ന്യൂദല്‍ഹി: വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ ഇസ്ലാമിസ്റ്റുകള്‍ നടത്തിയ കലാപത്തിന് പിന്നാലെ മുസ്ലിം സംഘടനകള്‍ക്ക് പണം നല്കി പാക്ക് ഭീകര സംഘടനയായ ലഷ്ക്കര്‍ ഇ തൊയ്ബ. കലാപത്തില്‍ ഇരകളായ മുസ്ലീങ്ങളെ സഹായിക്കാനെന്ന പേരിലാണ് ലഷ്ക്കറിന്റെ ‘ജീവകാരുണ്യ’ വിഭാഗമായ ‘ഫലാഹ് ഇ ഇന്‍സാനിയത്ത് ഫൗണ്ടേഷ’നുമായി ബന്ധമുള്ള ഇന്തോനേഷ്യയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒ പണം നല്‍കിയതെന്ന് സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തി. ദുബായ്യില്‍നിന്ന് ഹവാല വഴിയാണ് പണം ഇന്ത്യയിലെത്തിച്ചത്. സംഘടനകളുടെ പേര് പുറത്തുവിട്ടിട്ടില്ല.
കലാപത്തിന് വിദേശ പണം ലഭിച്ചിരുന്നതായി നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയിരുന്നു. അക്രമങ്ങള്‍ക്ക് മുന്‍പായി പണം വിതരണം ചെയ്തതിന് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. മതതീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെതിരെ കള്ളപ്പണം വെളുപ്പിക്കലിനും പണമിടപാടിനും കേസെടുത്തു. 53 പേര് കൊല്ലപ്പെടുകയും മുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കലാപം പാക്ക് ഭീകരസംഘടനകളുടെ സഹായത്തോടെ ആസൂത്രണം ചെയ്തതാണെന്നാണ് ഇതോടെ വ്യക്തമാകുന്നത്.
ഇന്ത്യക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ ലഷ്ക്കറിന്റെ സംഘടനയും കറാച്ചി കേന്ദ്രീകരിച്ചുള്ള സംഘങ്ങളും അന്താരാഷ്ട്രതലത്തില്‍ പ്രചാരണം നടത്തി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്, പൗരത്വ നിയമ ഭേദഗതി, ദല്‍ഹി കലാപം തുടങ്ങിയവ രാജ്യത്തെ മുസ്ലീങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനാണെന്ന പ്രചാരണമാണ് യുകെ, കാനഡ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ ഇവര്‍ നടത്തിയത്. സമൂഹമാധ്യമങ്ങളില്‍ മുസ്ലീങ്ങള്‍ ആക്രമിക്കപ്പെടുന്ന തരത്തിലുള്ള ചിത്രങ്ങളും വിവരങ്ങളും മാത്രമാണ് നല്‍കിയത്.
ഇതുപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ പണം ശേഖരിച്ചു. ഇന്തോനേഷ്യയിലെ സംഘടനയുടെ പ്രതിനിധികള്‍ ദല്‍ഹി സന്ദര്‍ശിക്കാനും പദ്ധതിയിട്ടിട്ടുണ്ട്. ഈ സംഘടനയാണ് ലഷ്ക്കറിന്റെ മാതൃസംഘടനയായ ജമാ അത്ത് ഉദ്ദവയെ ഇന്തോനേഷ്യയിലെ റോഹിങ്ക്യന്‍ ക്യാമ്പുകളിലേക്ക് വ്യാപിപ്പിച്ചത്. ലഷ്ക്കറും റോഹിങ്ക്യന്‍ നുഴഞ്ഞുകയറ്റക്കാരെ തീവ്രവാദവത്കരിക്കാന്‍ ശ്രമിക്കുന്നുണ്ട്. കലാപത്തിലെ ചിത്രങ്ങളും വീഡിയോകളും ജിഹാദികള്ക്കനുകൂലമായി ചില മാധ്യമങ്ങള്‍ നല്കിയ വാര്‍ത്തകളും ഇതിന് ഉപയോഗിച്ചേക്കാമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: