തൃശൂര്‍: കൊറോണയ്ക്കെതിരെ പേടിയല്ല, ജാഗ്രതയാണ് വേണ്ടതെന്ന് തൃശൂരില്‍ കൊറോണയെ അതിജീവിച്ച പെണ്‍കുട്ടി. ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ അതേപടി പാലിച്ചത് കൊണ്ടാണ് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സാധിച്ചതെന്നും പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
വുഹാനില്‍ നിന്ന് നാട്ടിലെത്തി രോഗം സ്ഥിരീകരിച്ച ശേഷം ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കിടക്കുന്ന സമയത്ത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളൊന്നും അലട്ടിയിരുന്നില്ല. ആശുപത്രി ജീവനക്കാരും ബന്ധുക്കളും വലിയ പിന്തുണയാണ് നല്‍കിയത്. താന്‍ കാരണം മറ്റാര്‍ക്കും രോഗം വരരുതേ എന്ന പ്രാര്‍ത്ഥനയിലും ആശങ്കയിലുമായിരുന്നു. കൊറോണ വൈറസ് ബാധ വുഹാനില്‍ പടരുന്നുണ്ടെന്നറിഞ്ഞെങ്കിലും താന്‍ ഹോസ്റ്റലില്‍ തന്നെയായിരുന്നു. രോഗം പടര്‍ന്ന് പിടിക്കുന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു.
ആദ്യം നാട്ടിലേക്ക് പോകാന്നിശ്ചയിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റി. എന്നാല്‍ അവിടെ നടത്തിയ പരിശോധനയില്‍ രോഗലക്ഷണങ്ങളില്ലെന്ന് ഉറപ്പാക്കിയതോടെ തീരുമാനം മാറ്റി, നാട്ടിലേക്ക് പോരാന്‍ നിശ്ചയിച്ചു. അങ്ങനെ ജനുവരി 24ന് നാട്ടിലെത്തി. നാട്ടിലെത്തിയ അന്നുതന്നെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. വീട്ടില്‍ത്തന്നെ കഴിഞ്ഞു.
എന്നാല്‍ 27നു തൊണ്ടവേദനയും ജലദോഷവും തുടങ്ങിയപ്പോള്‍ ആ വിവരവും അറിയിച്ചു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് എത്തി കൂട്ടിക്കൊണ്ടുപോയി. അത്യാവശ്യം വസ്ത്രങ്ങളും ചില ബുക്കുകളും മാത്രമാണ് കൈയില്‍ കരുതിയത്. ആശുപത്രിയിലെത്തി രണ്ടു മൂന്നു ദിവസം കൊണ്ടു തന്നെ രോഗലക്ഷണങ്ങള്‍ മാറി. അതിനു ശേഷമാണ് വൈറസ് ബാധ സ്ഥിരീകരിച്ച ഫലം ലഭിച്ചത്.
താന്‍ എങ്ങനെ പ്രതികരിക്കുമെന്നു ചിന്തിച്ചിട്ടാകണം നാലു ഡോക്ടര്‍മാര്‍ ഒന്നിച്ചു വന്നാണ് രോഗവിവരം പറഞ്ഞത്. പിന്നീട് അങ്ങോട്ട് പേടിയുടെ നാളുകളായിരുന്നു. ഐസൊലേഷന്‍ വാര്‍ഡില്‍ വൈഫൈ സംവിധാനമുണ്ടായിരുന്നെങ്കിലും ടെന്‍ഷനിലൂടെയായിരുന്നു കടന്നുപോയിക്കൊണ്ടിരുന്നത്. പിന്നീട് ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും പിന്തുണയും സഹകരണവും കൊണ്ട് ടെന്‍ഷന്‍ അകന്നു.
രണ്ടാമത്തെ പരിശോധനാഫലം വന്നപ്പോള്‍ നെഗറ്റീവായതിനാല്‍ പിന്നീടുള്ള ദിവസങ്ങള്‍ സന്തോഷത്തിന്റേതായിരുന്നു. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സമയത്ത് സുഹൃത്തുക്കളുമായും സഹപാഠികളുമായും ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞു. പിന്നീട് ഫോണില്‍ ഒരുപാട് സിനിമകള്‍ കണ്ടു. ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് സമയം ചെലവഴിച്ചു. ചൈനയില്‍ നിന്ന് അധ്യാപകര്‍ ഓണ്‍ലൈനായി ക്ലാസെടുത്തു തുടങ്ങിയപ്പോള്‍ അതിലായി ശ്രദ്ധ. ശരിക്കും ക്ലാസ് മുറിയില്‍ ഇരിക്കുന്ന അനുഭവമായിരുന്നു ഐസൊലേഷന്‍ വാര്‍ഡില്‍. മൂന്നാമത്തെ ഫലവും നെഗറ്റീവായപ്പോള്‍ ആശുപത്രി വിട്ടു. വീട്ടിലെത്തിയെങ്കിലും കനത്ത ജാഗ്രതയിലായിരുന്നു താനും കുടുംബവും.
പുറത്തേക്കൊന്നും ഇതുവരെ ഇറങ്ങിയിട്ടില്ല. ഇനി പതുക്കെ പുറത്തേക്കൊക്കെ ഇറങ്ങണം പെണ്‍കുട്ടി പറയുന്നു. ചൈനയിലെ വുഹാന്‍ സര്‍വകലാശാലയുടെ പടികള്‍ കയറാന്‍ ഇനി നാളുകള്‍ എടുത്തേക്കാം. എങ്കിലും ജൂണ്‍ അവസാനവാരം നടക്കുമെന്നു പ്രതീക്ഷിക്കുന്ന മൂന്നാം വര്‍ഷ എംബിബിഎസ് പരീക്ഷയുടെ ഒരുക്കത്തിലാണ് ഈ പെണ്‍കുട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: