തിരുവനന്തപുരം: കൊറോണ ഭീഷണിയില്‍ രാജ്യത്തേയും സംസ്ഥാനത്തേയും സാമ്പത്തിക നില പരുങ്ങലില്‍ ആണെങ്കിലും പിണറായി സര്‍ക്കാരിന്റെ ധൂര്‍ത്തിന് ഒട്ടും കുറവില്ല. ദല്‍ഹി കേരള ഹൗസിലേക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്നു വാങ്ങി നല്‍കുന്നത് പുതിയ എട്ടു കാറുകള്‍. അതിലൊന്ന് ദല്‍ഹിയില്‍ പ്രത്യേക പണിയൊന്നുമില്ലാതെ തങ്ങുന്ന മുന്‍ എംപി എ. സമ്പത്തിന്. സംസ്ഥാന-കേന്ദ്ര ബന്ധങ്ങള്‍ക്കുള്ള മധ്യസ്ഥന്‍ എന്ന തരത്തിലാണ് ക്യാബിനറ്റ് പദവിയോടെ അനാവശ്യ തസ്തിക സൃഷ്ടിച്ച് സമ്പത്തിനെ ദല്‍ഹിക്ക് അയച്ചത്. ഈ നിയമനം ഏറെ വിവാദവുമായിരുന്നു. ഏറ്റവും ഒടുവില്‍ ഡല്‍ഹി കേരള ഹൗസിലേക്കും നഗരകാര്യ ഡയറക്ടര്‍ക്കും പുതിയ കാറുകള്‍ വാങ്ങാന്‍ അനുമതി നല്കി. ഡല്‍ഹി കേരള ഹൗസിലേക്ക് എട്ട് പുതിയ കാറുകള്‍ വാങ്ങാനാണ് പൊതുഭരണ വകുപ്പ് പൊളിറ്റിക്കല്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി അനുമതി നല്‍കിയത്. ഇതിന്റെ ഉത്തരവും പുറപ്പെടുവിച്ചു. പകരം കേരള ഹൗസിലെ പഴയ 7 കാറുകള്‍ കേരളത്തില്‍ അയക്കാന്‍ ഉത്തരവില്‍ പറയുന്നു. ഈ കാറുകളുടെ രജിസ്ട്രേഷന് നമ്പറും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ധനകാര്യ പ്രതിസന്ധി തുടരുമ്പോഴാണ് ലക്ഷങ്ങള്‍ മുടക്കി പുതിയ കാറുകള്‍ വാങ്ങുന്നത്. ഡല്‍ഹി കേരള ഹൗസിന്റെ തനത് ഫണ്ടില്‍ നിന്നും വാഹനങ്ങള്‍ വാങ്ങാനാണ് നിര്‍ദേശം. എന്നാല്‍ സാമ്പത്തിക വര്‍ഷാവസാനമായതിനാല്‍ ഫണ്ടിന്റെ അഭാവം പുതിയ കാറുകള്‍ വാങ്ങുന്നതിന് തടസമാകും. ഇത് മറികടക്കാന്‍ ധനകാര്യ വകുപ്പ് കൂടുതല്‍ ഫണ്ട് അനുവദിക്കും.
ഇക്കഴിഞ്ഞ ദിവസം നഗരകാര്യ ഡയറക്ടര്‍ക്കും നല്കി പുതിയ ഇന്നോവ ക്രിസ്റ്റ. ഈ മാസം മൂന്നിന് ധനവകുപ്പ് കാര്‍ വാങ്ങാന്‍ അനുമതി കൊടുക്കുകയും തുക അനുവദിക്കുകയും ചെയ്തു . ധനവകുപ്പിന്റെ അനുമതിയെ തുടര്‍ന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് 14.80 ലക്ഷം രൂപക്ക് ഇന്നോവ ക്രിസ്റ്റ വാങ്ങാന്‍ ഉത്തരവിറക്കിയിരുന്നു. പുതിയ കാര്‍ വാങ്ങില്ല എന്നായിരുന്നു മന്ത്രി ഐസക്കിന് ബജറ്റ് പ്രസംഗം. കാറുകള്‍ വകുപ്പുകള്‍ക്ക് വാടകക്ക് എടുക്കാം എന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍, സംസ്ഥാന അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ തുടരുമ്പോഴും മന്ത്രിയുടെ വാക്കുകള്‍ പാഴ് വാക്ക് ആകുകയും ധൂര്‍ത്ത് തുടരുകയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: