പരമാത്മാവ് മാതൃഭാവത്തില്‍ ദേവിയോ ശക്തിയോ ആണ്. ദേവിയെ വേദങ്ങളിലും പ്രകീര്ത്തിച്ചിട്ടുണ്. അദ്വൈതവാദികളില്‍ അഗ്രേസരനായ ശ്രീശങ്കരാചാര്യര്‍ രചിച്ച സ്തോത്രങ്ങളില്‍ സമാരാദ്ധ്യങ്ങളായ വിഭൂതികളോടൊപ്പം ഭക്തിയുടെ മഹോന്നത പദവിയും സ്പഷ്ടമാക്കിയിരിക്കുന്നു. ദേവി സഗുണ തേജസ്സോടെ പ്രത്യക്ഷപ്പെടുമെങ്കിലും ദേവി നിര്ഗുണശക്തി തന്നെയാണ്. ദേവിയെ നിങ്ങള്‍ പരാശക്തിയായി ഭാവനചെയ്യുകയും ഉപാസിക്കുകയും ചെയ്താല്‍ നിങ്ങളുടെ എല്ലാ ദൗര്‍ബ്ബല്യങ്ങളും പലായനം ചെയ്യും. നിങ്ങള്‍ ശിശുസഹജമായ നിഷ്കളങ്കതയോടും സരളതയോടും ശരണാഗതിയോടുംകൂടി ദേവിയെ സമീപിച്ചാല്‍ ദേവി വാത്സല്യപൂര്‍ണ്ണമായ മാതൃഭാവത്തെ നിങ്ങള്‍ക്കു പ്രത്യക്ഷമാക്കിത്തരും. ദേവി നിങ്ങളെ സ്നേഹിക്കും, ലാളിക്കും,താരാട്ടും. യോഗനിദ്രയിലേക്കു നിങ്ങളെ നയിക്കും. സദാപി പ്രതിദ്ധ്വനിച്ചുകൊണ്ടിരിക്കുന്ന ദിവ്യാത്മകപ്രണവമാണ് ദേവിയുടെ താരാട്ട്പാട്ട്. ഈശ്വരനെ മാതൃഭാവത്തില്‍ ആരാധിക്കുകയാണ് സാന്മാര്ഗ്ഗിക ശുദ്ധിയിലേക്കും ഭക്തിയിലേക്കും, സ്വാര്ത്ഥത്യാഗത്തിലേക്കും മുക്തിയിലേക്കും നയിക്കുന്ന സുഗമമാര്‍ഗം.
ഒരു ശക്ത്യുപാസകന,് സ്ത്രീകള്‍ ജഗത്ജനനിയുടെ പ്രതിബിംബങ്ങളോ ഭാവങ്ങളോ മൂര്ത്തിമദ്രൂപങ്ങളോ ആണ്. അയാള്‍ സ്ത്രീകളെയെല്ലാം സ്വന്തം അമ്മയായി കാണുന്നു. ഈ വിശുദ്ധഭാവം ചിത്തത്തെ പവിത്രീകരിക്കുന്നു.ഏറ്റവും കഠിനമായ തപസ്സുകൊണ്ടുപോലും നേടാന്‍ പ്രയാസമുള്ള വികാരനിഗ്രഹം ദിവ്യമാതാവിനോടുള്ള ആനന്ദസന്ദായകമായ പരമപ്രേമത്തിലൂടെ നിഷ്പ്രയാസം സാധിക്കുന്നു.
(സമ്പാ: കെ.എന്‍.കെ.നമ്പൂതിരി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: