മലപ്പുറം: മലപ്പുറത്ത് പരപ്പനങ്ങാടിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പ്രദേശത്തെ കോഴികളേയും വളര്‍ത്തു പക്ഷികളേയും കൊന്നൊടുക്കാന്‍ ആരംഭിച്ചു. പരപ്പനങ്ങാടി പാലത്തിങ്ങലില്‍ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള കോഴികളേയും വളര്‍ത്തു പക്ഷികളേയുമാണ് കൂട്ടത്തോടെ കൊന്നൊടുക്കുന്നത്.
മൂന്നു ദിവസം കൊണ്ട് ദൗത്യം പൂർത്തിയാക്കാനാണ് ടീമിനോട് നിർദേശിച്ചിട്ടുള്ളത്. ആറ് അംഗങ്ങള്‍ ഉള്‍പ്പെടുന്ന പത്ത് റെസ്‌പോണ്‍സ് ടീമുകളാണ് കോഴികളേയും പക്ഷികളേയും കൊന്ന് സംസ്‌കരിക്കുക. ജില്ലാ ഭരണകൂടമാണ് ഇവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നത്. പ്രദേശത്ത് നിന്നും കോഴികളെയും പക്ഷികളെയും മാറ്റുന്നത് തടയാൻ മോട്ടോർവാഹന വകുപ്പും പോലീസും പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ഒരു കാരണവശാലും പക്ഷിപ്പനി ജാഗ്രത മേഖലകളിൽ വളർത്തുന്ന കോഴികളെ മറ്റൊരിടത്തേയ്‌ക്ക് മാറ്റാൻ ശ്രമിക്കരുതെന്നും അങ്ങനെ ചെയ്താൽ നിയമനടപടി നേരിടേണ്ടി വരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ഭോപ്പാലിലെ ലാബിലേക്ക് അയച്ച മൂന്നു സാമ്പിളുകളില്‍ രണ്ടിലും പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പ്രദേശത്തെ മുഴുവന്‍ പക്ഷികളേയും കൊന്നൊടുക്കാന്‍ അടിയന്തിര തീരുമാനമെടുത്തത്.
പാലത്തിങ്ങലിലെ ഒരു വീടിനോട് ചേർന്ന് നടത്തിയിരുന്ന ഫാമിലെ കോഴികൾ ചത്തത് പക്ഷിപ്പനി ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതോടെയാണ് വളർത്തുപക്ഷികളെയും കോഴികളെയും കൊന്നൊടുക്കാൻ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: