ഏതു കാര്യത്തേയും പഠിക്കണമെങ്കില്‍, അപഗ്രഥിക്കണമെങ്കില്‍, ശരിയായ നിഗമന (അറിവില്‍)ത്തില്‍ എത്തണമെങ്കില്‍ അതാതിനു യോജിച്ചതും അതേ സമയം അനുഭവത്തിനും യുക്തിക്കും നിരക്കുന്നതുമായ ഒരു സമീപനരീതി (methodology) ആവശ്യമാണ്. വിവിധതരത്തിലുള്ള പണികള്‍ ചെയ്യാന്‍ അതാതിനു യോജിച്ചതും ഉപയോഗക്ഷമവുമായ ഉപകരണങ്ങള്‍ വേണമല്ലോ. അപ്പോള്‍ വ്യത്യസ്ത സമൂഹങ്ങളെക്കുറിച്ചു പഠിക്കുമ്പോഴും അതാതിന്റെ തനിമക്കൊത്ത സമീപനരീതി ആവശ്യമാണെന്നു കാണാം. ഹിന്ദുസമൂഹത്തിന്റെ വിവിധവശങ്ങളെക്കുറിച്ചു പഠിക്കാന്‍ പാശ്ചാത്യസമൂഹത്തെക്കുറിച്ചു പഠിക്കാനുപയുക്തമായ സമീപനം പോരാ എന്നും ഇതില്‍ നിന്നും വ്യക്തമാണ്. നമ്മുടെ ഹിന്ദുസമൂഹത്തിന്റെ ഉല്‍പ്പത്തി, വികാസം, പരിണാമം എന്നീ പ്രക്രിയകളുടേയും അവയുടെ ചാലക നിയാമകശക്തികളുടേയും ഹിന്ദുക്കള്‍ തലമുറകളായി അധിവസിച്ചു പോരുന്ന ഭാരതഖണ്ഡം ഒരുക്കിത്തന്ന ഭൗതികസാഹചര്യത്തിന്റെയും പശ്ചാത്തലത്തിലേ ഹിന്ദുതനിമയെ അറിയാന്‍ കഴിയൂ. അതിന്റെ അടിസ്ഥാനത്തിലുരുത്തിരിഞ്ഞ ഹിന്ദുആചാരാനുഷ്ഠാനങ്ങളുടെ പഠനവും അപ്പോഴേ സാര്‍ത്ഥകമാകൂ. ഈ ഭൂഖണ്ഡം ഭൂമിശാസ്ത്രം, കാലാവസ്ഥ മുതലായ ഭൗതികമാനദണ്ഡങ്ങളനുസരിച്ച് ലോകത്തിലെ ഇതരപ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ഇതരദേശങ്ങളോട് താരതമ്യം ചെയ്യുമ്പോള്‍ അതാതുദേശങ്ങളില്‍ പ്രത്യേകം പ്രത്യേകം ആയി അനുഭവപ്പെടുന്ന മേല്‍പ്പറഞ്ഞ ഭൗതികമാനങ്ങളെല്ലാം തന്നെ ഈ ഒരൊറ്റ ഭൂഖണ്ഡത്തിലൊരുമിച്ചു കാണാന്‍ കഴിയും. തന്മൂലം സസ്യ, മൃഗവൈവിധ്യങ്ങളും മറ്റെങ്ങുമില്ലാത്ത തരത്തില്‍ ഇവിടെ കാണാം (Radha Kumud Mookerji, The Fundamental Untiy of India). വേഷം, ഭൂഷാ, ഭാഷാ മുതലായ മാനുഷികമാനങ്ങളേയും ഭൗതികസാഹചര്യം സ്വാധീനിക്കുന്നുണ്ട്. വികാരവിചാരങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും ഇതിന്റെ സ്വാധീനം കാണാം. അതായത് ഭാരതത്തിന്റെ ഭൗതികസാഹചര്യം വൈവിധ്യത്തിനെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഈ ഭൂഖണ്ഡത്തിന്റെ മറ്റൊരു ഭൗതികമായ പ്രത്യേകത പ്രകൃതിദത്തമായ ഇതിന്റെ അതിരുകളാണ്. വ്യക്തതയാര്‍ന്ന ഈ അതിരുകള്‍ ആസേതുഹിമാലയം എന്ന ഏകതാബോധം ആരിലും സഹജമായുണര്ത്തും.
ഭാരതത്തിന്റെ ഭൗതികസാഹചര്യം മൊത്തത്തില്‍ വെളിവാക്കുന്ന ഈ വൈവിധ്യാന്തര്‍ഗത ഏകാത്മത എന്ന ബോധം (അതാണ് ഹിന്ദുതനിമ)ഹിന്ദുസമൂഹത്തിന്റെ മേല്‍പ്പറഞ്ഞ ഉല്‍പ്പത്തി, വികാസം, പരിണാമം എന്നീ പ്രക്രിയകളേയും അവയുടെ ചാലക നിയാമകശക്തികളേയും ആഴത്തില്‍ സ്വാധീനിച്ചു. അതിനു കാരണം പ്രാചീനശിലായുഗം മുതല്‍ സി. ഇ ആറാം നൂറ്റാണ്ടിന്റെ പകുതി വരെ, അതായത് പേഴ്സ്യയിലെ സൈറസ്സിന്റെ ആക്രമണം (558530 സി. ഇ) വരെയുള്ള (ഇതിനു ശേഷമാണ് ഡേറിയസ്സും തുടര്‍ന്ന് അലക്സാണ്ഡറും വടക്കെ അതിരുകളില്‍ ആക്രമിക്കുന്നത് (An Advanced History of India by R. C. Majumdar, H. C. Raychaudhuri & Kalikinkar Dutta, 1973) സുദീര്‍ഘമായ കാലഘട്ടത്തില്‍ ഹിന്ദുക്കള്‍ ഒരു തരത്തിലുമുള്ള ബാഹ്യശക്തികളുടെ ഇടപെടലിനെ നേരിട്ടിട്ടില്ല; അതേ സമയം ആസേതുഹിമാചലം കരകടല്‍ മാര്‍ഗങ്ങളിലൂടെ അവര്‍ പരസ്പരം എല്ലാ തരത്തിലും ഇടകലരുകയും ചെയ്തു (ഇതിന് ഇന്നു ധാരാളം തെളിവുകള്‍ പുരാവസ്തുശാസ്ത്രവും മറ്റും നല്‍കുന്നുണ്ട്) എന്നതാണ്. ഈ വളരെ നീണ്ട കാലഘട്ടത്തിലെ ഹിന്ദുസാമൂഹ്യജീവിതത്തിലെ ഒരു സുപ്രധാനനാഴികക്കല്ലാണ് സിന്ധുസരസ്വതീ നാഗരികത. സാമൂഹ്യജീവിതത്തിന്റെ വനം, ഗ്രാമം, പുരം എന്ന മൂന്നു തരം ആവാസവ്യവസ്ഥ (habitat) കളുടെയും സംഗമഭൂമിയായി അതിനെ കാണാം. ഈ നാഗരികതയ്ക്കു സമാനവും സമകാലികവുമായ നാഗരികതകള്‍ ഈ ഭാരതഖണ്ഡത്തിന്റെ നാനാഭാഗത്തും നിലനിന്നിരിക്കാം. തമിഴകത്തെ കീഴടിയില്‍ ഇത്തരമൊരു നാഗരികതയെ കണ്ടെത്തിയല്ലോ. മാത്രമല്ല, കേരളത്തിലെ എടയ്ക്കല്‍ ഗുഹയില്‍ നിന്നും മറ്റും കണ്ടെത്തിയ രേഖാചിത്രങ്ങള്‍ക്ക് സൈന്ധവലിപികളുമായുള്ള സാദൃശ്യത്തെ ലിപിപണ്ഡിതന്മാര് വെളിവാക്കുന്നു. പുരാവസ്തുശാസ്ത്രം വഴി ഇന്നു ലഭ്യമായ തെളിവുകള്‍ (Dilip K.Chakrabarti, India An Archaeological History) വിരല്‍ ചൂണ്ടുന്നത് അത്തരമൊരു സാധ്യതയിലേക്കാണ്. ഈ ഭൂഖണ്ഡമെമ്പാടും വലിയതോതില്‍ ശാസ്ത്രീയമായ ഉത്ഖനനം നടത്തുമ്പോഴേ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാകൂ. ഇന്ന് സിന്ധുസരസ്വതീ തടങ്ങളില്‍ വിളഞ്ഞ നാഗരികതയില്‍ മാത്രം ഊന്നിയാണ് ഹിന്ദുസമൂഹത്തിന്റെ അതിപ്രാചീനകാലത്തെക്കുറിച്ചു പണ്ഡിതന്മാര് പഠനം നടത്തിവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: