ക്ഷേത്രസോപാനങ്ങളില്‍ കൊട്ടിപ്പാടിസേവയ്ക്ക് പാടാറുള്ള സംഗീതരീതിയാണ് സോപാനസംഗീതം. കേരളത്തിന്റെ വ്യക്തിത്വം തന്നെയാണ് ഈ സംഗീത രീതിയിലൂടെ പ്രകടമാകുന്നത്. ആദ്യകാലത്ത് ഗീതഗോവിന്ദത്തിലെ അഷ്ടപദിഗീതങ്ങളാണ് ക്ഷേത്രസോപാനങ്ങളില്‍ ആലപിച്ചിരുന്നത്. തുടര്‍ന്ന് സ്വാതിതിരുനാള്കീര്ത്തനങ്ങള് സോപാനരീതിയില്‍ പാടാന്‍ തുടങ്ങി. സോപാനരീതി അഷ്ടപദിയിലും, കൃഷ്ണനാട്ടത്തിലും, പിന്നീട് കഥകളിയിലും തുടര്‍ന്നുവന്നു. മുന്‍കാലങ്ങളില്‍ കഥകളിസംഗീതം ശുദ്ധസോപാന രീതിയില്‍ തന്നെയായിരുന്നു. സോപാന സംഗീതസമ്പ്രദായത്തിന്റെ രൂപീകരണത്തില്‍ ജയദേവ ഗീതഗോവിന്ദത്തിന് പ്രധാനപങ്കുണ്ട്. ഭക്തിഭാവത്തിന് കോട്ടംതട്ടും എന്നുള്ളതുകൊണ്ടാണ് അമിതമായ രാഗാലാപനവും, ഗമകങ്ങളും സോപാന സംഗീതത്തില്‍ ഉപയോഗിക്കാത്തത്. രാഗഭാവം ആഹാരത്തിലൂടെ പ്രകടമാക്കുകയല്ലാതെ കൂടുതല്‍ സംഗതികള്‍ ഒന്നുംതന്നെ ഇതില്‍ ഉപയോഗിക്കാറില്ല. വിളംബകാലത്തിലാണ് ഇത് ആലപിച്ചുവരുന്നത്. ആന്തോളിത ഗമകമാണ് സോപാനസംഗീതത്തില്‍ പൊതുവേ ഉപയോഗിക്കുന്നത്. കൂടുതല്‍ ഭക്തിചെയ്യുന്ന സംഗീത ഉപകരണമാണ് ഇടയ്ക്ക എന്നതിനാല്‍ ഇത് ഇടയ്ക്കയുടെ അകമ്പടിയോടെ ആലപിക്കുന്നു. ഇടയ്ക്കയും, ചേങ്ങിലയും സോപാന സംഗീതത്തെ ഭക്തിയുടെ പാരമ്യതയില്‍ എത്തിക്കുന്നു. ചേങ്ങില ഉപയോഗിച്ചാണ് താളം പിടിക്കുന്നത്.
സോപാന സംഗീതം പാടുന്നയാള്‍ അമ്പലവാസി എന്നും അറിയപ്പെടുന്നു. ക്ഷേത്രങ്ങളില്‍ സോപാന സംഗീതം ആലപിക്കുന്ന തിയ്യാനിയോടുകൂടിയാണ്. തിയ്യാനിയെന്നത ്പ്രാരംഭത്തിലുള്ള ഗണപതി സ്തുതിയാണ് .ഏതു ദേവപ്രതിഷ്ഠയുള്ള ക്ഷേത്രമായാലും തിയ്യാനി ആലാപനത്തിനുശേഷമേ സോപാന സംഗീതം അവതരിപ്പിക്കൂ. ചുരുക്കത്തില്‍ ദൈവത്തോടുള്ളഒരു പ്രാര്‍ത്ഥനയാണ് തിയ്യാനി.
പണ്ട്മുതലേ സോപാന സംഗീതം ശിവക്ഷേത്രവുമായും, ദേവീക്ഷേത്രവുമായും ബന്ധപ്പെട്ടുകിടക്കുന്നു. അഷ്ടപദി കേരളത്തില്‍ നിലവില്‍ വരുന്ന സമയത്ത് സോപാന സംഗീതത്തിന് കൃത്യമായ ഒരു രൂപഘടന ഉണ്ടായിരുന്നു. ഈ സമയത്താണ് വൈഷ്ണവിസത്തിന് കേരളത്തില്‍ പ്രാമുഖ്യമുണ്ടായത്. അങ്ങനെ എല്ലാ വിഷ്ണു കൃഷ്ണക്ഷേത്രങ്ങളിലും അഷ്ടപദി ആലപിക്കാന്‍ തുടങ്ങി.
(നാളെ: ജയദേവ കവിയുടെ അവതാരം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: