കോഴിക്കോട്: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവരെ ആശയക്കുഴപ്പത്തിലാക്കി കേരള പിഎസ്സി.
അപേക്ഷ ക്ഷണിച്ചപ്പോള്‍ ആവശ്യപ്പെട്ട യോഗ്യതയില്‍ നിന്ന് വ്യത്യസ്തമായ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനാണ് പിഎസ്എസി നിര്‍ദ്ദേശിച്ചിരിക്കുന്നത്. സര്‍ക്കാര്‍ പ്രസിദ്ധീകരണ വിഭാഗം അല്ലെങ്കില്‍ ദിനപത്രത്തിന്റെയോ വാര്‍ത്താ ഏജന്‍സിയുടെയോ പ്രചാരണ വിഭാഗം എന്നിവിടങ്ങളില്‍ ജോലി ചെയ്ത രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, അപേക്ഷ ക്ഷണിച്ചപ്പോള്‍ സര്‍ക്കാര്‍ പ്രചാരണവിഭാഗം, സ്വകാര്യ സ്ഥാപനത്തിന്റെയോ സംഘടനയുടെയോ പ്രചാരണ വിഭാഗം, ദിനപത്രത്തിലോ വാര്‍ത്താ ഏജന്‍സിയിലോ എഡിറ്റോറിയല്‍ വിഭാഗത്തില്‍ ജോലി ചെയ്ത രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് യോഗ്യതയായി പറഞ്ഞിരുന്നത്. അപേക്ഷയില്‍ ഉണ്ടായിരുന്ന എഡിറ്റോറിയല്‍ വിഭാഗം എന്നുള്ളത് ഇപ്പോള്‍ പ്രചാരണ വിഭാഗം എന്നായി മാറിയിരിക്കുകയാണ്. ഈ മാറ്റം അപേക്ഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. എങ്ങനെയാണ് ഇത്തരത്തില്‍ മാറ്റം വരുത്തിയതെന്ന് വ്യക്തമല്ല.
2017 നവംബര്‍ 30ന് കാറ്റഗറി നമ്പര്‍ 534/2017 ആയാണ് പിഎസ്എസി അപേക്ഷ ക്ഷണിച്ചത്. എട്ടു ഒഴിവുകളാണുണ്ടായിരുന്നത്. ബിഎ, ബിഎസ്സി, ബികോം എന്നിവയില്‍ ഏതെങ്കിലും ബിരുദം. രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. വാര്‍ത്താ ബുള്ളറ്റിനുകളും ഹാന്ഡ്ഔട്ടുകളും തയാറാക്കുന്നതിലുള്ള പരിചയം എന്നിവയായിരുന്നു യോഗ്യതകള്‍. എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്ന് നേരിട്ടുള്ള നിയമനം നടത്തുമെന്നുമായിരുന്നു അറിയിപ്പ്. എന്നാല്‍, അപേക്ഷകരുടെ എണ്ണം പ്രതീക്ഷിച്ചതിലും വര്‍ധിച്ചതോടെ അപേക്ഷരില്‍ നിശ്ചിത യോഗ്യതയില്ലാത്തവരുണ്ടെന്ന നിഗമനത്തിലെത്തി പിഎസ്സി. 2018 ഓഗസ്റ്റ് അഞ്ചിന് പരീക്ഷ നടത്തിയെങ്കിലും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നില്ല.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റും വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാനാണ് ഇപ്പോള്‍ പിഎസ്സി നിര്‍ദേശിച്ചിരിക്കുന്നത്. യോഗ്യതയും വയസ്സും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. മാര്‍ച്ച് 26 ആണ് രേഖകള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യേണ്ട അവസാന തീയതി. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി യാത്രകള്‍ വരെ മാറ്റിവയ്ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുള്ള സാഹചര്യത്തില്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കായി വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും കയറിയിറങ്ങേണ്ട അവസ്ഥയാണ് അപേക്ഷകര്‍ക്ക്. പിഎസ്സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ച സാഹചര്യത്തില്‍ അപ്ലോഡ് ചെയ്യേണ്ട തീയതി നീട്ടിനല്‍കുമെന്ന പ്രതീക്ഷയിലാണ് അപേക്ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: