ആലപ്പുഴ: കുട്ടനാട്ടില്‍ താറാവ് ചത്തൊടുങ്ങുന്നത് തുടര്‍ക്കഥയായിട്ടും കര്‍ഷകരുടെ ആശങ്ക ഒഴിവാക്കാന്‍ നടപടിയില്ല. പക്ഷിപ്പനി കാരണമല്ലെന്നാണ് പരിശോധനയില്‍ കണ്ടെത്തിയതെങ്കിലും കര്‍ഷകര്‍ ആശങ്കയിലാണ്. റെയ്മറല്ല എന്ന ബാക്ടീരിയ ബാധിച്ചാണ് താറാവുകള്‍ ചത്തതെന്ന് തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗനിര്‍ണയ കേന്ദ്രത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. കണ്ടങ്കരിയില്‍ താറാവുകള്‍ ചത്തത് കരള്‍ തകരാറിലായതിനെ തുടര്‍ന്നാണെന്നും വ്യക്തമായി.
റെയ്മറല്ല മനുഷ്യരിലേക്കു പകരുന്നതല്ല. കരള്‍ പ്രശ്‌നം തീറ്റയില്‍ രൂപപ്പെട്ട ഫംഗസ് മൂലമാകാമെന്നാണ് നിഗമനം. കുട്ടനാട്ടില്‍ വിവിധയിടങ്ങളിലായി ഒരാഴ്ചയ്‌ക്കുള്ളില്‍ നാലായിരത്തിലധികം താറാവുകളാണ് ചത്തത്. താറാവുകള്‍ ചാകുമ്പോള്‍ രോഗകാരണം കണ്ടെത്താന്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയുണ്ട്.
കുട്ടനാട്ടില്‍ വൈറോളജി ലാബ് സ്ഥാപിക്കുമെന്ന പ്രഖ്യാപനം ഇതുവരെ യാഥാര്‍ത്ഥ്യമായില്ല. നേരത്തെ കുട്ടനാട്ടില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതുമൂലം ആയിരക്കണക്കിനു താറാവുകള്‍ ചാകുന്ന സാഹചര്യം പ്രതിരോധിക്കാനാണ് വൈറോളജി ലാബ് സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
2014ല്‍ പക്ഷിപ്പനി ബാധിച്ച് തകര്‍ന്നടിഞ്ഞ കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. നിലവിലെ ഹാച്ചറികള്‍ നവീകരിക്കുമെന്നും പുതിയവ സ്ഥാപിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല.
ദേശീയ നിലവാരത്തിലുള്ള ലബോറട്ടറി കുട്ടനാട്ടില്‍ തന്നെ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. അതുമുണ്ടായില്ല. ശാസ്ത്രീയമായ താറാവ് വളര്‍ത്തലിനുള്ള നടപടി, ആധുനിക സംവിധാനങ്ങളുള്ള ഹാച്ചറി, മാലിന്യസംസ്‌കരണം, താറാവ് ഗവേഷണ കേന്ദ്രം തുടങ്ങി നിരവധി വാഗ്ദാനങ്ങളും ജലരേഖയായി.
മനുഷ്യരിലേക്ക് വരെ രോഗം പടര്‍ത്താന്‍ ശേഷിയുള്ള അപകടകാരികളായ എച്ച്5 എന്‍1 വൈറസുകളുടെ സാന്നിദ്ധ്യമാണ് 2014ല്‍ കണ്ടെത്തിയത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗം ബാധിച്ചവയെ കൂടാതെ രോഗബാധിത പ്രദേശത്തുണ്ടായിരുന്ന മുഴുവന്‍ പക്ഷികളെയും ചുട്ടുകൊല്ലാനായിരുന്നു അന്നത്തെ തീരുമാനം. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ പടര്‍ന്ന രോഗം ഉന്മൂലനം ചെയ്യുന്നതിന് അന്ന് രണ്ട് ലക്ഷത്തിലധികം താറാവുകളെയും ആയിരക്കണക്കിന് കോഴികളെയും ചുട്ടുകൊന്നിരുന്നു. 2016ല്‍ ഇതേ കാലയളവില്‍ കുട്ടനാട്ടില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. എച്ച്5 എന്‍ 8 വൈറസുകളുടെ സാന്നിദ്ധ്യമാണ് കണ്ടെത്തിയത്. ഇത് ഗുരുതരമല്ലാത്തതിനാല്‍ രോഗം ബാധിച്ച താറാവുകളെ മാത്രമാണ് കൊന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: