ഇടുക്കി: ആശങ്ക വിട്ടുമാറുന്നില്ല, ഇടുക്കിയില്‍ ഭൂചലനം തുടരുന്നു, പരിഭ്രാന്തരായി ജനങ്ങള്‍. നെടുങ്കണ്ടം പ്രഭവ കേന്ദ്രമായി 10 ചലനങ്ങള്‍ ഉള്‍പ്പെടെ 16 ചലനങ്ങള്‍ രണ്ട് ദിവസത്തിനിടെ മാത്രം രേഖപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ 9:46ന് റിക്ടര്‍ സ്കെയിലില്‍ 2.8 രേഖപ്പെടുത്തിയതാണ് ഏറ്റവും ശക്തമേറിയ ചലനം. ഇതിന്റെ മുഴക്കം 70 സെക്കന്റോളം നീണ്ട് നിന്നു. രാവിലെ 7.05നാണ് ആദ്യ ചലനം അനുഭവപ്പെട്ടത്.
ശനിയാഴ്ച പുലര്‍ച്ചെ 12.47ന് രേഖപ്പെടുത്തിയ ചലനത്തിന്റെ തീവ്രത 1.3 രേഖപ്പെടുത്തി. ഇതിന്റെ പ്രഭാവ കേന്ദ്രം നെടുകണ്ടത്തിന് സമീപമാണ്. അടുത്തടുത്ത സമയങ്ങളില്‍ നാല് ചലനങ്ങളാണ് ഉണ്ടായത്. അവസാന ചലനം പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷവും. വെള്ളിയാഴ്ച കട്ടപ്പന, കുമളി, നെടുങ്കണ്ടം, പുളിയന്മല, കാഞ്ചിയാര്‍, ഉപ്പുതറ, കമ്പംമെട്ട്, രാജാക്കാട്, വാഗമണ്‍ എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
നെടുങ്കണ്ടം മേഖലയില്‍ മാത്രം അഞ്ച് വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി. ചോറ്റുപാറയിലെ ഭൂകമ്പമാപനി കേന്ദ്രത്തിന്റെ ഭിത്തിക്കും വിള്ളലുണ്ടായി. ഫെബ്രുവരി 27നാണ് ഇടുക്കി ഡാംടോപ്പ് പ്രഭവകേന്ദ്രമായി ജില്ലയില്‍ ആദ്യ ചലനമുണ്ടായത്. ഇത് ഭൂകമ്പമാപിനിയില്‍ 2.1 തീവ്രത രേഖപ്പെടുത്തി. തുടര്‍ന്ന് 28, മാര്‍ച്ച് 4 എന്നിങ്ങനെ ഇന്നലെ വരെ 40 ചെറുതും വലുതുമായ തുടര്‍ചലനങ്ങളാണ് ഉണ്ടായത്. തുടര്‍ ചലനങ്ങളിലെ പ്രഭവകേന്ദ്രങ്ങള്‍ ഇടുക്കി ഡാംടോപ്പ്, പത്താം മൈല്‍, നെടുങ്കണ്ടം എന്നിവയാണ്. ഡിജിറ്റല്‍ ഭൂകമ്പമാപിനിയുടെ കുറവ് മൂലം 1.3 തീവ്രതയില്‍ കുറവ് രേഖപ്പെടുത്തിയ ചലനങ്ങളില്‍ പലതും രേഖപ്പെടുത്താനുമായിട്ടില്ല.
ഇടുക്കി കേന്ദ്രമായി 1988 ജൂണ്‍ 07ന് രണ്ടു ഭൂകമ്പങ്ങളുണ്ടായിരുന്നു. 4.5, 4.1 എന്നിങ്ങനെയായിരുന്നു ഇവയുടെ തീവ്രത. തൊട്ടടുത്ത ദിവസം 3.4 ശക്തിയുള്ള മറ്റൊരു ഭൂകമ്പവും ഇവിടെ ഉണ്ടായി. 1992 ലും 1198ലും ശക്തമായ ചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ നൂറ്റാണ്ടില്‍ കേരളത്തിലുണ്ടായ ഏറ്റവും തിവ്രത ഏറിയ ചലനം 2000 ഡിസംബര്‍ 12ന് ഇടുക്കിക്ക് അടുത്ത് മേലുകാവില്‍ കേന്ദ്രമായി ഉണ്ടായതാണ്. റിക്ടര്‍ സ്കെയിലില്‍ 5 ആയിരുന്നു ഇതിന്റെ തീവ്രത.
ഭയപ്പെടുത്തി മുഴക്കം
ഭൂമിയ്ക്കുള്ളിലെ ശിലാഫലകങ്ങള്‍ തമ്മില്‍ അകലുന്നത് മൂലം ഉണ്ടാകുന്ന കൂട്ടിയിടിയാണ് നമ്മുക്ക് ഭൂമി കുലുക്കം അഥവ ഭൂചലനമായി അനുഭവപ്പെടുന്നത്. നിലവില്‍ ഉണ്ടാകുന്നത് ഇവയ്ക്കിടയിലെ മര്‍ദം പുറന്തള്ളുമ്പോള്‍ ഉണ്ടാകുന്ന മുഴക്കത്തോട് കൂടിയ ചെറിയ ചലനമാണ്. അതേ സമയം വലിയ ശബ്ദത്തോടെ മുഴക്കം ഉണ്ടാക്കുന്നതാണ് ജനത്തെ ഭയപ്പെടുത്തുന്നത്. ഇത് 20 സെക്കന്റ് മുതല്‍ ഒരു മിനിറ്റ് വരെ നീണ്ട് നില്‍ക്കുന്നുമുണ്ട്.
ഇടുക്കി പ്രേരിത ചലന മേഖല
തുടര്‍ ഭൂചലനങ്ങള്‍ക്ക് കാരണം ഇടുക്കി സംഭരണിയിലെ വെള്ളമല്ലെന്ന്് ഡാം സേഫ്റ്റി വിഭാഗം വാദിക്കുന്നു. ഏറെ കാലങ്ങള്‍ക്ക് ശേഷം 2018ല്‍ ജലനിരപ്പ് 98% വരെ എത്തിയിരുന്നു. ആ സമയത്തൊന്നും ചെറിയ ചലനം പോലും ഉണ്ടായിട്ടില്ല. നിലവില്‍ വെള്ളം കൂടുതല്‍ ഉണ്ടെങ്കിലും മുന്‍ വര്‍ഷത്തേതില്‍ നിന്ന് കാര്യമായ വ്യത്യാസമില്ലെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.
അതേ സമയം ഇടുക്കി ഡാം ഉള്‍പ്പെടുന്ന മേഖല പ്രേരിത ചലന മേഖല ആയാണ് കണക്കാക്കുന്നത്. അതായത് അണക്കെട്ടുകള്‍ മൂലം ചലനമുണ്ടാകുന്ന മേഖല. ഇത്തരം ചലനങ്ങള്‍ കാലക്രമേണ ശക്തികുറഞ്ഞ് ഇല്ലാതായി ആ പ്രദേശം സന്തുലാതാവസ്ഥ പ്രാപിക്കുകയാണ് ചെയ്യുക. കെഎസ്ഇബി ഡാം സേഫ്റ്റി ആന്റ് ഡ്രിപ്പ് ചീഫ് എഞ്ചിനീയര്‍ സുപ്രിയ എസിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം കഴിഞ്ഞ ദിവസം ഇടുക്കി ഡാമില്‍ എത്തി പരിശോധന നടത്തിയിരുന്നു. ഡാം സുരക്ഷിതമാണെന്നും ഇവര്‍ ജന്മഭൂമിയോട് വ്യക്തമാക്കി.
കേന്ദ്ര സഹായം തേടി
ഇടുക്കി തുടര്‍ചലനങ്ങളും ഭൂമിയ്ക്കുള്ളില്‍ നിന്ന് മുഴക്കവും ഉണ്ടാകുന്ന സാഹചര്യത്തില്‍ കെഎസ്ഇബി സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്റെ സഹായം തേടി. ഇക്കാര്യം സിഡബ്ലുസിയെയും നാഷണല്‍ ജിയോ ഫിസിക്കല്‍ ലാബോററ്റിയെയും അറിയിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇവിടെ നിന്നും വിദഗ്ധരെത്തി പഠനം നടത്തിയ ശേഷമെ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂ.
അതേ സമയം സംസ്ഥാനത്തുണ്ടാകുന്ന ചെറു ചലനങ്ങളുടെ വെളിച്ചത്തില്‍ ഇവ സംബന്ധിച്ച് അടിയന്തര പഠനം നടത്തുവാനും പുതിയ സ്റ്റേഷന് കേരളത്തില്‍ സ്ഥാപിക്കാനും കേന്ദ്ര കാലാവസ്ഥ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുള്ളതായി സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് സെല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇടുക്കി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് ഭൂചലനം സംബന്ധിച്ചുള്ള അടിയന്തര കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: