കോട്ടയം: ചെങ്ങളത്തെ കൊറോണ ബാധിതരുടെ വീട്ടില്‍ മണിക്കൂറുകളോളം ചെലവഴിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന് നിരീക്ഷണം ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടമോ ആരോഗ്യവകുപ്പോ നടപടി എടുക്കാത്തതില്‍ പരക്കെ ആശങ്ക. സംഭവമറിഞ്ഞിട്ടും നടപടിയെടുക്കാതെ അധികൃതര്‍ അനാസ്ഥ തുടരുകയാണ്. സംഭവത്തെപ്പറ്റി ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് പ്രതികരിച്ചത്.
കൊറോണ ബാധിതരായ ചെങ്ങളം സ്വദേശികളുടെ വീട്ടില്‍ വാസവന് മണിക്കൂറുകളോളം ചെലവഴിച്ചു. അവരെ കോട്ടയം മെഡിക്കല്‍ കോളേജ് ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത് വാസവനാണെന്ന് സൈബര്‍ സഖാക്കളും പാര്‍ട്ടി പത്രവും വലിയ പ്രചാരണം നല്‍കിയിരുന്നു. രോഗബാധിതരുടെ വീട്ടില്‍ എത്തിയിരുന്നതായി വാസവന് തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാസവന്റെ പ്രവൃത്തിയെ പുകഴ്ത്തി വാര്‍ത്ത നല്കി. ഇത്രയും പ്രചാരം നല്‍കിയിട്ടും ആരോഗ്യ വകുപ്പ് ഇതൊന്നും അറിഞ്ഞില്ലെന്നാണ് പറയുന്നത്.
രോഗബാധിതരുമായി നേരിയ ഇടപെടലുകള്‍ നടത്തിയവര്പോലും നിരീക്ഷണത്തിലാണ്. എന്നാല്‍, രോഗികളോട് അടുത്ത് ഇടപഴകിയ വാസവന്റെ കാര്യത്തില്‍ മൃദു സമീപനമാണ് അധികൃതര്‍ പുലര്‍ത്തുന്നത്. അതിനേക്കാള്‍ ഗൗരവമുള്ള കാര്യം വാസവന് ഒട്ടേറെ പാര്‍ട്ടി പരിപാടികളിലും സ്വകാര്യ ചടങ്ങിലും പങ്കെടുത്തു എന്നതാണ്. വാസവനെ കാണാന്‍ ഓഫീസിലും വീട്ടിലും ഒട്ടേറെ പേര് എത്തിയിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇക്കാലയളവില്‍ അധികവും വാസവനോട് ഇടപെട്ടത്. അവര്‍ ഇപ്പോള്‍ ആകെ പരിഭ്രാന്തിയിലും ആശങ്കയിലുമാണ്. ജില്ല സെക്രട്ടറിയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ അവര്‍ പുറത്തു പ്രതികരിക്കാതെ അമര്‍ഷവും പ്രതിഷേധവും ഉള്ളില്‍ ഒതുക്കുകയാണ്.
മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പല പ്രാവശ്യം വാസവനും സിപിഎം, ഡിവൈഎഫ്ഐ നേതാക്കളും യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ സന്ദര്‍ശനം നടത്തിയതായും ആരോപണമുണ്ട്. മാത്രമല്ല ഐസൊലേഷന്‍ വാര്‍ഡില്‍ വാസവന്റെ ഭരണമാണെന്നും ആക്ഷേപമുണ്ട്. ഈ വാര്‍ഡില്‍ മൂന്ന് ഹെഡ് നേഴ്സും 18 സ്റ്റാഫ് നേഴ്സുമാണ് ജോലിക്കുള്ളത്. ഇവരെല്ലാവരും സിപിഎമ്മിന്റെ പോഷക സംഘടനയായ കെജിഎന്‍എയുടെ പ്രവര്‍ത്തകരോ നേതാക്കളോ ആണ്. ഹെഡ്നേഴ്സുമാരില് മൂന്നുപേരും കെജിഎന്‍എയുടെ നേതാക്കളാണ്. ഇവരെ നിയന്ത്രിക്കുന്നത് വാസവന്റെ ബന്ധുകൂടിയായ ആര്‍എംഒ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: