റോം :കോവിഡ് 19 മഹാമാരിക്കു മുന്നില്‍ പകച്ച് ലോക രാഷ്ട്രങ്ങള്‍. വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 7000 കവിഞ്ഞു. ഒരുലക്ഷത്തി എണ്‍പതിനായിരത്തില്‍ അധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്. വൈറസ് ബാധയ്ക്ക് തുടക്കം കുറിച്ച ചൈനയില്‍ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞെങ്കിലും മറ്റിടങ്ങളില്‍ രോഗ ബാധ പടര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഇതോടെ അന്താരാഷ്ട്ര തലത്തില്‍ കര്‍ശ്ശന നിയന്ത്രണങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. ഇറ്റലിക്ക് പിന്നാലെ ഫ്രാന്‍സും ജനങ്ങള്‍ പുറത്തിറങ്ങുന്നത് വിലക്കി. സ്വിറ്റ്സര്‍ലന്‍ഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
യൂറോപ്യന്‍ രാജ്യങ്ങളിലാണ് രോഗം നിയന്ത്രിക്കാന്‍ സാധിക്കാത്ത വിധത്തില്‍ പടര്‍ന്ന് വ്യാപിക്കുന്നത്. ഇറ്റലിയില്‍ ഇന്നലെ മാത്രം 349 പേര് മരിച്ചു. ഇതോടെ മരണസംഖ്യ 2,100 ആയി. രാജ്യത്ത് മരുന്നുകള്‍ക്ക് കടുത്തക്ഷാമമാണ് ഇറ്റലി നേരിടുന്നത്. ലോകരാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ച ഇറ്റലിയില്‍ രക്ഷപ്പെടാന്‍ സാധ്യതയുള്ളവര്‍ക്ക് ചികിത്സ എന്ന രീതിയിലേക്ക് മാറി. ഇതോടെ പ്രായമായവര്‍ കൂട്ടത്തോടെ മരിക്കുന്ന അവസ്ഥയാണ് ഇറ്റലിയില്‍. അടിയന്തരമായി മരുന്ന് വേണമെന്ന ഇറ്റലിയുടെ സഹായ അഭ്യര്‍ത്ഥനയോട് മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഫ്രാന്‍സില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നത് വിലക്കി പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഉത്തരവിറക്കി. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ ഉണ്ടാകുമെന്നും മക്രോണ്‍ പ്രഖ്യാപിച്ചു. പരസ്പര സമ്പര്‍ക്കം ഒഴിവാക്കണമെന്ന് ബ്രിട്ടണും നിര്‍ദേശിച്ചു. ജര്‍മനി ഉല്ലാസ- വ്യാപാര കേന്ദ്രങ്ങള്‍ അടച്ചു. സ്വിറ്റ്സര്‍ലന്‍ഡ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഇതിനിടെ മരുന്നും വാക്സിനും കണ്ടെത്താനുള്ള ഊര്‍ജിത ശ്രമം തുടരുകയാണ്. പരീക്ഷണ വാക്സിന് അമേരിക്കയിലെ ആരോഗ്യ വൊളണ്ടിയര്‍മാരില്‍ കുത്തിവച്ചെങ്കിലും ഫലമറിയാന്‍ ഒരു മാസം കാക്കണം. ഓണ്‍ലൈന്‍ കോവിഡ് ടെസ്റ്റ് ടൂളുമായി ഗൂഗിളും രംഗത്തെത്തി. ആദ്യഘട്ടത്തില്‍ കാലിഫോര്‍ണിയയിലാകും സേവനം ലഭ്യമാവുക. രോഗത്തെ നേരിടുന്ന കാര്യത്തില്‍ രാജ്യങ്ങള്‍ ഐക്യം കാണിക്കുന്നില്ല എന്ന വിമര്‍ശനവും ഉയരുകയാണ്.
സെര്‍ബിയയും ഇതേ വിമര്‍ശനവുമായി രംഗത്തെത്തി. മിക്ക രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് തുടരുകയാണ്. അത്യാവശ്യക്കാരല്ലാത്ത യാതക്കാര്‍ക്ക് യൂറോപ്യന്‍ യൂണിയനും പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: