തൃശൂര്‍: കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ തൃശൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു. സംസ്ഥാനത്ത് കെഎസ്ആര്‍ടിസി വരുമാനത്തില്‍ തന്നെ മുന്നിലായിരുന്ന ജില്ലയാണ് ഇപ്പോള്‍ ഏറ്റവും താഴേയ്ക്ക് പിന്തള്ളപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ശരാശരി 5 ലക്ഷം രൂപയുടെ കുറവുണ്ടായതായാണ് കണക്ക്. യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ സര്‍വീസുകള്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ജീവനക്കാര്‍. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള ബസ് സര്‍വീസുകള്‍ ഉള്ള ഡിപ്പോയാണ് തൃശൂര്‍.
വിവിധ ജില്ലകളിലേക്കുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ തൃശൂര്‍ വഴിയാണ് കടന്നു പോകുന്നത്. കൊറോണ ഭീതിയില്‍ ഫെബ്രുവരി 15 മുതല്‍ കളക്ഷനില്‍ കുറവുണ്ടായിരുന്നു. എന്നാല്‍, പത്തനംതിട്ടയില്‍ കൊറോണ സ്ഥിരീകരിച്ചതോടെ വരുമാനത്തില്‍ വന്‍ കുറവാണ് ഉണ്ടായതെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ടി.ടി സെബി പറഞ്ഞു.
ദീര്‍ഘദൂര സര്‍വീസുകളിലും ആളുകള്‍ കുറവാണ്. 10,15 ആളുകളുമായാണ് ദീര്‍ഘദൂര സര്‍വീസുകള്‍ പോകുന്നത്. ഇന്നലെ യാത്രക്കാരുടെ എണ്ണം തീര്‍ത്തും കുറവായിരുന്നതായി കണ്ടക്ടര്‍മാര്‍ പറഞ്ഞു. ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, ചാലക്കുടി, മാള, പുതുക്കാട് എന്നി ഡിപ്പോകളിലെ കളക്ഷനിലും കുറവുണ്ടായിട്ടുണ്ട്. പ്രതിദിനം മൂന്നു ലക്ഷം രൂപയുടെ വരുമാനക്കുറവുണ്ട്. ബസുകളില്‍ യാത്രക്കാരില്ലാത്തതിനാല്‍ ഇന്നു മുതല്‍ സര്‍വീസുകള്‍ പുന:ക്രമീരിക്കും. ആളുടെ എണ്ണവും ആവശ്യകതയും അനുസരിച്ചായിരിക്കം സര്‍വീസ് ക്രമീകരിക്കുക.
ദീര്‍ഘദൂര സര്‍വീസുകളുടെ സമയത്തിലും ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ടി.ടി സെബി പറഞ്ഞു. വെള്ളിയാഴ്ച രാത്രി ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തേണ്ട സ്പെഷ്യല്‍ ബസ് വേണ്ടത്ര യാത്രക്കാരില്ലാത്തതിനാല്‍ റദ്ദാക്കി. രണ്ടാം ശനി, ഞായര്‍ അവധിദിവസങ്ങളായതിനാല്‍ ബംഗളൂരുവില്‍ നിന്ന് നിറയെ യാത്രക്കാരുമായി വെള്ളിയാഴ്ച രാത്രി തൃശൂരിലേക്ക് മടങ്ങേണ്ട സര്‍വീസാണിത്. ഞായറാഴ്ച രാത്രി തൃശൂരില്‍ നിന്ന് യാത്രക്കാരുണ്ടെങ്കില്‍ സര്‍വീസ് നടത്തുമെന്നും ടി.ടി. സെബി പറഞ്ഞു.
കെഎസ്ആര്‍ടിസിയുടെ സമീപകാല ചരിത്രത്തില്‍ ഏറ്റവും കുറവു വരുമാനമാണ് ഇപ്പോഴുള്ളതെന്നും പ്രളയകാലത്തുപോലും ഇത്രയേറെ യാത്രക്കാര്‍ കുറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളില്‍ കോവിഡ് ജാഗ്രതാക്യാമ്പയിനുകളും തുടങ്ങിയിട്ടുണ്ട്. യാത്രക്കാരില്‍ ഒരു വിഭാഗം മുന്‍കരുതലായി മാസ്ക് ധരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: