ഇടുക്കി: വൈദ്യുതി മന്ത്രി എം.എം. മണിയുടെ ഇടപെടലില്‍ കെഎസ്ഇബി ലാന്‍ഡ് മാനേജ്മെന്റ് യൂണിറ്റ് (എല്‍എംയു) ചീഫ് കോ-ഓര്‍ഡിനേറ്ററായി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ നിയമിച്ചു.
സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയും നിലവില്‍ തൊടുപുഴ കരിമണ്ണൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ മുന്‍ ആര്‍ഡിഒ എസ്. രാജീവിനെയാണ് എല്‍എംയു മേധാവിയായി നിയമിച്ചത്. പ്രതിമാസം 75,000 രൂപയാണ് ശമ്പളം. സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന സര്‍വീസ് പെന്ഷന് തുകയ്ക്ക് പുറമെയാണ് പ്രതിമാസം ഇത്ര വലിയൊരു തുക കെഎസ്ഇബി നല്‍കുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷം റിട്ട.ഐഎഎസ് ഉദ്യോഗസ്ഥനെ ലാന്‍ഡ് മാനേജ്മെന്റ് യൂണിറ്റിന്റെ തലപ്പത്തിരുത്തിയിരുന്നു. എന്നിട്ടും കാര്യമായ നടപടികളൊന്നും ഉണ്ടാകാതിരിക്കെയാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച് കെഎസ്ഇബിയുടെ ഉത്തരവും പുറത്തിറക്കി.
വൈദ്യുതി ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയാണ് ലാന്‍ഡ് മാനേജ്മെന്റ് യൂണിറ്റിന്റെ ചുമതല. ലാന്‍ഡ് മാനേജ്മെന്റ് നയരേഖ രൂപീകരിക്കുക, ഭൂമിയുടെ വിവരങ്ങള്‍ തയാറാക്കുക, ഭൂമി സംരക്ഷിക്കാനുള്ള പദ്ധതി തയാറാക്കുക തുടങ്ങിയവയും എല്‍എംയുവിന്റെ ചുമതലയിലാണ്.
ഇടുക്കിയില്‍ മാത്രം വൈദ്യുതി ബോര്‍ഡിന്റെ അഞ്ച് സംഭരണികളുടെ 815 ഏക്കറോളം ഭൂമി കൈയേറ്റം മൂലം നഷ്ടപ്പെട്ടതായി വിജിലന്‍സ് റിപ്പോര്‍ട്ട് നിലവിലുണ്ട്. ഇടുക്കി, ആനയിറങ്കല്‍, കുണ്ടള, കല്ലാര്‍കുട്ടി, മാട്ടുപ്പെട്ടി, സംഭരണികളുടെ മേഖലകളിലാണ് കൈയേറ്റം.
2014ലാണ് റിട്ട. ഐഎഎസ് ഉദ്യോഗസ്ഥന് സി. രഘുവിനെ ചീഫ് കോ-ഓര്‍ഡിനേറ്ററാക്കി കെഎസ്ഇബി എല്‍എംയു രൂപീകരിച്ചത്. 2019 നവംബര്‍ 11ന് ഇദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചു. കഴിഞ്ഞ മൂന്നിന് തിരുവനന്തപുരത്ത് ചേര്‍ന്ന പൂര്‍ണ്ണ സമയ ഡയറക്ടര്‍മാരുടെ യോഗത്തിലാണ് എസ്. രാജീവിനെ കോ-ഓര്ഡിനേറ്ററാക്കാന് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: