മഹാമാരിയായി കോവിഡ് 19 പരക്കുമ്പോള്‍ മനുഷ്യനിലെ മഹത്വവും നീചത്വവും എങ്ങനെയെന്നും എത്രമാത്രമെന്നും അറിയാനാവുന്നു. ഒറ്റപ്പെടുത്താന്‍ ഉത്സാഹം കാണിക്കുന്നവര്‍ അവരെ ഒപ്പം കൂട്ടേണ്ടവരാണെന്ന സാധാരണ മനുഷ്യത്വമാണ് വലിച്ചെറിയുന്നത്. വിവേചനബുദ്ധിയുള്ള മനുഷ്യന് അത് പ്രയോഗിക്കാന്‍ കഴിവുള്ളതിനാല്‍ തന്നെയാണ് മനുഷ്യന്‍ എന്ന പേരുലഭിച്ചത്. എന്നാല്‍ അത് കളഞ്ഞുകുളിക്കുന്ന തരത്തിലാണ് സ്ഥിതിഗതികളില്‍ പലതും.
ഒരു മഹാമാരിയെ നേരിടുമ്പോള്‍ അതിന്റേതായ പല ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടാവുക സ്വാഭാവികം. അത്തരം ബുദ്ധിമുട്ടുകളെ അതിജീവിക്കേണ്ടത് വ്യക്തിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടാണ്. അതിനൊപ്പം ബന്ധപ്പെട്ട അധികൃത കേന്ദ്രങ്ങളുടെ നിര്‍ദ്ദേശവും ഉപാധിലേശമെന്യേ സ്വീകരിക്കണം. കാരണം സമൂഹത്തിന്റെ നിലനില്‍പിനാണ് പ്രഥമ പരിഗണന. അങ്ങനെയല്ലെങ്കില്‍ മഹാമാരി മൊത്തം സമൂഹത്തെ വിഴുങ്ങുക തന്നെ ചെയ്യും.
കേരളത്തിന്റെ കാര്യമെടുത്താല്‍ പ്രതിരോധവും ജാഗ്രതയും അങ്ങേയറ്റം സ്വീകരിച്ചിരിക്കുന്നു എന്നു പറയേണ്ടിവരും. ദൈവത്തിന്റെ സ്വന്തം നാടായാലും അല്ലെങ്കിലും രോഗത്തിന് വേര്‍തിരിവൊന്നുമില്ല. എത്രമാത്രം സൂക്ഷ്മതയോടെ കാര്യങ്ങള്‍ ചെയ്യാന്‍കഴിയുമോ അത്രമാത്രം രോഗാണു അകലം പാലിക്കുമെന്നാണ് പറയാറുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് പ്രതിരോധ മാര്‍ഗങ്ങള്‍ ചിട്ടപ്പെടുത്തിയത്. ശുചിത്വവും സൗഹൃദവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ശുചിത്വം വലിയൊരളവുവരെ സകല രോഗങ്ങളെയും അകറ്റിനിര്‍ത്തും. പണ്ടുകാലത്ത് വീടുകളില്‍ ഉമ്മറത്ത് കിണ്ടിയില്‍ വെള്ളം വച്ചിരുന്നത് എന്തിനായിരുന്നു എന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലാവുന്നു. പുറത്തു നിന്ന് വരുമ്പോള്‍ കൈകാല്‍ കഴുകി മാത്രമേ വീട്ടിലേക്ക് കയറാന്‍ പാടുണ്ടായിരുന്നുള്ളൂ. അതൊക്കെ പോയി നേരെ അടുക്കളവരെ ചെരിപ്പിട്ടു ചെല്ലുന്ന രീതി പുരോഗമനത്തിന്റേതായപ്പോള്‍ പുരോഭാഗത്ത് രോഗാണുക്കള്‍ ആര്‍ത്തു തിമിര്‍ക്കാന്‍ തുടങ്ങി.
അതിന്റെ നീക്കിബാക്കിയാണ് കോവിഡായും നിപ്പയായും മറ്റും നമ്മെ സംഹരിക്കാന്‍ തയാറായിരിക്കുന്നത്. അതിനെതിരെ സാധ്യമായ പ്രതിരോധമൊരുക്കുമ്പോള്‍ മനുഷ്യത്വരഹിതമായ നടപടികളുമുണ്ടാകുന്നു എന്നതത്രേ ഖേദകരം. അനാവശ്യ ഭീഷണി സൃഷ്ടിക്കുക, അപവാദ പ്രചാരണം നടത്തുക, ഒറ്റപ്പെടുത്തി അപമാനിക്കുക തുടങ്ങിയ സാമൂഹിക ദ്രോഹങ്ങളും അരങ്ങേറുന്നുണ്ട്. ഗ്രാമങ്ങളിലാണ് ഇത് കൂടുതലുമുണ്ടാകുന്നത്. സ്വയംക്വാറന്റൈന്‍ ആയ വ്യക്തിയെ പോലും അപമാനിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ വഴിമറിഞ്ഞു പോകുന്നു. വിദേശസഞ്ചാരികള്‍ക്കാണ് അതിനേക്കാള്‍ വേദനാജനകമായ അനുഭവം. ഇവരൊക്കെ കോവിഡ് പരത്തുന്നവരാണെന്ന നീച ബോധമാണുള്ളത്. താമസിക്കാന്‍ ഇടം കൊടുക്കാതെ, ഭക്ഷണം നല്‍കാതെ അവരെ ദ്രോഹിക്കുന്നു. പുകള്‍പെറ്റ നമ്മുടെ നാടിന്റെ ക്രൂരമുഖമല്ലേ അത്. ആതിഥ്യമര്യാദയ്‌ക്കും സ്‌നേഹാശ്ലേഷത്തിനും മുന്‍പന്തിയിലുള്ള ഒരു നാട്ടില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് ഇതൊക്കെ.
മറ്റ് മഹാവ്യാധികളെ പോലെയല്ല കോവിഡ്. വളരെ കുറവ് മരണനിരക്ക് മാത്രമേ ഈ രോഗം കൊണ്ട് സംഭവിക്കൂ. പ്രതിരോധശേഷി കുറഞ്ഞ, പ്രായമായവരെയാണ് ഗുരുതരമായി ബാധിക്കുക. വ്യക്തിശുചിത്വം ആണ് ഏറ്റവും നല്ല മരുന്ന്. വ്യാപകമായി പടരും എന്നതാണ് മറ്റ് മഹാമാരികളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. എന്നാല്‍ പേടിപ്പെടുത്തുന്ന വ്യാജപ്രചാരണങ്ങള്‍ എമ്പാടും പരക്കുന്നുണ്ട്. മുറിവൈദ്യന്‍ ആളെക്കൊല്ലുമെന്ന് പറയുമ്പോലെയാണ് സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണങ്ങള്‍. കോവിഡ് പടരുന്നതിന്റെ ശൃംഖല മുറിക്കുന്നതില്‍ ഏറ്റവും പ്രധാനം വ്യക്തി ശുചിത്വവും രോഗബാധിതന്റെ സ്വയം മാറി നില്‍ക്കലുമാണ്. കേരളത്തില്‍ അതൊക്കെ ഫലപ്രദമായി നടക്കുന്നുണ്ടെങ്കിലും കോവിഡിനേക്കാള്‍ ക്രൂരമായ സാമൂഹികദ്രോഹ വൈറസും പടരുന്നുണ്ട്. കോവിഡ് ഉള്‍പ്പെടെയുള്ളവയ്‌ക്ക് വാക്‌സിന്‍ കണ്ടുപിടിച്ചാലും മേല്‍ സൂചിപ്പിച്ചതിന് വാക്‌സിന്‍ കണ്ടു പിടിക്കാനാവില്ല. അതിന് നല്ല മനുഷ്യനാവണം. ആ ഒരു തിരിച്ചറിവിലേക്ക് സമൂഹം ഉണരാന്‍ ഇന്നത്തെ സ്ഥിതിഗതികള്‍ ഇടവരുത്തട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: