കോഴിക്കോട്: ജില്ലയിൽ പലയിടങ്ങളിലായി പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ കോഴിക്കോട്ട് ചിക്കൻ വിഭവങ്ങൾ താത്ക്കാലികമായി നിരോധിച്ചു. ഇനിമുതല്‍ ഫ്രോസണ്‍ ചിക്കനടക്കം വില്‍ക്കേണ്ടെന്ന് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് തീരുമാനിച്ചു. കോഴിയിറച്ചിക്ക് പുറമെ കോഴിമുട്ടയും ഇനിമുതല്‍ കോഴിക്കോട്ടെ ഹോട്ടലുകളില്‍ ലഭിക്കില്ല.
വൈറസിനെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾക്കൊപ്പം നിൽക്കുമെന്ന് ഹോട്ടൽ ആന്റ് റെസ്റ്റോറൻസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സുഹൈൽ പറഞ്ഞു. ചിക്കന്‍ വിഭവങ്ങള്‍ ഒഴിവാക്കിയതോടെ കച്ചവടം കുറയുമെന്ന ആശങ്കയും ഹോട്ടലുടമകള്‍ക്കുണ്ട്. മട്ടനും ബീഫും സീ ഫുഡും കൊണ്ട് ചിക്കന്റെ കുറവ് നികത്താനാണ് വ്യാപാരികളുടെ ശ്രമം. പേരുകേട്ട കോഴിക്കോടന്‍ ബിരിയാണിയും ചിക്കന്‍ വിഭവങ്ങളും കഴിക്കാനായി മറ്റ് സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ കോഴിക്കോട്ടെക്ക് ഒഴുകിയെത്താറുണ്ട്.
ചിക്കന്‍ വിഭവങ്ങള്‍ നിരോധിച്ചതോടെ ഹോട്ടലുകളില്‍ എത്തുന്നവരുടെ എണ്ണവും കുറയുമെന്ന ആശങ്കയിലാണ് ഉടമകള്‍. കോഴിക്കോട് ജില്ലയില്‍ പക്ഷിപ്പനി കണ്ടെത്തിയ സ്ഥലങ്ങളുടെ ചുറ്റും കോഴി വില്പന നിരോധിച്ചിരുന്നു. കോഴിക്കോട് കോര്പ്പറേഷന് പരിധിയിലും മുക്കം നഗരസഭ , കൊടിയത്തൂര്‍ പഞ്ചായത്ത് തുടങ്ങിയ സ്ഥലങ്ങളിലാണ് ചിക്കന്‍ സ്റ്റാളുകളുടെയും ഫാമുകളുടെയും പ്രവര്‍ത്തനം തടഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസം മലപ്പുറത്ത് നിന്ന് കൊണ്ട് വന്ന ചിക്കന്‍ വ്യാപാരികള്‍ തടയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഹോട്ടലുകളില്‍ നിന്നും ചിക്കന്‍ വിഭവങ്ങള്‍ ഒഴിവാക്കാന്‍ ഉടമകള്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: