ഇടുക്കി: ആശങ്ക വിട്ടുമാറും മുമ്പ് ഇടുക്കിയില്‍ വീണ്ടും ഭൂചലനം. ഇനിയും ചെറു ചലനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കുമ്പോഴും ജനങ്ങള്‍ പരിഭ്രാന്തിയില്‍. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് അവസാന ഭൂചലനമുണ്ടായത്. തീവ്രത 1.3 രേഖപ്പെടുത്തിയ ഇതിന്റെ പ്രഭവ കേന്ദ്രം നെടുങ്കണ്ടത്തിന് സമീപമാണ്. വെള്ളിയാഴ്ച മാത്രം കട്ടപ്പന, കുമളി, നെടുങ്കണ്ടം, പുളിയന്മല, കാഞ്ചിയാര്‍, ഉപ്പുതറ, കമ്പംമെട്ട്, രാജാക്കാട്, വാഗമണ്‍ എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു.
നെടുങ്കണ്ടം പ്രഭവ കേന്ദ്രമായി ആറ് ചലനങ്ങള്‍ ഉള്‍പ്പെടെ 12 ചലനങ്ങള്‍ ശനിയാഴ്ച രേഖപ്പെടുത്തി. രാവിലെ 9.46ന് റിക്ടര്‍ സ്കെയിലില്‍ 2.8 രേഖപ്പെടുത്തിയതാണ് ഏറ്റവും ശക്തമേറിയ ചലനമെന്ന് കെഎസ്ഇബി റിസര്‍ച്ച് ആന്‍ഡ് ഡാം സേഫ്റ്റി വിഭാഗം അധികൃതര്‍ വ്യക്തമാക്കി. ഇതിന്റെ മുഴക്കം 70 സെക്കന്‍ഡോളം നീണ്ടുനിന്നു. രാവിലെ 7.05നാണ് ആദ്യ ചലനം അനുഭവപ്പെട്ടത്.
നെടുങ്കണ്ടം മേഖലയില്‍ മാത്രം അഞ്ച് വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി. ചോറ്റുപാറയിലെ ഭൂകമ്പമാപനി കേന്ദ്രത്തിന്റെ ഭിത്തിക്കും വിള്ളലുണ്ടായി. ഫെബ്രുവരി 27നാണ് ഇടുക്കി ഡാം ടോപ്പ് പ്രഭവകേന്ദ്രമായി ജില്ലയില്‍ ആദ്യ ചലനമുണ്ടായത്. ഇതിന് ഭൂകമ്പമാപിനിയില്‍ 2.1 തീവ്രത രേഖപ്പെടുത്തി. തുടര്‍ന്ന് 28, മാര്‍ച്ച് നാല് എന്നിങ്ങനെ ഇന്നലെ വരെ 37 ചെറുതും വലുതുമായ തുടര്‍ചലനങ്ങളാണ് ഉണ്ടായത്.
ഡിജിറ്റല്‍ ഭൂകമ്പമാപിനിയുടെ കുറവ് മൂലം 1.3 തീവ്രതയില്‍ കുറവ് രേഖപ്പെടുത്തിയ ചലനങ്ങളില്‍ പലതും രേഖപ്പെടുത്താനുമായിട്ടില്ല.
തുടര്‍ ചലനങ്ങളിലെ പ്രഭവകേന്ദ്രങ്ങള്‍ ഇടുക്കി ഡാം ടോപ്പ്, പത്താം മൈല്‍, നെടുങ്കണ്ടം എന്നിവയാണ്. ഇടുക്കി കേന്ദ്രമായി 1988 ജൂണ്‍ ഏഴിന് രണ്ടു ഭൂകമ്പങ്ങളുണ്ടായിരുന്നു. 4.5, 4.1 എന്നിങ്ങനെയായിരുന്നു ഇവയുടെ തീവ്രത. തൊട്ടടുത്ത ദിവസം 3.4 ശക്തിയുള്ള മറ്റൊരു ഭൂകമ്പവും ഇവിടെയുണ്ടായി. ഈ നൂറ്റാണ്ടില്‍ കേരളത്തിലുണ്ടായ ഏറ്റവും തീവ്രത ഏറിയ ചലനം 2000 ഡിസംബര്‍ 12ന് ഇടുക്കിക്ക് അടുത്ത് മേലുകാവിലുണ്ടായതാണ്. റിക്ടര്‍ സ്കെയിലില്‍ അഞ്ച് ആയിരുന്നു ഇതിന്റെ തീവ്രത.
തുടര്‍ ഭൂചലനങ്ങള്‍ക്ക് കാരണം ഇടുക്കി സംഭരണിയിലെ വെള്ളമല്ലെന്ന്് ഡാം സേഫ്റ്റി വിഭാഗം. ഏറെ കാലങ്ങള്‍ക്ക് ശേഷം 2018ല്‍ ജലനിരപ്പ് 98% വരെ എത്തിയിരുന്നു. ആ സമയത്തൊന്നും ചെറിയ ചലനം പോലും ഉണ്ടായിട്ടില്ല.
നിലവില്‍ വെള്ളം കൂടുതല്‍ ഉണ്ടെങ്കിലും മുന്‍ വര്‍ഷത്തേതില്‍ നിന്ന് കാര്യമായ വ്യത്യാസമില്ലെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. അതേ സമയം ഇടുക്കി ഡാം ഉള്‍പ്പെടുന്ന മേഖല പ്രേരിത ചലന മേഖല ആയാണ് കണക്കാക്കുന്നത്. കെഎസ്ഇബി ഡാം സേഫ്റ്റി ആന്‍ഡ് ഡ്രിപ്പ് ചീഫ് എഞ്ചിനീയര്‍ സുപ്രിയ. എസിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം കഴിഞ്ഞ ദിവസം ഇടുക്കി ഡാമിലെത്തി പരിശോധന നടത്തിയിരുന്നു. ഡാം സുരക്ഷിതമാണെന്നും ഇവര്‍ ജന്മഭൂമിയോട് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: