ബെംഗളൂരു: പൗരത്വ നിയമ ഭേദഗതി ഭാരതഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് നല്കുന്ന പിന്തുണയുടെ അടയാളമാണെന്ന് ആര്‍എസ്എസ്. ഭേദഗതി ന്യൂനപക്ഷങ്ങളെ കണക്കിലെടുത്തുള്ളതാണ്. ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല് പാസാക്കിയ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പാക്കിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍നിന്നുള്ള ന്യൂനപക്ഷ വിഭാഗമായ ഹിന്ദു, സിഖ്, ബുദ്ധ, ജെയ്ന്‍, പാഴ്സി, ക്രിസ്ത്യന്‍ മതങ്ങളില്‍പ്പെട്ടവരെ സംരക്ഷിക്കാന്‍വേണ്ടിയുള്ള ഭേദഗതിയാണിത്. 1947ല്‍ മതപരമായി ഇന്ത്യ വിഭജിക്കപ്പെട്ടു. ഇന്ത്യയും പാക്കിസ്ഥാനും ന്യൂനപക്ഷ വിഭാഗത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇന്ത്യ ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നിന്നപ്പോള്‍ പാക്കിസ്ഥാന് വാക്ക് തെറ്റിച്ചു. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ അടിമകളായി. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ന്യൂനപക്ഷങ്ങളെ ക്രൂശിക്കുന്നതിന് നിയമം പോലും മാറ്റിമറിച്ചു. വലിയ വിഭാഗം ജനങ്ങള്‍ ഭാരതത്തിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നു. ഇവരെ സംരക്ഷിക്കാന്‍ ഭാരതം ബാധ്യസ്ഥരാണ്. കഴിഞ്ഞ 70 വര്‍ഷമായി പാര്‍ലമെന്റില്‍ പല ചര്‍ച്ചകളും ഇവര്‍ക്കായി നടന്നു. എന്നാല്‍, ഇത്തരം നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ല. തന്റേടത്തോടെ പൗരത്വ നിയമം ലോക്സഭയിലും രാജ്യസഭയിലും മോദി സര്‍ക്കാര്‍ അവതരിപ്പിച്ചപ്പോള്‍ ചിലര്‍ എതിര്‍ത്തെങ്കിലും ഭൂരിപക്ഷം ജനങ്ങളും ഒപ്പംനിന്നു.
ഭാരതത്തിലെ ജനങ്ങളുടെ പൗരത്വം കളയുന്നതാണ് പുത്തന്‍ ഭേദഗതിയെന്ന പ്രചാരണം പോലും അപ്രസക്തമായി. പല ഭാഗങ്ങളിലായി നടന്ന അക്രമങ്ങള്‍ തണുത്തു. ഇടത്-ജിഹാദി സംഘടനകളും ചില രാഷ്ട്രീയ പാര്‍ട്ടികളും നടത്തിയ തെറ്റായ പ്രചാരണങ്ങളാണ് രാജ്യത്ത് അക്രമങ്ങള്‍ ഉണ്ടാകാന്‍ കാരണം. രാജ്യത്തിന്റെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ തെരഞ്ഞുപിടിച്ച് അര്‍ഹിക്കുന്ന ശിക്ഷയ്ക്ക് വിധേയരാക്കണം.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയുള്ള കേന്ദ്ര തീരുമാനം അഭിനന്ദനാര്‍ഹമാണ്. ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് രൂപം നല്‍കിയതോടെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് അന്ത്യമാകും. ഈ തീരുമാനത്തില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച എല്ലാ സംസ്ഥാന സര്‍ക്കാരുകളും രാഷ്ട്രീയ പാര്‍ട്ടികളും അഭിനന്ദനം അര്‍ഹിക്കുന്നു. വിഭജനത്തിന്റെ അകമ്പടിയായി ജമ്മുകശ്മീരില്‍ നിലവില്‍വന്ന ആര്‍ട്ടിക്കിള്‍ 370 ഇന്ത്യന്‍ ജനതയെ കബളിപ്പിക്കുന്നതിന് തുല്യമായിരുന്നു. ആര്‍ട്ടിക്കിള്‍ 370ന്റെ പിന്‍ബലത്തില്‍ പലപ്പോഴായി പ്രത്യേക നിയമങ്ങള്‍ ഭരണഘടനയില്‍ അടിച്ചേല്‍പ്പിക്കേണ്ടി വന്നിട്ടുമുണ്ട്, മറ്റൊരു പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
ജമ്മുവിലെയും ലഡാക്കിലെയും പ്രതിനിധികള്‍ക്ക് രാജ്യനിര്‍മാണത്തില്‍ പങ്കാളികളാകാന്‍ പോലും സാധിച്ചിരുന്നില്ല. പാര്‍ലമെന്റില്‍ ശബ്ദം ഉയര്‍ത്തിയിരുന്നില്ല. തെറ്റായ തീരുമാനങ്ങളും നിയമങ്ങളും ജമ്മുവില്‍ നിലവില്‍വന്നു. തീവ്രവാദ പ്രവര്‍ത്തനം ശക്തമായി. മതപരമായ ചൂഷണങ്ങള്‍ സ്ഥിരം സംഭവമായി. സാമ്പത്തികമായി പിന്നോട്ടുപോ
യ ജമ്മുവിന് പുത്തന്‍ പ്രതീക്ഷകളാണ് കേന്ദ്ര തീരുമാനം നല്‍കുന്നതെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. ഒരു രാജ്യം, ഒരു ജനത എന്ന ആശയം നടപ്പാക്കാനുള്ള ആദ്യ പടിയായി ഇതിനെ കാണാം.
രാമജന്മഭൂമിയില്‍ രാമക്ഷേത്രമെന്നത് ഭാരതജനതയുടെ അഭിമാനമാണ്. 2019 നവംബര്‍ ഒമ്പതിന് സുപ്രീംകോടതിയുടെ ചരിത്ര വിധിയുണ്ടായപ്പോള്‍ രാജ്യമൊന്നാകെ ആ തീരുമാനത്തില്‍ അഭിമാനം കൊണ്ടു. എല്ലാവരെയും മാനിക്കുന്ന തീരുമാനമായിരുന്നു സുപ്രീംകോടതിയുടേത്. ഒരു മതത്തിനുമേലെ മറ്റൊരു മതത്തിന്റെ വിജയമായി ഇതിനെ കണക്കാക്കേണ്ട. തീരുമാനം വന്നപ്പോള്‍ പൗരന്മാര് സമാധാനം പാലിച്ചതും ശ്രദ്ധേയമായി, പ്രമേയത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: