കോട്ടയം: കൊറോണ ബാധിതരായി കോട്ടയം മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ചെങ്ങളം സ്വദേശികളുടെ വീട്ടില്‍പോയി അവരോടൊപ്പം മണിക്കൂറുകളോളം ചെലവിട്ട് മെഡിക്കല്‍ കോളേജിലെത്തിയ സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവനെ നിരീക്ഷണത്തിന് വിധേയനാക്കാത്തതില് പ്രതിഷേധം. ഒരാഴ്ചയോളം ജില്ലയ്ക്കകത്ത് നിരവധി പരിപാടികളില്‍ പങ്കെടുക്കുകയും പാര്‍ട്ടി പ്രവര്‍ത്തകരുള്‍പ്പടെ നിരവധിപേരുമായി അദ്ദേഹം ഇടപഴകുകയും ചെയ്തതിനാല്‍ അവരെല്ലാം ആശങ്കയിലാണ്.
ഇറ്റലിയില്‍ നിന്നുവന്ന പത്തനംതിട്ടസ്വദേശികള്‍ രോഗബാധിതരെന്ന് സൂചന വന്നതോടെയാണ് ഇവര്‍ യാത്ര ചെയ്ത സ്ഥലങ്ങളും ഇവരുമായി ഇടപഴകിയ ആളുകളെയും കണ്ടെത്താനുള്ള ശ്രമം സര്‍ക്കാര്‍ ആരംഭിച്ചത്. അങ്ങനെയാണ് ചെങ്ങളത്തെ ഇവരുടെ ബന്ധുവീട്ടിലേക്ക് അന്വേഷണമെത്തിയത്. വാര്‍ത്ത പുറത്തായതോടെ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന് ഇവരുടെ വീട്ടിലെത്തി മണിക്കൂറോളം ചെലവിട്ടു. വാസവന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ആംബുലന്‍സ് എത്തി ഇവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതെന്ന് പാര്‍ട്ടി പത്രവും സൈബര്‍ സാഖാക്കളും വലിയ പ്രചാരവും നല്കി. ഇവരെ ആശ്വസിപ്പിക്കാനെത്തിയ വാസവനെന്ന അടിക്കുറിപ്പില്‍ ഫോട്ടോയും പ്രചരിപ്പിച്ചു.
ചെങ്ങളം സ്വദേശികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 48 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ത്തന്നെ പരിശോധനയില്‍ ഇവരുടെ റിസള്‍ട്ട് പോസിറ്റീവാണെന്ന് കണ്ടെത്തി. രോഗബാധിതര്‍ സഞ്ചരിച്ച വഴിയില്‍ ഇവര്‍ കയറിയ കടകളിലെ ജീവനക്കാരെ വരെ നിരീക്ഷണത്തിന് വിധേയരാക്കി. ഇവരെ ചികിത്സിച്ച കോട്ടയം തിരുവാതുക്കലെ സ്വകാര്യ ആശുപത്രി അടപ്പിച്ചു. അവിടത്തെ ഡോക്ടറെ ബലമായി നിരീക്ഷണത്തിന് വിധേയനാക്കി. ഇവരുമായി ഇടപഴകിയ ആളുകളെ പോലീസിനെ ഉപയോഗിച്ച് നിരീക്ഷണത്തിന് വിധേയമാക്കി.
നാട്ടിലാകെ യുദ്ധസമാനമായ രീതിയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടും രോഗബാധിതരോടൊപ്പം മണിക്കൂറുകള്‍ ഇരുന്ന വാസവനെ നിരീക്ഷണത്തിന് വിധേയനാക്കാന്‍ ആരോഗ്യ വകുപ്പോ, ജില്ലാ കളക്ടറോ തയാറായിട്ടില്ല. ഇതാണ് ശക്തമായ പ്രതിഷേധത്തിനും ആശങ്കയ്ക്കുമിടയാക്കുന്നത്.
വാസവന് ഇടപെട്ട പാര്‍ട്ടിപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്. കഴിഞ്ഞ ഒരാഴ്ചയായി നിരവധി പാര്‍ട്ടി-പോഷക സംഘടനാ പരിപാടികളില്‍ വാസവന് പങ്കെടുത്തു. സ്വകാര്യ ചടങ്ങുകളിലും അദ്ദേഹമെത്തി. കൂടാതെ അദ്ദേഹത്തെ ഓഫീസില്‍ ചെന്നു കണ്ടവരുമുണ്ട്. ഇവിടങ്ങളിലുള്ളവരെയൊക്കെ നിരീക്ഷണത്തിന് വിധേയമാക്കണമെന്നും ആവശ്യമുയരുന്നു. പാര്‍ട്ടിയിലെ ഒരു വിഭാഗവും ഇക്കാര്യത്തില്‍ വാസവനെതിരെ തിരിഞ്ഞു. ഐസൊലേഷന്‍ വാര്‍ഡില്‍ ഡിവൈഎഫ്ഐക്കാര്‍ ഭക്ഷണപ്പൊതിയുമായി കയറിയത് വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: