തൃശൂര്‍: സിപിഎമ്മിലുള്ള ഫാസിസ്റ്റ് ചിന്താഗതിയാണ് വിദ്യാര്‍ത്ഥികളായ അലന് ഷുഹൈബിന്റെയും താഹ ഫസിലിന്റെയും അറസ്റ്റെന്ന് ജനതാദള്‍ ഭാരവാഹികള്‍.
സിപിഎമ്മുമാരായ ഇരുവരെയും മാവോസാഹിത്യം കൈവശം വെച്ചതിനാണ് യുഎപിഎ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത് ജാമ്യമില്ലാതെ അനിശ്ചിതകാലത്തേക്ക് ജയിലിലടച്ചത്. ഇവരുടെ പേരില്‍ മറ്റൊരു കുറ്റവും ഇതുവരെ ആരോപിക്കപെട്ടിട്ടില്ല. സ്വന്തം പാര്‍ട്ടി അണികളെ വിരട്ടി നിര്‍ത്താനാണ് ഈ അറസ്റ്റും യുഎപിഎ ചുമത്തലിലൂടെയും സിപിഎം ശ്രമിക്കുന്നത്. അലനെയും താഹയെയും മോചിക്കുന്നതു വരെ ജനതാദള്‍ സമരരംഗത്ത് ഉറച്ചു നില്ക്കും.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം 14 ദിവസം പിന്നിട്ടു. രാവിലെ 9.30 മുതല്‍ വൈകീട്ട് 5 വരെയാണ് സമരം. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിരാഹാരത്തിനിരിക്കുന്നവരുടെ എണ്ണം കുറച്ചിട്ടുണ്ടെങ്കിലും സാധിക്കുന്നിടത്തോളം സമരം നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് അഡ്വ.മനോജ് ചിറ്റിലപ്പിള്ളി, ഷെബിന്‍ വാഴപ്പിള്ളി, മനോജ് കടമ്പോട്ട്, സുഗതന് മാല്യങ്കര, വി.വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: