കൊടുങ്ങല്ലൂര്‍: ചരിത്രത്തിലാദ്യമായി പ്രസിദ്ധമായ കൊടുങ്ങല്ലൂര്‍ മീനഭരണി മഹോത്സവം അനിശ്ചിതാവസ്ഥയിലാകുന്നു. ശാക്തേയ ഉപാസകരുടെ പ്രധാന അനുഷ്ഠാനങ്ങള്‍ നടക്കുന്ന മീനഭരണി മഹോത്സവം ആദ്യമായാണ് പ്രതിസന്ധിയിലാകുന്നത്.
ഭരണി മഹോത്സവം ചടങ്ങുകളിലൊതുക്കുമെന്ന് ബന്ധപ്പെട്ടവര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും സ്ഥിതി നിയന്ത്രണാതീതമാകുവാനാണ് സാധ്യതയെന്ന് വിലയിരുത്തുന്നത്. എല്ലാം മറന്ന് ദേവിയെ വണങ്ങാന്‍ വ്രതംനോറ്റ് വര്ഷത്തിലൊരിക്കലെത്തുന്ന കോമരങ്ങളെ നിയന്ത്രിക്കല്‍ വലിയ വെല്ലുവിളിയാകും.
കൂടാതെ മറ്റു പല ക്ഷേത്രങ്ങളിലേയും പോലെ എത്തുന്ന ഭക്തരെ പരിശോധനക്കു വിധേയരാക്കുന്നതും ശ്രീകുരുംബക്കാവില്‍ പ്രായോഗികമല്ല .നാലു വശവും തുറന്നു കിടക്കുന്ന ക്ഷേത്രാങ്കണത്തിലേക്ക് ഭക്തജനങ്ങള്‍ പ്രവഹിക്കുന്ന ദൃശ്യമാണ് ഭരണിനാളുകളില്‍ കാണുന്നത്. പുതിയ സാഹചര്യം കൊടുങ്ങല്ലൂരിലെ വ്യാപാരികളുടെ സാമ്പത്തികസ്ഥിതിയേയും കാര്യമായി ബാധിച്ചിട്ടുണ്ട്.
ഭരണി മഹോത്സവക്കാലം ഹോട്ടല്‍ വ്യവസായവുമായി ബന്ധപ്പെട്ടവര്‍ക്ക് കൊയ്ത്തുകാലമായിരുന്നു. ക്ഷേത്രമൈതാനിയില്‍ താല്‍ക്കാലിക ഷെഡുകള്‍ കെട്ടി വ്യാപാരം നടത്തിയിരുന്നവരും ഇപ്പോള്‍ പ്രതിസന്ധിയിലാണ്.
നാലു ലക്ഷത്തോളം രൂപക്കാണ് കാവിലെ തറപ്പാട്ടം ലേലത്തിന് പോയത്. ലേലമെടുത്തവരും പ്രതിസന്ധിയെ എങ്ങിനെ നേരിടുമെന്ന ചിന്തയിലാണ്. അതേ സമയം എല്ലാ നിയന്ത്രണങ്ങളേയും ദേദിച്ച് ആയിരങ്ങള്‍ ശ്രീകുരുംബക്കാവിലെത്തുമെന്നു കരുതുന്നവരുമുണ്ട്. മീനഭരണി മഹോത്സവത്തിന് തുടക്കം കുറിച്ച് കോഴിക്കല്ല് മൂടല്‍ 20ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: