തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി മത്സരിക്കുന്ന ‘നൈന്‍’ മകന്റെ സിനിമയായതുകൊണ്ട് തന്നെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായ അച്ഛന് ജൂറിയില്‍ വേണ്ടെന്ന് തുറന്നടിച്ച മഹേഷ് പഞ്ചുവിനെ അക്കാദമി സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കി.
നേരത്തെ മഹേഷ് പഞ്ചുവിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് അക്കാദമി ചെയര്മാന് കമലും വൈസ് ചെയര്‍ പേഴ്സണ്‍ ബീനാ പോളും സാംസ്കാരിക മന്ത്രി എ.കെ ബാലനെ കണ്ടിരുന്നു.
ചലച്ചിത്ര അക്കാഡമി ചെയര്മാന് കമാലുദ്ദീന്റെ മകന് ജനുസ് മുഹമ്മദിന്റെ നയന്‍ എന്ന ചിത്രം ഇത്തവണ മത്സര രംഗത്തുണ്ട്. അതിനാല്‍ ജൂറി നിര്‍ണയത്തില്‍ ചെയര്മാന് ആധിപത്യം പുലര്‍ത്തുന്നതു ശരിയല്ലെന്ന സെക്രട്ടറിയുടെ വാദമാണ് തര്‍ക്കങ്ങള്‍ക്കു കാരണമായത്. തര്‍ക്കത്തെത്തുടര്‍ന്ന് ചെയര്‍മാനും വൈസ് ചെയര്‍പഴ്സണും ചേര്‍ന്ന് ഒരു ജൂറിയെയും സെക്രട്ടറിയുടെ നേതൃത്വത്തില്‍ മറ്റൊരു ജൂറിയെയും തയാറാക്കിയെങ്കിലും സാംസ്കാരിക വകുപ്പ് രണ്ടും അംഗീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇരുവിഭാഗമായ അക്കാദമിയില്‍നിന്നും സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് കമലും ബീനാപോളും സിബി മലയിലും വകുപ്പു മന്ത്രിയെ കാണുകയായിരുന്നു.
തര്‍ക്കത്തെത്തുടര്‍ന്ന് അവാര്‍ഡു നിര്‍ണയ ജൂറിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. അതിനിടയില്‍ അക്കാഡമിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒരുകൂട്ടം സംവിധായകര്‍ ഹൈക്കോടതിയില്‍ ഹര്‍ജിയും നല്കി. അവരുടെ സിനിമകള്‍ തഴയുകയും ചിലരുടെ താല്പര്യപ്രകാരമാണ് അക്കാദമി പ്രവര്‍ത്തിക്കുന്നതെന്നുമാണ് അവരുടെ പരാതിയിലുള്ളത്. ഇത്തവണ 120 സിനിമകള്‍ ലഭിച്ചെങ്കിലും യോഗ്യതയുള്ളവ 119 മാത്രമാണ്. പ്രവേശന ഫീസ് അടയ്ക്കുകയും അനുബന്ധ രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്യാത്തതിന്റെ പേരില്‍ ഒരു സിനിമ അയോഗ്യമാക്കി.
കഴിഞ്ഞ രാജ്യാന്തരചലച്ചിത്ര മേളക്കു മുന്‍പുതന്നെ അക്കാദമിയില്‍ നടക്കുന്ന അഭിപ്രായ വ്യത്യാസങ്ങളാണ് സെക്രട്ടറിയെ പുത്താക്കുന്ന തലം വരെ കാര്യങ്ങളെ എത്തിച്ചത്. ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ വന്‍തുകക്ക് മാനദണ്ഡങ്ങള്‍ പാലിക്കാതെ വാങ്ങുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് അഭിപ്രായ വ്യത്യാസങ്ങള്‍ അവസാനിപ്പിക്കാന്‍ അക്കാദമിയിലെ ഇരുവിഭാഗവും തയാറായിരുന്നു. അതിനുശേഷം ഇപ്പോള്‍ സംസ്ഥാന ചലച്ചിത്ര പുരസ്കാരനിര്‍ണയ ജൂറിയെ രൂപീകരിക്കുന്ന വിഷയമാണ് പുതിയ തര്‍ക്കങ്ങള്‍ക്കു കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: