മലപ്പുറം: പക്ഷിപ്പനി സ്ഥിരീകരിച്ച പരപ്പനങ്ങാടി പാലത്തിങ്ങലിന് ഒരു കിലോമീറ്റര്‍ പരിധിയില്‍ കോഴികളെയും താറാവുകളെയും വളര്‍ത്ത് പക്ഷികളെയും കൊന്നൊടുക്കാന്‍ തുടങ്ങി. ആദ്യദിനത്തില്‍ പരപ്പനങ്ങാടി നഗരസഭയിലെ 15, 17, 18, 19 വാര്‍ഡുകളിലാണ് ഒന്‍പത് റാപ്പിഡ് റെസ്പോണ്‍സ് ടീം അംഗങ്ങള്‍ കോഴികളെയും താറാവുകളെയും വളര്‍ത്തുപക്ഷികളെയും കൊല്ലാനാരംഭിച്ചത്.
ഇന്നലെ വിവിധ ഇനത്തില്‍പ്പെട്ട അഞ്ഞൂറോളം എണ്ണത്തെ കൊന്നു. പരപ്പനങ്ങാടി ചിറമംഗലത്തെ 17 ഏക്കറിലുള്ള സര്‍ക്കാര്‍ തെങ്ങിന്‍തൈ ഉത്പാദന കേന്ദ്രത്തില്‍ ഡീസല്‍ ഒഴിച്ച് കത്തിച്ചാണ് അവയെ നശിപ്പിച്ചത്. കത്തിച്ചയിടം റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ നേതൃത്വത്തില്‍ സീല്‍ ചെയ്തു. തുടര്‍ന്ന് റാപ്പിഡ് റെസ്പോണ്‍സ് ടീം അംഗങ്ങള്‍ മമ്പുറത്ത് യോഗം ചേര്‍ന്ന് നടപടികള്‍ അവലോകനം ചെയ്തു.
കോഴികളെയും താറാവുകളെയും കൂട്ടില്‍ നിന്ന് തുറന്നുവിടരുതെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്കി. ഇക്കാര്യം അറിയിക്കാന്‍ നഗരസഭ കൗണ്‍സിലര്‍മാരുടെ സഹായത്തോടെ അതത് പ്രദേശങ്ങളില്‍ വാഹനങ്ങളില്‍ മൈക്ക് അനൗണ്‍സ്മെന്റ് നടത്തി.
റാപ്പിഡ് റെസ്പോണ്‍സ് വിഭാഗത്തിലെ അഞ്ച് പേരടങ്ങുന്ന ഒന്‍പത് സംഘങ്ങള്‍ കോഴികളെ കൊല്ലുന്നതിനും ഒരു സംഘം ചത്ത പക്ഷികളെ സംസ്കരിക്കുന്നതിനുമാണ് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: