ഇസ്ലാമാബാദ്: ലോകത്തെ ഭീതിയിലാഴ്‌ത്തി കൊറോണ വൈറസ് പടരാന്‍ കാരണം ചൈനയിലെ ഭക്ഷണ രീതിയെന്ന് രൂക്ഷ വിമര്‍ശനവുമായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് അക്തര്‍. കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് ലോകരാഷ്‌ട്രങ്ങളെല്ലാം ഭീതിയിലാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അക്തര്‍ ഇക്കാര്യം പറഞ്ഞത്.
ചൈനക്കാര്‍ വവ്വാലിനെയും പട്ടിയെയും പൂച്ചയെയും തിന്നുകയും അവയുടെ രക്തവും മറ്റും കുടിക്കുന്നവരാണ്. അവരുടെ ഈ ഭക്ഷണ ശീലമാണ് ലോകത്തെയാകെ ഇന്ന് കൊറോണ വൈറസ് ബാധയെന്ന പേരില്‍ ലോക രാഷ്‌ട്രങ്ങളെയെല്ലാം മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത്.
130 കോടി ആളുകളാണ് ഇന്ത്യയില്‍ ഉള്ളത്. അവര്‍ക്കിടയില്‍ ആശങ്ക പരത്തിക്കൊണ്ടാണ് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നത്. ഇന്ത്യയില്‍ വൈറസ് ബാധ പടരുന്നതില്‍ ദൈവം രക്ഷിക്കട്ടെ. അതിനായി പ്രാര്‍ത്ഥിക്കുന്നു. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇന്ത്യയിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടിരുന്നു. അവര്‍ക്ക് സൗഖ്യം ആശംസിക്കുന്നതായും അക്തര്‍ പറഞ്ഞു.
വൈറസ് ബാധ അന്താരാഷ്‌ട്ര ക്രിക്കറ്റ് മേഖലയേയും ഐപിഎല്‍, പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ക്രിക്കറ്റിനെയും നിശ്ചലമാക്കിയിരിക്കുകയാണ്. ഇതില്‍ കടുത്ത നിരാശയുണ്ട്. ഇത് കൂടാതെ ആഗോള ടൂറിസം രംഗവും സാമ്പത്തിക മേഖലയും തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. എന്തിനെയും ഭക്ഷിക്കാമെന്നുള്ള ചിലരുടെ ധാരണകള്‍ മാറ്റേണ്ടതാണ്. അന്താരാഷ്‌ട്ര തലത്തില്‍ ഇതിനായി പ്രത്യേകം നിയമം കൊണ്ടുവരണമെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക