്ലിം താല്‍പ്പര്യ സംരക്ഷകനായി ഇപ്പോള്‍ സജീവമായി രംഗത്തുള്ള ജസ്റ്റിസ് കെമാല്‍ പാഷയെ ആരെങ്കിലും അദ്ദേഹത്തിന്റെ സേവനകാലത്ത് പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ടുണ്ടോ? അതുപോലെ നിയമജ്ഞന്‍ എന്ന നിലയില്‍ ഉന്നതപദവി വഹിച്ച പലരും പിന്നീട് രാഷ്‌ട്ര നിര്‍മ്മാണ പദവിയിലും സഭയിലും അംഗമായിട്ടുണ്ട്.
ഇന്ത്യയുടെ പതിനൊന്നാമത് രാഷ്‌ട്രപതിയായിരുന്നത് ജസ്റ്റിസ് ഹിദായത്തുള്ളയാണ്. കോണ്‍ഗ്രസ് ഭരണകാലത്താണ് അദ്ദേഹത്തിന് ഈ പദവി നല്‍കിയത്. 1968 ഫെബ്രുവരി മുതല്‍ 1970 ഡിസംബര്‍ വരെ ചീഫ് ജസ്റ്റിസായിരുന്നു ജസ്റ്റിസ് ഹിദായത്തുള്ള. അദ്ദേഹത്തിനുശേഷം 21ാമത് ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് രംഗനാഥ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി. 1990ലായിരുന്നു നിയമനം. അന്ന് ആരായിരുന്നു കേന്ദ്രഭരണം നടത്തിയിരുന്നതെന്ന് പറയേണ്ടതില്ലല്ലോ. 1998 മുതല്‍ 2004 വരെ അദ്ദേഹം രാജ്യസഭാംഗവുമായി. ഇന്ന് വെപ്രാളം കാട്ടുന്നവര്‍ക്ക് അന്നൊന്നും വേവലാതിയുമില്ല, അന്ധാളിപ്പുമില്ല. മലയാളിയായ ചീഫ് ജസ്റ്റിസ് കെ. ബാലകൃഷ്ണനും വിരമിച്ചശേഷം ഉന്നതപദവി കിട്ടി. കേന്ദ്രസര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും അന്വേഷണ കമ്മീഷന്‍ എന്ന പേരില്‍ ന്യായാധിപന്മാര്‍ക്ക് ഉന്നത പദവികള്‍ നല്‍കാറുണ്ട്. അതൊക്കെ ജുഡീഷ്യല്‍ കമ്മീഷന്‍ എന്ന നിലയില്‍ വിമര്‍ശിക്കപ്പെടാറില്ല. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ കാര്യത്തില്‍ മറിച്ചായത് എന്തുകൊണ്ടാണ്?
സംഗതി വ്യക്തമാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ എന്തു ചെയ്താലും അത് വിവാദമാക്കുക എന്നത് ശീലമാക്കിയ ചിലരുണ്ട്. കാര്യങ്ങളൊന്നുമില്ലെങ്കിലും അക്കൂട്ടര്‍ കാരണങ്ങളുണ്ടാക്കി രംഗത്തിറങ്ങും. അതാണിപ്പോള്‍ കണ്ടുവരുന്നത്. ഇത്രവേഗം അദ്ദേഹത്തെ രാജ്യസഭയിലെത്തിക്കാമോ എന്നാണ് കണ്ടെത്തിയ കുറ്റം. എത്രകാലത്തിനു ശേഷമാണ് അത് നല്‍കേണ്ടത്? പല്ലുകൊഴിഞ്ഞ് കേള്‍വിയും കാഴ്ചയും മങ്ങിയശേഷമോ? ഇന്ന് നിയമനിര്‍മാണസഭകള്‍ സക്രിയമാണ്. തകര്‍ന്നടിഞ്ഞ നിയമങ്ങള്‍ ദൂരത്തെറിഞ്ഞ് സംസ്‌കാരത്തിനും സാധാരണക്കാരനടക്കമുള്ള സര്‍വമാന ജനങ്ങള്‍ക്കുമായുള്ള ചര്‍ച്ചകളും നിയമനിര്‍മാണവും നടക്കുമ്പോള്‍ ധര്‍മബോധമുള്ളവരും യുക്തിഭദ്രമായി ചിന്തിക്കാന്‍ കഴിയുന്നവരും സഭയിലെത്തണം. നിയമജ്ഞനായ കെ.ടി.എസ്. തുള്‍സി വിരമിക്കുന്ന ഒഴിവിലേക്കാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്യെ നിയമിക്കാന്‍ നിശ്ചയിച്ചത്. യുക്തമായ ഈ നിയമനത്തെ ചോദ്യംചെയ്യുന്നവര്‍ പറയുന്നതെല്ലാം അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നതുപോലുള്ള ന്യായമാണ്. അത് ജനങ്ങള്‍ പുച്ഛത്തോടെ തള്ളുകതന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: